ചെന്നൈയിലെ സാംസംഗ് ജീവനക്കാരുടെ സമരം രണ്ടാം മാസത്തിലേക്ക്; ഒത്തുതീര്‍പ്പുകള്‍ ഫലമുണ്ടാക്കുമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒരു വ്യവസായ സ്ഥാപനത്തിലെ തര്‍ക്കമായി ആരംഭിച്ച സമരം ഇപ്പോൾ രാഷ്ട്രീയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്
തങ്ങളുടെ യൂണിന്റെ അംഗീകാരത്തിനും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആയിരത്തിലധികം തൊഴിലാളികളാണ് ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിലെ സാംസംഗിന്റെ പ്ലാന്റില്‍ സമരം ചെയ്യുന്നത്. ഇവര്‍ നയിക്കുന്ന സമരം രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.
സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലാണ് സമരം ആരംഭിച്ചത്. എന്നാല്‍ സമരം രണ്ടാം മാസത്തിലേക്ക് പിന്നിട്ടപ്പോഴാണ് തമിഴ്‌നാട് സര്‍ക്കാര്‍ സാംസംഗുമായി ചര്‍ച്ച നടത്താനുള്ള ആദ്യ ഘട്ട നടപടികള്‍ സ്വീകരിച്ചത്. വേതന വര്‍ധനവും അധിക ആനുകൂല്യങ്ങളുമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സാംസംഗ് അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, തൊഴിലാളികളുടെ യൂണിയന് അംഗീകാരം നല്‍കാത്തത് പ്രധാന പ്രശ്‌നമായി തുടരുകയാണ്. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പ്രതിഷേധം തുടര്‍ന്നതിന് പോലീസ് മര്‍ദനവും സമരം നടത്തുന്ന ജീവനക്കാര്‍ക്ക് ഏല്‍ക്കേണ്ടി വന്നു. ബുധനാഴ്ച പുലര്‍ച്ചെ പോലീസ് നടപടിയില്‍, പ്രധാനപ്പെട്ട 11 യൂണിയന്‍ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പണിമുടക്ക് തുടരുന്നത് മറ്റ് മേഖലയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.
advertisement
ഒരു വ്യവസായ സ്ഥാപനത്തിലെ തര്‍ക്കമായി ആരംഭിച്ച സമരം ഇപ്പോൾ രാഷ്ട്രീയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ് . നിക്ഷേപ സൗഹൃദസംസ്ഥാനമെന്ന തമിഴ്‌നാടിന്റെ പ്രതിച്ഛായ സമരം തകര്‍ക്കുമെന്ന് സർക്കാർ ആശങ്കപ്പെടുന്നു.
സാംസംഗ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത് എന്തിന്?
ഇടതുപക്ഷ ചായ്‌വുള്ള തൊഴിലാളി സംഘടനയായ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സിന്റെ(സിഐടിയു) ബാനറിന് കീഴില്‍ പുതുതായി രൂപീകരിച്ച സാംസംഗ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍(എസ്‌ഐഡബ്ല്യുയു) അംഗീകരിക്കണമെന്ന തൊഴിലാളികളുടെ ആവശ്യമാണ് പ്രധാന പ്രശ്‌നമായി തുടരുന്നത്.
ഈ ആവശ്യത്തെ സാംസംഗ് എതിര്‍ത്തു. പുറത്തുനിന്നുള്ള നേതാക്കളുമായി കൂട്ടായ വിലപേശലില്‍ ഏര്‍പ്പെടുന്ന ഒരു യൂണിയന്‍ എന്ന ആശയം തങ്ങള്‍ അംഗീകരിക്കില്ലെന്ന് സാംസംഗ് അറിയിച്ചു. യൂണിയന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തൊഴിലാളികളുടെ ആവശ്യം സംസ്ഥാന സര്‍ക്കാരും പരിഗണനയ്ക്ക് എടുത്തിട്ടില്ല. നിയമപ്രകാരം 45 ദിവസത്തിനകം സര്‍ക്കാര്‍ അപേക്ഷ പരിഗണിക്കണം.
advertisement
ഈ കാലതാമസത്തിനെതിരേ തൊഴിലാളികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനം.
2007ലാണ് ശ്രീ പെരുംമ്പത്തൂരിലെ സാംസംഗിന്റെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. നാളിതുവരെ ഇത്തരമൊരു പ്രതിഷേധം ഇവിടെ നടന്നിട്ടില്ല. ജൂലൈയില്‍ കമ്പനിയുടെ ദക്ഷിണ കൊറിയയിലെ സിയോളില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റിലും വലിയൊരു പണിമുടക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യവും ആവശ്യപ്പെട്ട് 65,00ല്‍ പരം തൊഴിലാളികളാണ് പണിമുടക്കിയത്. ഈ സമരത്തില്‍ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ഉത്തരകൊറിയയുടെ പങ്കാളിത്തത്തെക്കുറിച്ച് കിംവദന്തികള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് യൂണിയന്‍ ശ്രമങ്ങൾക്കെതിരായി സാംസംഗ് ജാഗ്രത വര്‍ധിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
advertisement
സിഐടിയു കാഞ്ചീപുരം ജില്ലാ സെക്രട്ടറി എന്‍ മുത്തുകുമാറാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എസ്‌ഐഡബ്ല്യുയുവിന്റെ നേതാവ് കൂടിയാണ് ഇയാള്‍.
തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതികരണം എന്ത്?
പ്ലാന്റിലെ 1723 സ്ഥിരം തൊഴിലാളികളില്‍ 1350 പേര്‍ ആദ്യം സമരത്തില്‍ പങ്കെടുത്തെങ്കിലും സര്‍ക്കാര്‍ ഇടപെട്ടില്ല. സാംസംഗ് തന്നെ പ്രശ്‌നം പരിഹരിക്കുമെന്നാണ് അവര്‍ കരുതിയത്.
തിങ്കളാഴ്ച നടന്ന യോഗത്തിന് ശേഷം ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍, മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടത് സമരത്തിന്റെ ഭാഗമല്ലാത്ത ഏതാനും തൊഴിലാളികളാണെന്ന് സിഐടിയു പ്രസിഡന്റ് എ സൗന്ദര്യ രാജന്‍ ആരോപിച്ചു. ഈ കരാര്‍ അംഗീകരിക്കാന്‍ സമരക്കാര്‍ വിസമ്മതിച്ചു.
advertisement
സിഐടിയും സിപിഐഎമ്മും എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ദീര്‍ഘകാലമായി പിന്തുണച്ച് വരികയാണെങ്കിലും സമരം ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. 11 യൂണിയന്‍ നേതാക്കളെ ബുധനാഴ്ച തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തതോടെ സംഘര്‍ഷം കൂടുതല്‍ വഷളാക്കി. വടക്കന്‍ വ്യവസായ മേഖലയില്‍ ഒക്ടോബർ 21ന് ഒരു ദിവസത്തെ പണിമുടക്കിന് സിഐടിയു ആഹ്വാനം ചെയ്തിട്ടുണ്ട്.
സാംസംഗിനെ സംബന്ധിച്ചിടത്തോളം ശ്രീപെരുമ്പത്തൂര്‍ പ്ലാന്റ് നിര്‍ണായകമാണ്. ഇന്ത്യയിലെ വാര്‍ഷിക വരുമാനത്തിന്റെ മൂന്നിലൊന്നും ഇവിടെനിന്നാണ് സംഭാവന ചെയ്യുന്നത്. റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, ടെലിവിഷനുകള്‍ എന്നിവയാണ് പ്രധാനമായും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നത്. കരാര്‍ തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമായിട്ടില്ല. എങ്കിലും ഉത്പാദനത്തില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. 50 ശതമാനം ഉത്പാദനത്തെയും പണിമുടക്ക് ബാധിച്ചിട്ടുണ്ടെന്ന് വിവിധ വൃത്തങ്ങള്‍ അറിയിച്ചു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
October 11, 2024 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ചെന്നൈയിലെ സാംസംഗ് ജീവനക്കാരുടെ സമരം രണ്ടാം മാസത്തിലേക്ക്; ഒത്തുതീര്‍പ്പുകള്‍ ഫലമുണ്ടാക്കുമോ?