പോപ്പുലർ ഫ്രണ്ട് മാത്രമല്ല, ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് മുതൽ എൽടിടിഇ വരെ; ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനകൾ

Last Updated:

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിൻെറ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇത്തരത്തിൽ നിരോധിക്കപ്പെട്ട മറ്റ് സംഘടനകൾ ഏതെല്ലാമെന്ന് പരിശോധിക്കാം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
നിരവധി അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തുകയും ചെയ്തെന്ന് തെളിഞ്ഞതിൻെറ പേരിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ അഞ്ച് വർഷത്തേക്ക് നിരോധിച്ചിരിക്കുകയാണ്. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമാണ് വിലക്കേർപ്പെടുത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിൻെറ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇത്തരത്തിൽ നിരോധിക്കപ്പെട്ട മറ്റ് സംഘടനകൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
ബബ്ബർ ഖൽസ ഇന്റർനാഷണൽ
ഏറ്റവും പഴക്കമേറിയതും സംഘടിതവുമായ ഖലിസ്ഥാൻ ഭീകരസംഘടനയാണ് ബികെഐ എന്നറിയപ്പെടുന്ന ബബ്ബർ ഖൽസ ഇന്റർനാഷണൽ. 1993ൽ ഭീകര-വിഘടനവാദ പ്രസ്ഥാനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടായെങ്കിലും ഖാലിസ്ഥാൻ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് ഈ സംഘടന തുട‍ർന്നിരുന്നു. 1920കളിലെ ബബ്ബ‍ർ അകാലി പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംഘടന രൂപം കൊള്ളുന്നത്. കാനഡയും യുകെയും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ബികെഐ പ്രവ‍ർത്തിക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഐഎസ്ഐയുടെ സഹായത്തിൽ പാകിസ്ഥാനിലാണ് ഈ സംഘടന ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത്.
advertisement
ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ്
പാകിസ്ഥാൻ സഹായത്തോടെ പ്രവ‍ർത്തിക്കുന്ന മറ്റൊരു ഖലിസ്ഥാൻ തീവ്രവാദ സംഘടനയാണിത്. 1993-ൽ ന്യൂഡൽഹിയിൽ 12 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുൻ ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് തീവ്രവാദിയായ ദേവീന്ദർ പാൽ സിംഗ് ഭുള്ളറിന് ടാഡ നിയമം പ്രകാരം ഡൽഹി കോടതി വധശിക്ഷ വിധിച്ചിരുന്നു. 2001ലാണ് വധശിക്ഷ വിധിച്ചത്. പഞ്ചാബിലെ ആദംപൂർ എയർഫോഴ്‌സ് സ്റ്റേഷൻ ആക്രമിക്കാൻ സംഘടന പദ്ധതിയിട്ടിരുന്നു. ഇന്ത്യ-പാക് അതി‍ർത്തി മേഖലയിലെ ഗ്രാമീണരെ ഉൾക്കൊള്ളിച്ച് കൊണ്ട് തീവ്രവാദ ശൃംഖല ശക്തിപ്പെടുത്താനും ഇവർ ശ്രമിച്ചിരുന്നു.
advertisement
ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ്
1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ ആക്‌ട് പ്രകാരം നിരോധിക്കപ്പെട്ട സംഘടനയാണ് ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ്. ഒരു 'പരമാധികാര ഖലിസ്ഥാൻ രാഷ്ട്രം' സ്ഥാപിക്കുകയെന്നതാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. ജമ്മു ആസ്ഥാനമായുള്ള സിഖുകാരാണ് ഈ സംഘടനയുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ
2002 മാർച്ച് 22-ന് പ്രിവൻഷൻ ഓഫ് ടെററിസം ആക്ട് (പോട്ട) പ്രകാരം ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനയാണ് ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ. അമൃത്സറിലെ സുവർണ്ണ ക്ഷേത്ര സമുച്ചയത്തിൽ നിന്ന് സിഖ് ഭീകരരെ തുരത്താൻ വേണ്ടി കേന്ദ്ര സ‍ർക്കാർ നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് ശേഷമാണ് ഈ സംഘടന രൂപീകരിക്കുന്നത്. 1984ൽ യുകെയിലാണ് സംഘടന തുടങ്ങിയത്. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ കൊല്ലപ്പെട്ട ജർനൈൽ സിംഗ് ബിന്ദ്രൻവാലയുടെ അനന്തരവൻ അമരിക് സിങ്ങും ജസ്ബീർ സിംഗ് റോഡും ചേർന്നാണ് ഐഎസ്‌വൈഎഫ് സ്ഥാപിച്ചത്.
advertisement
ലഷ്‌കർ-ഇ-തൊയ്ബ/പസ്ബാൻ-ഇ-അഹ്‌ലെ ഹാദിസ്
1990ൽ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ രൂപീകരിച്ച തീവ്രവാദ സംഘടനയാണ് ലഷ്ക‍ർ ഇ തൊയ്ബ. ഹാഫിസ് മുഹമ്മദ് സയീദിന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനിലെ ലാഹോറിനടുത്തുള്ള മുരിദ്‌കെ ആസ്ഥാനമാക്കിയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. 1993ലാണ് ജമ്മു കശ്മീരിൽ ആദ്യമായി ലഷ്ക‍ർ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ സജീവമായിരുന്ന ഇസ്ലാമി ഇൻക്വിലാബി മഹാസുമായി ചേർന്ന് 12 പാകിസ്ഥാൻ, അഫ്ഗാൻ കൂലിപ്പടയാളികൾ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമം നടത്തിയിരുന്നു.
ഇന്ത്യൻ ഉദ്യോഗസ്ഥർ, സൈനികർ, സിവിലിയൻമാർ എന്നിവർക്കെതിരെ ലഷ്‌കർ നിരവധി ആക്രമണങ്ങൾ അഴിച്ച് വിട്ടിട്ടുണ്ട്. ഗുജറാത്തിലെ അക്ഷ‍ർധാം ക്ഷേത്രത്തിന് നേരെ 2002ൽ ഉണ്ടായ ആക്രമണം, 2003ലെ മുംബൈ സ്‌ഫോടനം, 2005ലെ ഡൽഹി ബോംബ് സ്‌ഫോടനങ്ങൾ, 2006ലെ മുംബൈ സ്‌ഫോടനങ്ങൾ, 26/11 മുംബൈ കൂട്ടക്കൊല എന്നിവയാണ് ലഷ്കറിൻെറ നേതൃത്വത്തിൽ ഇന്ത്യയിലുണ്ടായ പ്രധാനപ്പെട്ട ആക്രമണങ്ങൾ.
advertisement
ജെയ്‌ഷെ-ഇ-മുഹമ്മദ്/തഹ്‌രിക്-ഇ-ഫുർഖാൻ
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സുന്നി തീവ്രവാദ സംഘടനയാണ് ജെയ്‌ഷെ ഇ മുഹമ്മദ്. 1994ൽ തീവ്ര ഇസ്ലാമിക പണ്ഡിതൻ മസൂദ് അസ്ഹറാണ് ജെഇഎം രൂപീകരിച്ചത്. രൂപീകൃതമായത് മുതൽ നിരവധി തീവ്രവാദി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ, അൽ-ഖ്വയ്ദ തുടങ്ങിയ ഭീകരവാദ സംഘടനകളുമായി ജെയ്‌ഷെ ഇ മുഹമ്മദിന് അടുത്ത ബന്ധമുണ്ട്. 2001ലെ പാർലമെന്റ് ആക്രമണത്തിന് പിന്നിൽ ഈ സംഘടനയായിരുന്നു. ഇന്ത്യൻ ഗവൺമെൻറിനെയും സ‍ർക്കാർ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
advertisement
ഹർകത്ത്-ഉൽ-മുജാഹിദീൻ/ഹർകത്ത്-ഉൽ-അൻസാർ/ഹർകത്ത്-ഉൽ-ജെഹാദ്-ഇ-ഇസ്‌ലാമി
അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനത്തിന് പല തവണ നേതൃത്വം നൽകിയിട്ടുള്ള സംഘടനയാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹർകത്ത് ഉൽ മുജാഹിദ്ദീൻ. രണ്ട് പേരുകളിലായി രണ്ട് ഘട്ടങ്ങളിലായി ഈ സംഘടന പ്രവർത്തിച്ചിട്ടുണ്ട്. ഹർക്കത്ത്-ഉൽ-അൻസാർ എന്ന പേരിലാണ് ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെ കശ്മീരിൽ തീവ്രവാദ പ്രവ‍ർത്തനങ്ങൾ നടത്തുന്ന സംഘടനയാണിത്. അമേരിക്ക വിലക്കിയത് കാരണമാണ് രണ്ടാം ഘട്ടത്തിൽ പേര് മാറ്റേണ്ടതായി വന്നത്.
ഹിസ്ബ്-ഉൽ-മുജാഹിദീൻ/ ഹിസ്ബ്-ഉൽ-മുജാഹിദീൻ പിർ പഞ്ചൽ റെജിമെന്റ്
ജമ്മു കശ്മീരിൽ നിലവിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഭീകരസംഘടനകളിലൊന്നാണ് ഹിസ്ബ് ഉൽ മുജാഹിദീൻ. 2002ലെ തീവ്രവാദ നിരോധന നിയമപ്രകാരമാണ് സംഘടനയെ നിരോധിച്ചത്. സംസ്ഥാനത്തിന്റെ സമ്പൂർണ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിൽ (JKLF) നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രവർത്തനം തുടങ്ങിയത്. ആദ്യകാല ഹിസ്ബ് പ്രവർത്തകരിൽ പലരും ജെകെഎൽഎഫ് മുൻ അംഗങ്ങളായിരുന്നു. സംഘടനയുടെ ചീഫ് കമാൻഡർ അബ്ദുൾ മജീദ് ദാർ ഇന്ത്യൻ ഗവൺമെന്റിനോട് വെടിനി‍ർത്തൽ പ്രഖ്യാപിക്കാൻ തയ്യാറാണെന്ന് വാഗ്ദാനം നടത്തിയതോടെയാണ് ഹിസ്ബ് ഉൽ മുജാഹിദീൻ ശ്രദ്ധിക്കപ്പെടുന്നത്. സംഘടനയുടെ തലവൻ സയ്യിദ് സലാഹുദ്ദീൻ ആദ്യം ഇക്കാര്യം അഗീകരിച്ചുവെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു.
advertisement
അൽ-ഉമർ-മുജാഹിദ്ദീൻ
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ വെച്ച് ഹൈജാക്ക് ചെയ്ത ഐസി 814 വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ഇന്ത്യൻ സ‍ർക്കാർ 1999 ഡിസംബർ 31-ന് മോചിപ്പിച്ച മൂന്ന് ഭീകരരിൽ ഒരാളായ മുഷ്താഖ് അഹമ്മദ് സർഗറിൻെറ നേതൃത്വത്തിലാണ് അൽ ഉമർ മുജാഹിദ്ദീൻ രൂപീകരിക്കുന്നത്. 1989 ഡിസംബറിലാണ് സംഘടന രൂപീകരിച്ചത്. ശ്രീനഗർ ആസ്ഥാനമായുള്ള മതപ്രഭാഷകൻ മൗലവി ഉമർ ഫാറൂഖിന്റെ മൗനാനുവാദത്തോടെയാണ് സംഘടന പ്രവർത്തനം തുടങ്ങുന്നത്.
യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ)
വിഘടനവാദ പ്രവർത്തനങ്ങൾ കാരണം 1990ൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനയാണ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം. ഭീമകാന്ത ബുറാഗോഹൈൻ, അരബിന്ദ രാജ്ഖോവ എന്ന രാജീവ് രാജ്‌കോൺവാർ, അനുപ് ചേതിയ എന്ന ഗോലപ് ബറുവ, പ്രദീപ് ഗൊഗോയ് എന്ന സമീരൻ ഗൊഗോയ്, ഭദ്രേശ്വർ ഗൊഹെയ്ൻ, പരേഷ് ബറുവ എന്നിവർ ചേർന്ന് 1979 ഏപ്രിൽ 7നാണ് സംഘടന രൂപീകരിച്ചത്. പരമാധികാര സോഷ്യലിസ്റ്റ് അസം എന്നതാണ് ഉൾഫയുടെ പ്രഖ്യാപിത ലക്ഷ്യം. സംഘടനയക്ക് രാഷ്ട്രീയ വിഭാഗവും സൈനിക വിഭാഗവുമുണ്ട്. പരേഷ് ബറുവ സൈനിക വിഭാഗത്തിന്റെ തലവനായിരുന്നു. രാഷ്ട്രീയ വിഭാഗത്തിന്റെ തലവനായിരുന്നു അരബിന്ദ രാജ്ഖോവ.
അസമിലെ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് (എൻഡിഎഫ്ബി):
ബോഡോ ജനതയ്ക്ക് വേണ്ടി പരമാധികാര ബോഡോലാൻഡ് രൂപീകരിക്കാനായി 1986ൽ രൂപം കൊണ്ട വിഘടനവാദ സംഘടനയാണ് നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്. സാധാരണക്കാരെ ലക്ഷ്യമിട്ട് സംഘം നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ സ‍ർക്കാരുമായി വെടിനിർത്തൽ കരാറിൽ ഒപ്പിട്ടിട്ടുണ്ട്.
പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)
1978 സെപ്തംബർ 25ന് എൻ ബിഷേശ്വ‍ർ സിങ്ങിന്റെ നേതൃത്വത്തിലാണ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സ്ഥാപിതമായത്. വടക്കുകിഴക്കൻ പ്രദേശങ്ങൾ മുഴുവൻ ഉൾക്കൊള്ളുന്ന ഒരു വിപ്ലവമുന്നണി രൂപീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം. പരമ്പരാഗത വിഭാഗങ്ങളായ മെയ്തികൾ, നാഗാസ്, കുകിസ് എന്നിവരെ യോജിപ്പിച്ച് മണിപ്പൂരിന് സ്വയംഭരണാധികാരം നേടിയെടുക്കുക എന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. മെയ്തി സംഘടനയാണെങ്കിലും മറ്റുള്ളവരെയും ഉൾക്കൊള്ളുന്ന ആദിവാസി-ട്രാൻസ് സംഘടനയാണെന്നാണ് അവകാശപ്പെടുന്നത്.
ജമ്മു ആൻറ് കശ്മീർ ഇസ്ലാമിക് ഫ്രണ്ട്
യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്)
പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക്ക് (PREPAK)
കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി (KCP)
കംഗ്ലേയ് യോൾ കൻബ ലുപ്പ് (KYKL)
മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (MPLF)
ഓൾ ത്രിപുര ടൈഗർ ഫോഴ്സ്
നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര
ജമിയത്തുൽ മുജാഹിദീൻ
ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ):
ഹിന്ദു തമിഴരുടെ സ്വതന്ത്ര മാതൃരാജ്യത്തിന് വേണ്ടി പോരാടുന്ന വടക്കുകിഴക്കൻ ശ്രീലങ്കയിൽ പോരാട്ടം നടത്തുന്ന തീവ്രവാദ വിഘടനവാദി ഗ്രൂപ്പാണ് ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം. വേലുപ്പിള്ള പ്രഭാകരനാണ് 1970-കളുടെ തുടക്കത്തിൽ എൽ.ടി.ടി.ഇ സ്ഥാപിച്ചത്. 2009 മെയിൽ ശ്രീലങ്കൻ സായുധസേന പ്രഭാകരനെ വധിച്ചു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തയത് എൽടിടിഇ പ്രവർത്തകരാണ്.
സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ:
ഇസ്‌ലാമിക മതമൗലികവാദ സംഘടനയായ സിമി 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന ആശയമാണ് ഉയർത്തി പിടിച്ചത്. യുവ തീവ്രവാദ വിദ്യാർത്ഥികളുടെ സംഘടനയായ സിമി ഇന്ത്യയ്‌ക്കെതിരെ 'ജിഹാദ്' പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ നിരവധി പ്രവർത്തകർ മുൻ സിമി പ്രവർത്തകരാണെന്ന് പറയപ്പെടുന്നു.
ദീൻദാർ അഞ്ജുമാൻ:
കർണാടകയിലെ ഗുൽബർഗ ജില്ലയിലെ ബെല്ലംപേട്ടിൽ 1924-ൽ ഹസ്രത്ത് മൗലാന ദീൻദാർ ചന്നബസവേശ്വര സിദ്ദിഖിയാണ് ദീൻദാർ അഞ്ജുമാൻ വിഭാഗം രൂപീകരിച്ചത്. ആന്ധ്രാപ്രദേശ്, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ വിവിധ ആരാധനാലയങ്ങളിൽ നടന്ന 13 ബോംബ് സ്‌ഫോടനങ്ങളിൽ ഈ സൂഫി വിഭാഗത്തിന് പങ്കുണ്ടായിരുന്നുവെന്ന് സൗത്ത് ഏഷ്യ ടെററിസം പോർട്ടൽ പറയുന്നു. സിദ്ദീഖിയുടെ മകനായിരുന്നു ഈ ആക്രമണങ്ങളുടെ സൂത്രധാരൻ.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) - പീപ്പിൾസ് വാർ:
1980 ഏപ്രിൽ 22 ന് ആന്ധ്രാപ്രദേശിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) - പീപ്പിൾസ് വാർ സംഘടന രൂപം കൊള്ളുന്നത്. സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള നക്സൽ നേതാവ് കൊണ്ടപ്പള്ളി സീതാരാമയ്യയാണ് തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ്-ലെനിനിസ്റ്റ്, (സിപിഐ-എംഎൽ) മുൻ കേന്ദ്ര ഓർഗനൈസിങ് കമ്മിറ്റി അംഗമായിരുന്നു സീതാരാമയ്യ.
മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ (എംസിസി)
ദക്ഷിൺ ദേശ് എന്ന പേരിൽ 1969 ഒക്ടോബർ 20നാണ് സംഘടന ആദ്യം രൂപം കൊള്ളുന്നത്. 1975-ൽ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ (എംസിസി) എന്ന് പുനർനാമകരണം ചെയ്തു. വിവിധ മാവോയിസ്റ്റ് പാർട്ടികളുടെ ലയനത്തിൽ ഒപ്പം നിന്നില്ല.
അൽ ബദർ
ജമ്മു കശ്മീരിനെ പാക്കിസ്ഥാനുമായി ലയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1998 ജൂണിൽ രൂപം കൊണ്ട അൽ ബദർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ട്. 2002 ഏപ്രിൽ 1 ന് അൽ ബദറിനെ സർക്കാർ നിരോധിച്ചു.
അൽ-ഖ്വയ്ദ:
1980കളിൽ ഒസാമ ബിൻ ലാദൻ സ്ഥാപിച്ച ഭീകരവാദ സംഘടന. നിരവധി തീവ്രവാദ ഇസ്ലാമിക സംഘടനകളെ യോജിപ്പിച്ച് പ്രവർത്തിക്കുന്നു. അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിന് നേതൃത്വം നൽകിയ തീവ്രവാദി സംഘടന.
ദുഖ്തരൻ-ഇ-മില്ലത്ത് (ഡിഇഎം):
1987 ൽ രൂപീകരിച്ച സംഘടന കശ്മീർ പ്രശ്നം പ്രാഥമികമായി മതപരമായ പ്രശ്നമാണെന്നും ജിഹാദ് നിർബന്ധമാണെന്നും നിലപാടെടുത്തിട്ടുണ്ട്. സ്തീകളുടെ സംഘടനയായ ദുഖ്തരൻ-ഇ-മില്ലത്ത് ഇത് വരെ ആയുധമെടുത്ത് ആക്രമണം നടത്തിയിട്ടില്ല.
തമിഴ്നാട് ലിബറേഷൻ ആർമി (ടിഎൻഎൽഎ):
നക്സലൈറ്റ് നേതാവായിരുന്ന പുലവർ കലിയപെരുമാളിന്റെ പ്രവർത്തനങ്ങളിൽ നിന്നാണ് ടിഎൻഎൽഎയുടെ ഉത്ഭവം. തമിഴ്‌നാടിന് സ്വാതന്ത്ര അധികാരം അനിവാര്യമാണെന്നും സ്വാതന്ത്ര്യം നേടുന്നതിന് സായുധ പോരാട്ടം ആവശ്യമാണെന്നും സംഘടന വിശ്വസിക്കുന്നു.
തമിഴ് നാഷണൽ റിട്രീവൽ ട്രൂപ്സ് (TNRT)
അഖിൽ ഭാരത് നേപ്പാളി ഏകതാ സമാജ് (ABNES)
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)
ഗാരോ നാഷണൽ ലിബറേഷൻ ആർമി (GNLA)
കാമതപൂർ ലിബറേഷൻ ഓർഗനൈസേഷൻ
നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (ഖപ്ലാങ്)
ഇസ്ലാമിക് സ്റ്റേറ്റ്/ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ്/ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ:
പ്രധാനമായും പടിഞ്ഞാറൻ ഇറാഖിലും കിഴക്കൻ സിറിയയിലും പ്രവർത്തിക്കുന്ന ഒരു അന്തർദേശീയ സുന്നി വിമത ഗ്രൂപ്പാണ് ഇസ്ലാമിക് സ്റ്റേറ്റ്. 2013 ഏപ്രിലിൽ ISIL എന്ന പേരിലാണ് സംഘടന ആദ്യമായി പ്രവർത്തനം ആരംഭിക്കുന്നത്. 2014 ന്റെ തുടക്കത്തിൽ ഇറാഖി സർക്കാർ സേനയെ പ്രധാന പടിഞ്ഞാറൻ നഗരങ്ങളിൽ നിന്ന് പുറത്താക്കി കൊണ്ടാണ് ആക്രമണങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ഇന്ത്യൻ മുജാഹിദീൻ:
സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി), ഉത്തർപ്രദേശിലെ ഹർകത്ത് ഉൾ ജിഹാദ്-ഇ-ഇസ്‌ലാമി (ഹുജി) എന്നിവയുമായി ബന്ധമുണ്ടായിരുന്ന ചില വ്യക്തികൾ ചേ‍ർന്ന് രൂപീകരിച്ച സംഘടന.
മലയാളം വാർത്തകൾ/ വാർത്ത/Explained/
പോപ്പുലർ ഫ്രണ്ട് മാത്രമല്ല, ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് മുതൽ എൽടിടിഇ വരെ; ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനകൾ
Next Article
advertisement
Monthly Horoscope October 2025 | കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
  • മിഥുനം രാശിക്കാര്‍ക്ക് കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും കാണാന്‍ കഴിയും.

  • ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും പ്രണയത്തില്‍ ഐക്യവും കാണാനാകും.

  • കുംഭം രാശിക്കാര്‍ ആത്മീയമായും സാമൂഹികമായും വളരും. മൊത്തത്തിലുള്ള ക്ഷേമം ശ്രദ്ധിക്കുക.

View All
advertisement