• HOME
 • »
 • NEWS
 • »
 • explained
 • »
 • 'ആരുടെ കൂടെ കിടക്കണം എന്ന് പോലും സ്ത്രീകൾ തീരുമാനിച്ച നാടാണ് കേരളം' വിവാദ പ്രസംഗത്തിൽ എഡിജിപി ശ്രീജിത്ത് പറഞ്ഞത്

'ആരുടെ കൂടെ കിടക്കണം എന്ന് പോലും സ്ത്രീകൾ തീരുമാനിച്ച നാടാണ് കേരളം' വിവാദ പ്രസംഗത്തിൽ എഡിജിപി ശ്രീജിത്ത് പറഞ്ഞത്

ക്ലാസിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിനിയോട് മുസ്ലിംകൾക്ക് എവിടെയാ തറവാട് എന്നും ചോദിക്കുന്നത് അടക്കമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

 • Share this:

  ട്രാൻസ്‌പോർട് കമ്മീഷണർ എസ് ശ്രീജിത്ത് നടത്തിയ ഒരു പരാമർശത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം. ‘കേരളത്തിലെ പ്രബല സമുദായം നായന്മാരാണാണെന്നും മറ്റു സമുദായങ്ങൾ അവരുടെ രീതികൾ പകർത്തുകയായിരുന്നു’ എന്നും പറഞ്ഞതാണ് വിവാദമായത്.

  2022 ജൂലൈ 3 ന് സിവിൽ സർവീസ് അക്കാദമി കോഴിക്കോട് സംഘടിപ്പിച്ച Aspirantia’ 22 എന്ന പരിപാടിയിലെ ഒരു മണിക്കൂർ 9 മിനിറ്റ് ഉള്ള ചോദ്യോത്തര വേള വീഡിയോയിലെ മൂന്നു മിനിട്ടോളമാണ് ഇപ്പോൾ വൈറൽ ആയതിന് പിന്നാലെ വിവാദമായത്. ഇതേ പരിപാടി രണ്ടു ഭാഗങ്ങൾ ആയാണ് യൂ ടൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.

  ക്ലാസിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിനിയോട് ‘മുസ്ലിംകൾക്ക് എവിടെയാ തറവാട്’ എന്നും ചോദിക്കുന്നത് അടക്കമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.യു.പി.എസ്.സി കേരള യൂട്യൂബിൽ നാലു മാസം മുമ്പ് അപ്‌ലോഡ് ചെയ്ത പങ്കുവച്ച വീഡിയോയുടെ  ചില ഭാഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘എ.ഡി.ജി.പി  ശ്രീജിത്ത് ജാതി മേനി പറയുക’യാണെന്നാണ് ആരോപണം.

  മുഖ്യപ്രഭാഷണത്തിനു ശേഷം നടത്തിയ ചോദ്യോത്തരവേളയിൽ  ‘ഒരു സ്ത്രീ പരാതി പറഞ്ഞാൽ അവൾ പിഴയാണ് എന്ന് കരുതുന്ന ഉദ്യോഗസ്ഥ സമൂഹത്തെ’ കുറിച്ച് പറയുന്ന ശ്രീജിത്തിന്റെ ദീർഘമായ ഉത്തരമാണ് ആക്ഷേപത്തിന് ഇടയാക്കിയത്. ജെണ്ടർ ന്യൂട്രാലിറ്റി സിവിൽ സെർവന്റസിന് എന്തു കൊണ്ട് അത്യാവശ്യമാകുന്നു എന്നത് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

  വനിതാ കോൺസ്റ്റബിൾ വിനയ ആറ്റുകാൽ പൊങ്കാലക്ക് വന്ന് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പുരുഷ പൊലീസുകാരെ ലിംഗ നീതി പഠിപ്പിക്കാൻ എങ്ങനെ വഴിയൊരുക്കി എന്ന് പറഞ്ഞാണ് ശ്രീജിത്ത് വിഷയത്തിലേക്ക് വരുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥർക്ക്  ‘അടക്കവും ഒതുക്കവും ഉള്ള സ്ത്രീകൾ പരാതി പറയില്ല എന്ന മനോഭാവം’  എന്ത് കൊണ്ട് ഉണ്ടാകുന്നു എന്ന ഒരു പെൺകുട്ടിയുടെ ചോദ്യത്തിന് മറുപടി ആയിരുന്നു അത്.

  വീഡിയോയിൽ പറയുന്നത്.

  കേരളത്തിന്റെ സോഷ്യോളജിക്കൽ ഹിസ്റ്ററി പഠിച്ചാൽ യൂണിക് ആയ ഒരു പ്രത്യേകത ഉണ്ട് കേരളത്തിന് . ആർക്കും അറിയില്ല? കാസ്റ്റ് പഠിച്ചിട്ടുണ്ടോ ? മട്രിയാർക്കിയും പട്രിയാർക്കിയും പഠിച്ചിട്ടുണ്ടോ ? ഈ ലോകത്ത് പട്രിയാർക്കിയാണ് നോം.(norm) (പിതൃദായ ക്രമമാണ് ലോകം മുഴുവൻ ക്രമം). പിതാവ് വഴി സ്വത്ത് വാങ്ങുക .പുരുഷനാണ് കേമൻ. പുരുഷന്മാർ വിവാഹം കഴിച്ചാൽ പിന്നെ ആ വീട്ടിൽ സ്ത്രീക്ക് അവകാശമില്ല .ഇങ്ങനെ പോകുന്നു.ഇതാണ് പട്രിയാർക്കി. ഈ പട്രിയാർക്കി ജൻഡർ ബയാസിന്റെ ഭാഗമായി രൂഢമൂലമായുണ്ട്. ഒരു കാര്യം എല്ലാവരും മറന്നു പോകുന്നു. ലോകത്ത് മട്രിയാർക്കി എന്ന് മറ്റൊരു സമ്പ്രദായം ഉണ്ട്..മരുമക്കത്തായം എന്നൊക്കെ പറയുന്നത്. അമ്മയിൽ നിന്ന്..

  എന്റെ പേര് എന്താന്ന് അറിയുമോ ? എസ്. ശ്രീജിത്ത്. എന്ന് വെച്ചാൽ സുഭദ്രാമ്മ ശ്രീജിത്ത്. എന്റെ അമ്മേടെ പേര്. ആ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. ലോകത്ത് എവിടെ പോയാലും വൈകി എത്തിയാൽ വിമാനത്താവളങ്ങളിൽ എന്റെ പേര് വിളിക്കുന്നത് മിസ്റ്റർ സുഭദ്രാമ്മ എന്നാണ്. ശ്രീജിത്ത് എന്നല്ല .എന്റെ സന്തോഷം എന്താന്ന് വെച്ചാൽ അമ്മ മരിച്ച് ഇത്ര കാലം കഴിഞ്ഞിട്ടും എന്റെ പേര് വിളിക്കുന്നത് അമ്മേടെ പേരിൽ സുഭദ്രാമ്മ എന്നാണ്.

  എന്താണ് ഇതിന്റെ പ്രത്യേകത ? ലോകത്ത് പട്രിയാർക്കിയിൽ ചിന്തിക്കുന്ന എല്ലാ സമൂഹങ്ങളും മട്രിയാർക്കിയിൽ വിശ്വസിക്കുന്ന എല്ലാ സമുദായങ്ങളെയും ട്രൈബൽസായിട്ടും പ്രിമിറ്റീവ് ആയിട്ടും ആണ് ട്രീറ്റ് ചെയ്യുന്നത്. നിങ്ങൾ അന്വേഷിച്ച നോക്കിക്കോ. ആഫ്രിക്കയിലെ മസായി, ബീഹാറിലെമ്പാടും ഉള്ള മുണ്ട, മേഘാലയയിലെ ഖാസി,നീലഗിരിയിലെ തോഡ, ഹോപി ഇന്ത്യൻസ് ഓഫ് അമേരിക്ക .എസ്കിമോസ്. ഇവരെല്ലാം ലോകത്ത് ട്രൈബൽസ് ആയിട്ടാണ് കണക്കാക്കുന്നത് .മരുമക്കത്തായത്തിൽ വിശ്വസിക്കുന്ന അവർ അപരിഷ്‌കൃതരും അധകൃതരുമാണ്. അതിന് വ്യത്യാസമുള്ള ഒരേയൊരു ഭൂപ്രദേശം ലോകത്തുള്ളത് കേരളമാണ്. ഇവിടുത്തെ നായന്മാരാടോ.

  ഈ ഡോമിനന്റ് കാസ്റ്റ് എന്നൊരു കൺസപ്റ്റുണ്ട്, ആന്ത്രപോളജിയിലും സോഷ്യോളജിയിലും ഒക്കെ. ഇവിടുത്തെ ഡോമിനന്റ് കാസ്റ്റ് ആരാ? ഡോമിനന്റ് കാസ്റ്റിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ? എണ്ണമല്ല. നായന്മാർ എണ്ണത്തിൽ വളരെ കുറവാ. ഏറ്റവും വലിയ കോൺസെപ്റ്റ്. അവരുടെ രീതികളാണ് ഇതരസമുദായങ്ങൾ പകർത്തുക.

  (ഒരു പെൺകുട്ടിയുടെ പേരു പറഞ്ഞ് ) തറവാട്ടിൽ ആരൊക്കെയുണ്ട് ? (മറുപടി പറയുന്നു). ഞാൻ ചോദിച്ചത് എന്താന്ന് കേട്ടോ ? ഫിദയുടെ തറവാട് എവിടെയാണെന്ന് .ഫിദയ്ക്ക്  എന്നാടോ തറവാട് വന്നത്? ഇസ്ലാമല്ലേ? നിങ്ങക്ക് എവിടെയാ തറവാട്? ഈ തറവാട് എന്നത് നായർ കൺസപ്റ്റാണ്. അത് നായരുടെ വാക്കാണ്.ഇപ്പൊ എല്ലാരും പറയും തറവാട് എന്ന് പറയും. നമ്പൂതിരിയാണ് ഡോമിനന്റ് കാസ്റ്റ് എന്നുവച്ചാൽ ഇല്ലം എന്നോ മന എന്നാണ് പറയുക. ഇപ്പോൾ ആശാരിമാരും ഈഴവന്മാരും തറവാട് എന്നു പറയും. നിങ്ങൾക്ക് (മുസ്ലിം പെൺകുട്ടിയോട്) ജാതിയില്ല എന്നറിയുമോ? പ്രവാചകന് ജാതി ഉണ്ടായിരുന്നോ? ഇല്ല. പക്ഷേ, ഇവര് എന്തു ചെയ്തു എന്നറിയുമോ? ഇവിടെ ഒരു പ്രത്യേക ജാതിയുടെ ഭാഷകളും സംജ്ഞകളും മാത്രം ഉപയോഗിക്കുന്നു. അതാണ് ഡോമിനന്റ് കാസ്റ്റിന്റെ പ്രത്യേകത. അങ്ങനെ ലോകത്ത് മട്രിയാർക്കൽ രീതിയിൽ ജീവിക്കുന്ന ഒരു സമുദായത്തിനെ ഡോമിനന്റ് കാസ്റ്റ് ആക്കിയിട്ടുള്ള ഒരേയൊരു ഭൂപ്രദേശമേ ഉള്ളൂ ലോകത്ത്. അത് കേരളമാകുന്നു. ഇതാണ് കേരളത്തിന്റെ സോഷ്യോളജിക്കൽ ഹിസ്റ്ററിയുടെ പ്രത്യേകത. എന്നുപറഞ്ഞാൽ അവർ സ്ത്രീകൾ എല്ലാം തീരുമാനിച്ചു. ആരുടെ കൂടെ കിടക്കണം, ആരുടെ കൂടെ സഹശയനം നടത്തണം എന്ന് പോലും സ്ത്രീകൾ തീരുമാനിച്ച നാടാണ് കേരളം. അതിനെ നമ്മൾ എന്ത് പറഞ്ഞു ഒരുകാലത്ത്? ഇത് തെറ്റാണ് ..ഭ്രാന്താണ് എന്ന് പറഞ്ഞു.കാരണം എന്താ. ബ്രിട്ടീഷുകാരൻ പാട്രിയാർക്കീടെ ആളാ.

  എഡിജിപി  ശ്രീജിത്തിന്‍റെ ക്ലാസിനിടയിലെ വിവാദ പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടി വ്യാപകമായ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.’പച്ചയായ ജാതീയത’ പറയുന്ന ശ്രീജിത്തിനെതിരേ നടപടിയെടുക്കണമെന്ന ആവശ്യവും  സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

  Published by:Arun krishna
  First published: