Explained: എം.ജി ജോർജ്ജ് മുത്തൂറ്റ് കേരളത്തിലെ ഏറ്റവും ധനികനായി മാറിയത് എങ്ങനെ?
- Published by:Anuraj GR
- news18-malayalam
Last Updated:
51,000 കോടി രൂപയുടെ വിപണി മൂല്യവും 8,722 കോടി രൂപ വാർഷിക വരുമാനവുമുള്ള മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ അമരക്കാരനായിരുന്നു ജോർജ് മുത്തൂറ്റ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ഫിനാൻസ് കമ്പനിയായ മുത്തൂറ്റ് ഗ്രൂപ്പിന്റെ ചെയർമാൻ എം. ജി ജോർജ്ജ് മുത്തൂറ്റ് (72) വെള്ളിയാഴ്ച്ച ന്യൂഡൽഹിയിൽ അന്തരിച്ചു. ഡൽഹിയിലെ ഈസ്റ്റ് കൈലാസിലുള്ള തന്റെ വീടിന്റെ നാലാം നിലയിൽ നിന്ന് ബാലൻസ് നഷ്ടപ്പെട്ട് താഴെ വീണ് മരിച്ചുവെന്നാണ് പൊലീസ് സ്ഥിരീകരണം.
72 വയസ്സുള്ള ജോർജ് മുത്തൂറ്റ് തന്റെ വീടിന്റെ നാലാം നിലയിൽ നിന്ന് വീണുവെന്ന് വെള്ളിയാഴ്ച രാത്രി 9.21ന് അമർ കോളനി പോലീസ് സ്റ്റേഷനിൽ നിന്ന് തങ്ങൾക്ക് വിവരം ലഭിച്ചുവെന്ന് ഡി സി പി ആർ. പി മീന പറഞ്ഞു. ഉടൻ തന്നെ അദ്ദേഹത്തെ ഫോർട്ടിസ് എസ്‌കോർട്ട്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവിടെ വച്ചായിരുന്നു മരണമെന്നുമാണ് വിവരം.
51,000 കോടി രൂപയുടെ വിപണി മൂല്യവും 8,722 കോടി രൂപ വാർഷിക വരുമാനവുമുള്ള മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ അമരക്കാരനായിരുന്നു ജോർജ് മുത്തൂറ്റ്.
advertisement
ആരാണ് ജോർജ്ജ് മുത്തൂറ്റ്?
1949ൽ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് മത്തായി ജോർജിന്റെ മകനായി ജോർജ് മുത്തൂറ്റ് ജനിച്ചത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപകനായ മുത്തൂറ്റ് നൈനാൻ മത്തായിയുടെ ചെറുമകനാണ് ജോർജ് മുത്തൂറ്റ്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഇദ്ദേഹം ഉടൻ തന്നെ കുടുംബ ബിസിനസിൽ ഓഫീസ് അസിസ്റ്റന്റായി ചേർന്നു. 1979ൽ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായി. 1993 ൽ അദ്ദേഹം മുത്തൂറ്റ് ഗ്രൂപ്പിന്റെ ചെയർമാനായി ചുമതലയേറ്റു.
1980 കളുടെ തുടക്കത്തിൽ കുടുംബം രണ്ടായി പിരിഞ്ഞു. സഹോദരങ്ങൾ സ്വത്ത് ഭാഗം വച്ചു. ഇതിന്റെ ഫലമായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഉടലെടുത്തു. കേരളത്തിൽ ഇന്ന് മുത്തൂറ്റ് ഫിനാൻസിന്റെ പ്രധാന എതിരാളികളാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്. ജോർജ്ജ് മുത്തൂറ്റിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാൻസ് കേരളത്തിലെ കൊച്ചി ആസ്ഥാനത്ത് നിന്ന് വ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ വായ്പ കമ്പനിയായി വളർന്നത്.
advertisement
ഇന്ത്യയിലുടനീളം 5,550 ശാഖകളുള്ള മുത്തൂറ്റ് ഫിനാൻസിന്റെ വാർഷിക വരുമാനം 1.3 ബില്യൺ ഡോളറാണ് (2020). 2020 ഡിസംബർ പാദത്തിൽ കമ്പനിയുടെ വായ്പ 56,000 കോടി രൂപയാണെന്ന് പി.ടി.ഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020ൽ ജോർജ്ജ് മുത്തൂറ്റിനെ ഫോബ്‌സ് ഏഷ്യ മാഗസിനിലെ 26-ാമത്തെ സമ്പന്ന ഇന്ത്യക്കാരനായി പ്രഖ്യാപിച്ചു. കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായിയും ജോർജ് മുത്തൂറ്റ് ആണ്.
advertisement
അദ്ദേഹത്തിന്റെ ഇളയ മകൻ പോൾ എം ജോർജ് 2009ൽ ആക്രമികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. അക്കാലത്ത് 32 വയസുള്ള പോൾ എൻബിഎഫ്‌സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ഓഗസ്റ്റ് 22ന് രാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പോൾ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു കൊലപാതകം. വര്‍ഷങ്ങൾക്ക് മുമ്പ് നടന്ന ഈ കൊലപാതകത്തിന്റെ ദുരൂഹത ഇനിയും മാറിയിട്ടില്ല.
“എം ജി ജോർജ്ജ് മുത്തൂറ്റിന്റെ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ നിര്യാണം കമ്പനി ജീവനക്കാർ, ഓഹരി ഉടമകൾ, കുടുംബം, സുഹൃത്തുക്കൾ എന്നിവർക്ക് നികത്താനാവാത്ത നഷ്ടമാണെന്നും കമ്പനിയുടെ എല്ലാ ഡയറക്ടർമാരും ജോലിക്കാരും അദ്ദേഹത്തിന്റെ കുടുംബത്തോട് അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നതായും മുത്തൂറ്റ് ഫിനാൻസ് ശനിയാഴ്ച റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
advertisement
മരണത്തെക്കുറിച്ച്
മരണത്തിൽ ഇതുവരെ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. വീടിനടുത്തുള്ള സിസിടിവികളും പരിശോധിക്കുന്നുണ്ട്. സംഭവം നടക്കുമ്പോൾ ജോർജ്ജ് തനിച്ചായിരുന്നുവെന്നും നാലാം നിലയിൽ നിൽക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നുമാണ് പൊലീസ് വൃത്തങ്ങളിൽ നിന്നുള്ള വിവരം.
Keywords: MG George Muthoot, Muthoot Finance, Richest man in kerala, എംജി ജോർജ് മുത്തൂറ്റ്, മുത്തൂറ്റ് ഫിനാൻസ്, കേരളത്തിലെ ഏറ്റവും ധനികൻ
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 08, 2021 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: എം.ജി ജോർജ്ജ് മുത്തൂറ്റ് കേരളത്തിലെ ഏറ്റവും ധനികനായി മാറിയത് എങ്ങനെ?