Explained: കാവേരി നദീജല തർക്കത്തിൽ പുതിയ അധ്യായം തുറന്ന് മെക്കെഡറ്റു ഡാം; വിശദാംശങ്ങള്‍ അറിയാം

Last Updated:

എഐഎഡിഎംകെയിൽ നിന്നുള്ള എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഡാമിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

Stalin has provided a detailed refutation of Karnataka's claims on the Mekedatu project
Stalin has provided a detailed refutation of Karnataka's claims on the Mekedatu project
കാവേരി നദിയിൽ മെക്കെഡറ്റു പ്രദേശത്ത് പുതിയ ഡാം നിർമ്മിക്കുമെന്ന തീരുമാനവുമായി കർണാടക മുന്നോട്ടു പോകുന്നതോടെ തമിഴ്നാട് - കർണാടക കാവേരി നദീജല പ്രശ്നം പരിഹരിക്കപ്പെടാനാകാതെ നീണ്ടുപോകും എന്നാണ് സൂചന. തമിഴ്നാടിനൊപ്പം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും പുതിയ ഡാം നിർമ്മാണത്തെ എതിർക്കുന്നുണ്ട്. സംസ്ഥാനങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ എങ്ങനെയാണെന്നാണ് താഴെ വിശദീകരിക്കുന്നത്.
എന്താണ് മെക്കഡറ്റു ഡാം പ്രൊജക്ട്
2019ലാണ് രാമനഗര ജില്ലയിലെ മെക്കഡറ്റു പ്രദേശത്ത് ഒരു റിസർവോയർ നിർമ്മിക്കാനുള്ള പ്രൊജക്ടുമായി കർണാടക സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചത്. ബാംഗ്ലൂരിൽ നിന്ന് 90 കിലോമീറ്ററും തമിഴ്നാട് അതിർത്തിയിൽ നിന്ന് 4 കിലോമീറ്ററും അകലെയാണ് മെക്കഡറ്റു സ്ഥിതി ചെയ്യുന്നത്.
900 കോടിയുടേതാണ് പ്രൊജക്ട്. ബാഗ്ലൂരിലേക്ക് ആവശ്യമായ ശുദ്ധജലം ഉറപ്പാക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. കാവേരിയും പോഷക നദിയായ അർക്കാവതിയും കൂടിച്ചേരുന്ന സ്ഥലത്താണ് പദ്ധതി ഉദ്ദേശിക്കുന്നത്. 66,000 ക്യുബിക്ക് അടി സംഭരണ ശേഷിയിൽ നിർമ്മിക്കുന്ന ഡാമിന് 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും സാധിക്കുന്ന രീതിയിലാണ് നിർമ്മിക്കുക.
advertisement
പ്രൊജക്ടുമായി സഹകരിക്കണം എന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്ത് അയക്കുകയും ചെയ്തിരുന്നു. പ്രൊജക്ടിലൂടെ കാവേരിയിൽ നിന്ന് തമിഴ്നാടിന് ലഭിക്കേണ്ട ജലം ലഭിക്കും എന്ന് യെദ്യൂരപ്പ ഉറപ്പു നൽകിയിട്ടുണ്ട്. 'തമിഴ്നാടും കർണാടകയും തമ്മിലുള്ള മികച്ച ബന്ധം തുടരാൻ ബന്ധപ്പെട്ട എല്ലാവരുടെയും താൽപര്യം സംരക്ഷിക്കുന്നതായിരിക്കും പ്രൊജക്ട്. ശരിയായ രീതിയിൽ ആണ് ഇതിനെ നോക്കി കാണുന്നത് എങ്കിൽ തമിഴ്നാട് സർക്കാർ പ്രൊജക്ടിന് എതിർക്കില്ല,' - അദ്ദേഹം പറഞ്ഞു.
advertisement
എന്നാൽ, കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ദശാബ്ദങ്ങളായി ഇരു സംസ്ഥാനങ്ങളും തമ്മിൽ വിശ്വാസ്യത കുറവ് നിലനിൽക്കുന്നതിനാൽ തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ കക്ഷികളും പദ്ധതിയെ എതിർക്കുകയാണ്.
എന്തുകൊണ്ട് പ്രൊജക്ടിനെ തമിഴ്നാട് എതിർക്കുന്നു
മെക്കഡറ്റു ഡാമിലൂടെ തമിഴ്നാടിനും ഗുണം ലഭിക്കും എന്ന കർണാടകയുടെ വാദത്തെ തമിഴ്നാട് തള്ളിക്കളയുന്നു. കർണാടകയിൽ നിന്ന് തമിഴ്നാട്ടിലേക്ക് തടസങ്ങളില്ലാതെ ജലം എത്തുന്ന അവസാനത്തെ ഫ്രീ പോയിന്റാണ് മേക്കഡറ്റു പ്രദേശം എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറയുന്നു. അതിനാൽ ഇവിടെ ഡാം നിർമ്മിച്ചാൽ കാവേരിയിൽ നിന്നും തമിഴ്നാടിന് ആവശ്യമായ ജലം ലഭിക്കാൻ കർണാടകയെ ആശ്രയിക്കേണ്ടി വരുമെന്ന് വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
'പ്രധാനമായും മൂന്ന് ഉറവിടങ്ങളിൽ നിന്നാണ് കർണാടക തമിഴ്നാടിന് വെള്ളം നൽകേണ്ടത്. കബനി നദിയുടെ ഒഴുക്കിന്റെ ദിശയിലുളള മേഖലയിൽ നിന്നുള്ള ജലം, കൃഷ്ണരാജസാഗർ റിസർവോയറിന്റെ നീരൊഴുക്ക് പ്രദേശങ്ങൾ, ഷിംഷ, അർക്കാവതി, സുവർണവതി എന്നീ നദീമേഖലകൾ, മറ്റ് ചെറിയ നദികൾ എന്നിവയാണ് ആദ്യത്തെ ഉറവിടം. കബനി ഡാമിൽ നിന്നും പുറത്ത് വിടുന്ന ജലം രണ്ടാമത്തേതും കൃഷ്ണരാജസാഗർ ഡാമിൽ നിന്നുള്ള ജലം മൂന്നാമത്തെയും ഉറവിടമാണ്. ആദ്യ ഉറവിടത്തിൽ നിന്നുള്ള ജലം മാത്രമാണ് തടസ്സങ്ങളില്ലാതെ തമിഴ്നാടിന് ലഭിക്കുന്നത്. പുതിയ ഡാം നിർമ്മാണത്തിലൂടെ ഇത് തടസ്സപ്പെടുത്താനാണ് കർണാടക ശ്രമിക്കുന്നത്,' - സ്റ്റാലിൻ വിശദീകരിക്കുന്നു.
advertisement
എങ്ങനെയാണ് ഡാം നിർമ്മാണം നദീജല തർക്കത്തിലെ പുതിയ അധ്യായമാകുന്നത്
കാവേരി നദീജല തർക്കം രണ്ട് സംസ്ഥാനങ്ങളും രൂപപ്പെടുന്നതിന് മുമ്പേ തുടങ്ങിയതാണ്. ബ്രീട്ടീഷ് ഭരണത്തിന് കീഴിലുള്ള മദ്രാസ് പ്രസിഡൻസിയും രാജഭരണത്തിലുളള മൈസൂർ സ്റ്റേറ്റും തമ്മിൽ 1892ലാണ് ആദ്യ തർക്കം ഉടലെടുത്തത്. മൈസൂർ സ്റ്റേറ്റ് കാവേരി നദിയിൽ ജലസേചന പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇന്നത്തേതിന് സമാനമായി മൈസൂർ സ്റ്റേറ്റ് ഡാം നിർമ്മിച്ചാൽ കാവേരി നദിയിലെ സിംഹഭാംഗം ജലവും അവർ ഉപയോഗപ്പെടുത്തുകയും മദ്രാസ് മേഖലക്ക് ആവശ്യമായ ജലം ലഭിക്കില്ല എന്ന ആശങ്കയായിരുന്നു അന്നും പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.
advertisement
1922ൽ ഇരു സംസ്ഥാനങ്ങൾക്കും നിശ്ചിത അളവിലുള്ള ജലം നൽകും എന്ന ഉടമ്പടിയിൽ തർക്കം പരിഹരിക്കപ്പെടുകയും കൃഷ്ണരാജസാഗർ ഡാം ഉയരുകയും ചെയ്തു. 50 വർഷമായിരുന്നു ഈ ഉടമ്പടിയുടെ കാലയളവ്. ഇത് അവസാനിച്ചതോടെ കാവേരിയിലെ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ട്രിബ്യൂണൽ രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കേന്ദ്രത്തെ സമീപിച്ചതോടെ തർക്കം വീണ്ടും സജീവമായി. 1990 ൽ ട്രിബ്യൂണൽ രൂപീകരിക്കുകയും 2007ൽ ജലം എങ്ങനെ പങ്കുവെക്കണം എന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുകയും ചെയ്തു. 419 ടിഎംസി അടി തമിഴ്നാടിനും 270 ടിഎംസി അടി കർണാടകക്കും 30 ടിഎംസി അടി കേരളത്തിനും 7 ടിഎംസി അടി പുതുച്ചേരിക്കും നൽകണം എന്നാണ് ട്രിബ്യൂണൽ വിധിച്ചത്. മഴ കുറവായ വർഷം ആയതിനാൽ എല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കുന്ന വിഹിതം അന്ന് കുറച്ചിരുന്നു.
advertisement
തമിഴ്നാടിനും കർണാടകക്കും ട്രിബ്യൂണൽ തീരുമാനത്തിൽ തൃപ്തി ലഭിച്ചില്ല. ഇതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ വ്യാപക സംഘർഷങ്ങളും ഉണ്ടായി. പിന്നീട് വിഷയം സുപ്രീംകോടതിയിൽ എത്തി. 2018ൽ തമിഴ്നാടിന്റെ പങ്കിൽ നിന്ന് 14.74 ടിഎംസി അടി കർണാടകക്ക് നൽകാൻ സുപ്രീം കോടതി വിധിച്ചു. ഇതോടെ തമിഴ്നാടിന്റെ വിഹിതം 404.25 ടിഎംസി അടിയായി കുറയുകയും കർണാടകയുടേത് 284.75 ആയി ഉയരുകയും ചെയ്തു. കേരളത്തിനും പുതുച്ചേരിക്കും നൽകുന്ന വിഹിതത്തിൽ കോടതി മാറ്റം വരുത്തിയില്ല.
നിലവിലെ സാഹചര്യം ഇങ്ങനെ
മെക്കഡറ്റു ഡാം സബന്ധിച്ച് ഇരു സംസ്ഥാനങ്ങൾക്കും അവരുടേതായ ന്യായങ്ങളുണ്ട്. ഡാം നിർമ്മാണവുമായി മുന്നോട്ട് പോകാൻ എല്ലാ അവകാശവും ഉണ്ട് എന്നാണ് കർണാടകയുടെ വാദം. ഡാം നിർമ്മാണത്തിന് അനുമതി നൽകരുത് എന്ന് തമിഴ്നാട് കേന്ദ്രത്തോടും ആവശ്യപ്പെടുന്നു. സ്റ്റാലിൽ വിളിച്ചു ചേർത്ത സംസ്ഥാനത്തെ മുഴുവൻ പാർട്ടി നേതാക്കളുടെ യോഗവും ഡാം നിർമ്മാണത്തെ എതിർക്കണമെന്നാണ് തീരുമാനിച്ചത്. മുഴുവൻ പാർട്ടികളുടെയും പ്രതിനിധി സംഘം കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഗജേന്ദ്ര ശേഖാവത്തിനെ കാണാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഇതുമായി ബന്ധപ്പെട്ട് ഗജേന്ദ്ര ശെഖാവത്തിനെ കണ്ടിരുന്നു.
എഐഎഡിഎംകെയിൽ നിന്നുള്ള എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഡാമിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
അതിനിടെ ഡാം നിർമ്മാണം കാർഷികപരവും രാഷ്ട്രീയപരവും മാത്രമായ ഒരു പ്രശ്നം അല്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കാവേരി വന്യജീവി സങ്കേതം, ചാമരജനഗർ വനമേഖലയിൽ ഉള്ള ബാനർഗട്ട ദേശീയ പാർക്ക് എന്നിവയെയും ഡാം നിർമ്മാണം ബാധിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: കാവേരി നദീജല തർക്കത്തിൽ പുതിയ അധ്യായം തുറന്ന് മെക്കെഡറ്റു ഡാം; വിശദാംശങ്ങള്‍ അറിയാം
Next Article
advertisement
ചെന്നൈയിലെത്തിച്ച ശബരിമലയിലെ സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി
ചെന്നൈയിലെത്തിച്ച ശബരിമലയിലെ സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി
  • ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

  • സ്വർണപ്പാളികൾ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതിൽ ഹൈക്കോടതി ഇടപെട്ടു.

  • സ്വർണപ്പാളികൾ തിരികെ നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് പെറ്റിഷൻ നൽകും.

View All
advertisement