ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമോ? പേര് മാറ്റിയ രാജ്യങ്ങള്‍ ഏതെല്ലാം?
- Published by:Rajesh V
- trending desk
Last Updated:
മുമ്പ് പേരുമാറ്റിയ രാജ്യങ്ങളെ കുറിച്ചറിയാം
ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമോ എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു ഔദ്യോഗിക ക്ഷണക്കത്താണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന ജി-20 ഉച്ചകോടിയുടെ അത്താഴ വിരുന്നിന് ക്ഷണിച്ച് കൊണ്ട് അയച്ച ഔദ്യോഗിക കത്തില്‍ ‘ഇന്ത്യയുടെ പ്രസിഡന്റ് ‘ എന്നതിന് പകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്നാണ് പരാമര്‍ശിച്ചത്. ഇതോടെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണോ എന്ന ഊഹാപോഹങ്ങള്‍ വ്യാപിച്ചത്. എന്നാൽ പേര് മാറ്റുന്നുവെന്ന വാർത്തകൾ നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ. വിഷയത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പേര് മാറ്റിയ ചില രാജ്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.
തുര്‍ക്കിയെ- മുമ്പ് അറിയപ്പെട്ടിരുന്നത് തുര്‍ക്കി എന്ന പേരിൽ
തുര്‍ക്കി എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ പേര് തുര്‍ക്കിയെ എന്നാക്കി മാറ്റിയതായി പ്രസിഡന്റ് രജപ് ത്വയിബ് എര്‍ദോഗന്‍ പ്രഖ്യാപിച്ചത് ഈയടുത്താണ്. രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തേയും മൂല്യങ്ങളെയും ആഗോളതലത്തില്‍ മികച്ച രീതിയില്‍ പ്രതിനിധീകരിക്കാനാണ് ഈ മാറ്റം ലക്ഷ്യമിടുന്നത് എന്നാണ് അധികൃതര്‍ അറിയിച്ചത്.
ചെക്കിയ- മുമ്പ് ചെക്ക് റിപ്പബ്ലിക്
2016 ഏപ്രിലിലാണ് ചെക്ക് റിപ്പബ്ലിക്കിന്റെ പേര് ചെക്കിയ എന്നാക്കി മാറ്റിയത്. കായിക ഇനങ്ങളിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും രാജ്യത്തിന്റെ പേര് വേഗത്തില്‍ അംഗീകരിക്കപ്പെടണമെന്ന ലക്ഷ്യത്തോടെയായിരുന്നു പേര് മാറ്റം.
advertisement
എസ്വാറ്റിനി- മുമ്പ് അറിയപ്പെട്ടിരുന്നത് സ്വാസിലാന്‍ഡ്
ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്‍ഡിന്റെ പേര് എസ്വാറ്റിനി എന്നാക്കി മാറ്റിയിരുന്നു. തങ്ങളുടെ പ്രാദേശിക പൈതൃകത്തെ അംഗീകരിക്കുകയെന്നത് ലക്ഷ്യമിട്ടായിരുന്നു ഈ തീരുമാനം. സ്വാസികളുടെ മണ്ണ് എന്നാണ് എസ്വാറ്റിനി എന്ന വാക്കിന്റെ അര്‍ത്ഥം.
നെതര്‍ലാന്‍ഡ്‌സ്- മുമ്പ് ഹോളണ്ട്
2020 ജനുവരിയിലാണ് ഹോളണ്ടിന്റെ പേര് നെതര്‍ലാന്‍ഡ്‌സ് എന്നാക്കി മാറ്റാന്‍ തീരുമാനിച്ചത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യമായി സ്വയം അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു ഈ നീക്കം.
റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയ- മുമ്പ് അറിയപ്പെട്ടിരുന്നത് മാസിഡോണിയ എന്ന പേരിൽ
2019 ഫെബ്രുവരിയിലാണ് മാസിഡോണിയ റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയ എന്ന് പേര് മാറ്റിയത്. നാറ്റോയില്‍ ചേരുന്നതിന്റെ ഭാഗമായിട്ടായിരുന്നു പേര് മാറ്റിയത്. കൂടാതെ ഗ്രീസില്‍ മാസിഡോണിയ എന്ന പേരില്‍ ഒരു പ്രദേശവും നിലനിന്നിരുന്നു. ഈ ആശയക്കുഴപ്പം ഒഴിവാക്കുകയെന്നതും പേര് മാറ്റത്തിന് കാരണമായി.
advertisement
ശ്രീലങ്ക- മുമ്പ് സിലോണ്‍ എന്നറിയപ്പെട്ടിരുന്നു
1972ലാണ് സിലോണ്‍ എന്ന പേര് മാറ്റി ശ്രീലങ്ക എന്ന പേര് സ്വീകരിച്ചത്. കൊളോണിയല്‍ കാലഘട്ടത്തില്‍ ശ്രീലങ്കയെ സിലോണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനു ശേഷം രാജ്യത്തിന്റെ സ്വത്വവും പരമാധികാരവും ഊട്ടിയുറപ്പിക്കുന്ന ഒരു മാർഗമെന്ന നിലയിലായിരുന്നു പേര് മാറ്റം. 1978ല്‍ “ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്ക” എന്ന് നാമകരണം ചെയ്തെങ്കിലും സിലോൺ എന്ന പേര് അപ്പോഴും പലരും ഉപയോഗിച്ചിരുന്നു. തുടർന്ന് 2011-ൽ സിലോൺ എന്ന് പേര് പൂർണമായി ഒഴിവാക്കി ശ്രീലങ്കയായി പ്രഖ്യാപിച്ചു.
advertisement
അയര്‍ലന്റ്- മുമ്പ് ഐറിഷ് ഫ്രീ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്നു
1937ലാണ് അയര്‍ലന്റ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ഇതോടെ ഐറിഷ് ഫ്രീ സ്റ്റേറ്റ് എന്ന പേര് മാറ്റി അയര്‍ലന്റ് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
റിപ്പബ്ലിക് ഓഫ് കാബോ വെര്‍ഡെ- കേപ് വെര്‍ഡെ എന്ന് മുമ്പ് അറിയപ്പെട്ടിരുന്നു
2013ലാണ് കേപ് വെര്‍ഡെ റിപ്പബ്ലിക് ഓഫ് കാബോ വെര്‍ഡെ എന്ന പേര് സ്വീകരിച്ചത്. തങ്ങളുടെ ഔദ്യോഗിക ഭാഷയെ ബഹുമാനിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു പേരുമാറ്റം. ഇതിന്റെ ഭാഗമായാണ് പോര്‍ച്ചുഗീസ് അക്ഷരവിന്യാസമുള്ള റിപ്പബ്ലിക് ഓഫ് കാബോ വെര്‍ഡെ എന്ന പേര് സ്വീകരിച്ചത്.
advertisement
തായ്‌ലാന്റ്- സയാം എന്ന് മുമ്പ് അറിയപ്പെട്ടിരുന്നു
1939ലാണ് ഈ രാജ്യം സയാം എന്ന പേര് മാറ്റി തായ്‌ലാന്റ് എന്ന് പുനര്‍നാമകരണം ചെയ്തത്. പിന്നീട് 1946-48 കാലത്തില്‍ വീണ്ടും സയാം എന്ന പേരിലാണ് തായ്‌ലന്റ് അറിയപ്പെട്ടത്. ശേഷം വീണ്ടും തായ്‌ലന്റ് എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടു.
മ്യാന്‍മാര്‍- മുമ്പ് ബർമ
1989ലാണ് തലമുറകളായി പ്രബല വംശമായ ബർമൻ വിഭാഗത്തിന്റെ പേരിലറിയപ്പെട്ടിരുന്ന ബര്‍മ്മ മ്യാന്മാർ എന്ന പുതിയ നാമധേയം സ്വീകരിച്ചത്. ജനാധിപത്യ മുന്നേറ്റത്തെ ക്രൂരമായി അടിച്ചമർത്തിയ ഭരണകൂടം പുരഗോമന ചിന്താഗതിക്കാരാണ് തങ്ങളെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ രാജ്യത്തിനകത്ത് അതുവലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ല എന്നുമാത്രമല്ല, ബർമീസ് ഭാഷയിൽ ബർമയുടെ ഒരു ഔദ്യോഗിക പതിപ്പ് മാത്രമായിരുന്നു മ്യാന്മർ.
advertisement
കമ്പോഡിയ
നിരവധി പേര് മാറ്റത്തിന് വിധേയമായ രാജ്യമാണ് കമ്പോഡിയ. രാജ്യത്തിന്റെ ചരിത്ര സമ്പന്നമായ പൈതൃകം തന്നെയാണ് ഇതിന് കാരണം. ഖെമര്‍ റിപ്പബ്ലിക്, ഡെമോക്രാറ്റിക് കംപൂച്ചിയ, കമ്പോഡിയ, കിംഗ്ഡം ഓഫ് കമ്പോഡിയ എന്നിങ്ങനെയെല്ലാം ഈ രാജ്യം പേര് മാറ്റിയിരുന്നു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
കമ്പോഡിയയെപ്പോലെ നിരവധി തവണ പേര് മാറ്റത്തിന് വിധേയമായ രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ആദ്യം കോംഗോ ഫ്രീ സ്റ്റേറ്റില്‍ നിന്നും ബെല്‍ജിയന്‍ കോംഗോ എന്നായി മാറി. പിന്നീട് കോംഗോ-ലിയോപോള്‍ഡ്വില്ലേ, റിപ്പബ്ലിക് ഓഫ് കോംഗോ, റിപ്പബ്ലിക് ഓഫ് സയര്‍, ഏറ്റവും ഒടുവിലായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നായി മാറി.
advertisement
ഇറാന്‍- മുമ്പ് പേര്‍ഷ്യ
1935ലാണ് പേര്‍ഷ്യ എന്ന പേര് മാറ്റി ഇറാന്‍ എന്ന പേര് രാജ്യം സ്വീകരിച്ചത്. പേര്‍ഷ്യ-ഇറാന്‍ പേര് മാറ്റം ഇപ്പോഴും ഇറാനികള്‍ക്കിടയില്‍ ഒരു ചര്‍ച്ചാവിഷയമായി തുടരുകയാണ്.
ഇതുപോലെ നിരവധി രാജ്യങ്ങളാണ് പലവിധ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് പേരുകൾ മാറ്റിയിട്ടുള്ളത്. ആ ലിസ്റ്റിലേക്ക് ഭാരത് വരുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 06, 2023 10:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമോ? പേര് മാറ്റിയ രാജ്യങ്ങള്‍ ഏതെല്ലാം?