തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസായി രണ്ടുരൂപ കൂടുമ്പോള്‍ ഇന്ധനത്തിന് ഏറ്റവും കൂടുതൽ വില നൽകേണ്ടിവരുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും. പെട്രോൾ ലീറ്ററിന് ഏകദേശം 110 രൂപയും ഡീസലിന് 99 രൂപയുമായി തെലങ്കാനയും ആന്ധ്രപ്രദേശുമാണ് ഇപ്പോൾ മുന്നിൽ.
തിരുവനന്തപുരത്ത് ഇപ്പോൾ പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 105.72 രൂപയും ഡീസലിന് 94.66 രൂപയുമാണ് നിലവിലെ നിരക്ക്. 2 രൂപ കൂടുന്നതോടെ തിരുവനന്തപുരത്തും പെട്രോൾ വില 110 രൂപയിലേക്കും ഡീസൽ വില 99 രൂപയിലേക്കുമെത്തും.
മെട്രോ നഗരങ്ങളെ വെല്ലുന്നവില
ബെംഗളൂരുവിൽ പെട്രോൾ വില തിരുവനന്തപുരത്തേക്കാൾ ഏകദേശം 7 രൂപ കുറവാണ് (ഇന്നത്തെ വില -101.4). ഡീസൽ വിലയിലെ കുറവ് 8.96 രൂപ (87.89). കഴിഞ്ഞ നവംബറിൽ കർണാടക വിൽപന നികുതി കുറച്ചതോടെ വാറ്റ് വിഹിതം 35 ശതമാനത്തിൽ നിന്ന് 25.9% ആയി കുറച്ചിരുന്നു.
ചെന്നൈയിൽ ഇന്നത്തെ പെട്രോൾ വില തിരുവനന്തപുരത്തെക്കാൾ 5.37 രൂപ കുറവാണ് (102.63). ഡീസലിന് 2.55 രൂപയാണ് കുറവ് (94.24). ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് അവതരിപ്പിച്ച ബജറ്റിൽ പെട്രോൾ വിലയിൽ 3 രൂപ കുറച്ചു.
Also Read- ഇന്ധന സെസില്‍ പ്രശ്നങ്ങളുണ്ട്; നികുതി ജനങ്ങള്‍ക്ക് പ്രയാസകരമാകരുതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ
മുംബൈയിലും പെട്രോൾ വില തിരുവനന്തപുരത്തേക്കാൾ 1.69 രൂപ കുറവാണ് (106.31) . ഡീസലിന് 2.52 രൂപ (94.27) കുറവ്. മഹാരാഷ്ട്ര സർക്കാർ 6 മാസം മുൻപ് പെട്രോളിന്റെ സെസ് 5 രൂപയും ഡീസലിന്റേത് 3 രൂപയും കുറച്ചിരുന്നു.
കൊൽക്കത്തയിൽ തിരുവനന്തപുരത്തേക്കാൾ 1.70 രൂപ കുറവാണ് പെട്രോൾ വില (106.03). ഡീസലിന് 4.03 രൂപയാണ് കുറവ് (92.76)
മറ്റ് പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില | പെട്രോൾ വില | ഡീസൽ വില |
മാഹി | 93.80 | 83.72 |
പുതുച്ചേരി | 96.16 | 86.33 |
ശ്രീനഗർ | 101.2 | 86.5 |
ഗുവാഹത്തി | 97.56 | 88.83 |
ഹൈദരാബാദ് | 109.66 | 97.82 |
ബെംഗളൂരു | 101.4 | 87.89 |
ഇറ്റാനഗര്‍ | 93.29 | 82.36 |
പട്ന | 107.22 | 94.02 |
ഡൽഹി | 96.76 | 89.66 |
ഭോപ്പാല്‍ | 108.63 | 93.88 |
ഭുവനേശ്വർ | 103.17 | 94.74 |
ചെന്നൈ | 102.63 | 94.24 |
മുംബൈ | 106.31 | 94.27 |
കൊൽക്കത്ത | 106.03 | 92.76 |
അമൃത്സർ | 96.85 | 87.19 |
എക്സൈസ് നികുതി
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അസംസ്കൃത എണ്ണവില കുതിച്ചപ്പോൾ രാജ്യത്തെ ഇന്ധനവില പിടിച്ചു നിർത്താൻ 2022 മേയിൽ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചിരുന്നു. തമിഴ്നാട്, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക തുടങ്ങിയ പല സംസ്ഥാനങ്ങളും നികുതിയിൽ വൻ കുറവു വരുത്തി. ഇന്ധനവില ഏറ്റവും ഉയർന്നു നിന്നിരുന്ന രാജസ്ഥാനും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതോടെ വില കുറഞ്ഞു.
കേരളവും തെലങ്കാനയും അപ്പോഴും നികുതി കുറച്ചില്ല. കഴിഞ്ഞ 6 വർഷമായി നികുതി കൂട്ടിയിട്ടില്ലെന്ന ന്യായീകരണമാണ് സംസ്ഥാന സർക്കാർ പറഞ്ഞത്. കഴിഞ്ഞ 2 വർഷത്തിനിടെ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് എക്സൈസ് നികുതിയിനത്തിൽ കേന്ദ്രസർക്കാർ കുറച്ചത്. ഇതിന് ആനുപാതികമായ കുറവു മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.
സംസ്ഥാന നികുതി
സംസ്ഥാനത്ത് ഏകദേശം 51 ലക്ഷം ലീറ്റർ പെട്രോളും 63 ലക്ഷം ലീറ്റർ ഡീസലുമാണ് ഒരു ദിവസം വിൽക്കുന്നത്. പെട്രോളിന് 32.03 ശതമാനമാണ് കേരളം നികുതിയായി ഈടാക്കുന്നത്. ഡീസലിന് 23.84 ശതമാനമാണ് സംസ്ഥാന നികുതി. ഇതിനുപുറമെ നിലവിൽ കിഫ്ബിക്കായി ഒരു രൂപ സെസ് ഇനത്തിൽ ഈടാക്കുന്നുണ്ട്. ഇതിനുപുറമേയാണ് രണ്ട് രൂപ കൂടി ഈടാക്കാനുള്ള തീരുമാനം. ഏപ്രിൽ മുതൽ 2 രൂപ സെസ് എങ്ങനെ ഈടാക്കണമെന്ന് ഇന്ധന കമ്പനികൾക്ക് സർക്കാർ നിർദേശം നൽകും. നിലവിൽ ഇന്ധന കമ്പനികൾക്ക് ഇതു സംബന്ധിച്ചു വ്യക്തതയില്ല. 4500 കോടിയോളം രൂപയാണു പ്രതിമാസം ഇന്ധന നികുതിയിനത്തിൽ നിലവിൽ ഖജനാവിലെത്തുന്നത്.
വിലക്കയറ്റം രൂക്ഷമാകും
ഇന്ധനവില കൂടിയാൽ ബസ് നിരക്ക്, ഓട്ടോക്കൂലി, ടാക്സി നിരക്ക്, പച്ചക്കറി- പലവ്യഞ്ജന വില തുടങ്ങിയവയെല്ലാം വര്‍ധിക്കും. ഈ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ തന്നെ ബജറ്റിൽ പ്രഖ്യാപിച്ച 2000 കോടി കൊണ്ടു കഴിയില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 750 കോടി വരുമാനം പ്രതീക്ഷിച്ച് ഇന്ധന സെസ് ഏർപ്പെടുത്തിയ സർക്കാർ, വിലക്കയറ്റം നേരിടാനായി പ്രഖ്യാപിച്ച 2000 കോടിയിൽനിന്ന് 750 കോടി എടുത്തിട്ട് ഇന്ധന വിലക്കയറ്റം ഒഴിവാക്കിയാൽ പോരായിരുന്നോ എന്ന ചോദ്യം ഉയർത്തുന്നവരുമുണ്ട്.
ഇന്ധന സെസിൽ പ്രശ്നങ്ങളുണ്ടെന്ന് എൽഡിഎഫ് കൺവീനറും
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു. നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുത്. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകും. കര്‍ണാടക, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയില്‍ വ്യത്യാസം വരുമ്പോള്‍ ചില സ്വാഭാവിക പ്രശ്‌നങ്ങള്‍ നമുക്കുണ്ടാകും. കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്‍പന കുറയും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കണം- ജയരാജൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.