• HOME
  • »
  • NEWS
  • »
  • explained
  • »
  • Buffer Zone |എന്താണ് ബഫര്‍സോണ്‍? എങ്ങനെയാണ് ജനങ്ങളെ ബാധിക്കുക?

Buffer Zone |എന്താണ് ബഫര്‍സോണ്‍? എങ്ങനെയാണ് ജനങ്ങളെ ബാധിക്കുക?

ബഫര്‍സോണെന്താണെന്ന് അറിയണമെങ്കില്‍ നിലമ്പൂര്‍ കോവിലകത്തെ റിസീവറായിരുന്ന ടി എന്‍ ഗോദവര്‍മ്മ തിരുമുല്‍പ്പാട് ആരായിരുന്നെന്നുകൂടി മനസ്സിലാക്കണം.

  • Last Updated :
  • Share this:
രാജ്യത്തെ സംരക്ഷണ വനമേഖലയായ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സചേതന മേഖലയാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണിപ്പോള്‍  അലയടിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ബഫര്‍സോണ്‍ വിഷയത്തില്‍ സജീവമാണ്. വയനാട്ടിലെ കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതോടെയാണ് ബഫര്‍സോണ്‍ വിഷയം സജീവ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്താണ് ബഫര്‍സോണ്‍? എങ്ങനെയാണ് ബഫര്‍സോണ്‍ ജനങ്ങളെ ബാധിക്കുക? ഇങ്ങനെ ഒട്ടനവധി സംശയങ്ങളുയരുമ്പോഴും വനംമന്ത്രി എ കെ ശശീന്ദ്രന് പോലും ഇക്കാര്യത്തില്‍ വ്യക്തമായൊരു നിര്‍ദേശം ജനങ്ങള്‍ക്ക് മുമ്പില്‍ വെയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

ബഫര്‍സോണ്‍ വിഷയം വൈകാരികമായി കൈകാര്യം ചെയ്യേണ്ട വിഷയമാണോ എന്ന കാര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കൊന്നുംതന്നെ  വ്യക്തതയുമില്ല. ബഫര്‍സോണെന്താണെന്ന് അറിയണമെങ്കില്‍ നിലമ്പൂര്‍ കോവിലകത്തെ റിസീവറായിരുന്ന ടി എന്‍ ഗോദവര്‍മ്മ തിരുമുല്‍പ്പാട് ആരായിരുന്നെന്നുകൂടി മനസ്സിലാക്കണം. വനംസരക്ഷണ നിയമങ്ങളിലെല്ലാം തിരുമുല്‍പ്പാടിന്റെ പേരുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതെങ്ങനെയാണ്?  ബഫര്‍സോണുമായി തിരുമുല്‍പ്പാടിന് എന്ത് ബന്ധം?  അതൊന്ന് നോക്കാം.

ഗോദവര്‍മ്മ തിരുമുല്‍പ്പാടും വനംസംരക്ഷണവും......
രാജ്യത്തെ വനസംരക്ഷണവുമായി ബന്ധപ്പെട്ട നൂറ്റി അറുപതോളം കേസുകളില്‍ കൂട്ടിവായ്ക്കപ്പെട്ട പേരാണ് ടി എന്‍ ഗോദവര്‍മ്മ തിരുമുല്‍പ്പാട്. ടിഎന്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ ഡബ്ല്യൂ പി(സി) 202/95 എന്ന പ്രമാദമായ കേസും വനത്തില്‍ നിന്നും ഒരു തരത്തിലുള്ള മരങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെ മുറിക്കരുത് എന്ന വിധിന്യായവും ഇന്ത്യന്‍ വനനിയമത്തിന്റെ കാതലായ വശങ്ങളാണ്. വനഭൂമിയില്‍ നിന്ന് മരമില്ലുകള്‍ അഞ്ച് കിലോമീറ്റര്‍ ദൂരം പാലിക്കണമന്ന ശ്രദ്ദേയമായ കോടതിവിധിക്ക് ആധാരമായ പൊതു താത്പര്യ ഹര്‍ജി നല്‍കിയത് തിരുമുല്‍പ്പാടായിരുന്നു. ഇതിന്റെ ഭാഗമായി വനമേഖലയിലെ അനധികൃത വനം മുറിയെയും അനധികൃത മില്ലുകളെയും നിയന്ത്രിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കഴിഞ്ഞു. വനവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നടത്തിയതിനാല്‍ വനനിയമങ്ങളെക്കുറിച്ചുള്ള  നിയമ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകത്തില്‍ തിരുമുല്‍പ്പാടിന്റെ കേസുകളും റഫറന്‍സിനായി ഉള്‍പ്പെടുത്തിയത് ചരിത്രം. തിരുമുല്‍പ്പാടിന് ബഫര്‍സോണുമായി എന്ത് ബന്ധം എന്നാണ് ചോദ്യമെങ്കില്‍, അതിനും ഉത്തരമുണ്ട്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിലെ വനസംരക്ഷണവുമായി ബന്ധപ്പെട്ട് 1995ല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗ്രീന്‍ബെല്‍റ്റ് എന്ന ആശയം പ്രാവര്‍ത്തികമായത്. പിന്നീട് സുപ്രീംകോടതിയില്‍ വനസംരക്ഷണവുമായി ബന്ധപ്പെട്ട് വന്ന കേസുകളെല്ലാം തിരുമുല്‍പ്പാട് കേസുകളുമായി ബന്ധിപ്പിച്ചാണ് പരിഗണിച്ചത്. 2017ല്‍ ഗോദവര്‍മ്മ തിരുമുല്‍പ്പാട് മരിച്ചെങ്കിലും ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസ് പൊതുതാല്‍പര്യ ഹര്‍ജിയെന്ന പരിഗണനയില്‍ നിലനിന്നു.

സുപ്രീംകോടതിയും ബഫര്‍സോണും.....
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍സോണ്‍ അഥവാ പരിസ്ഥിതി സചേതന മേഖല എങ്ങനെയായിരിക്കണമെന്നും നിയന്ത്രണങ്ങളുടെ സ്വഭാവം ഉള്‍പ്പെടുന്ന മാര്‍ഗരേഖ തയ്യാറാക്കിയത് സുപ്രീംകോടതി നിര്‍ദേശപ്രകാരം 2003ല്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച ഉന്നതധികാര സമിതി(സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി)യായിരുന്നു. ഇതുസംബന്ധിച്ച് വിശദമായ വിജ്ഞാപനവും പുറത്തിറങ്ങി. സംരക്ഷിത വനത്തിന് ചുറ്റുമുള്ള ബഫര്‍ സോണെന്ന ബെല്‍റ്റേരിയയില്‍ നിന്ന് ജനവാസമേഖലകളെയും കൃഷിയെയും തോട്ടങ്ങളെയും നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കണമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനത്തിലുള്ളത്. പക്ഷേ വനംവകുപ്പിന്റെ അനുമതിയോടെയേ ബഫര്‍സോണില്‍ വീട് നിര്‍മ്മാണംപോലും അനുവദിക്കുകയുള്ളു. വന്‍കിട്ട കെട്ടിടങ്ങള്‍, റിസോര്‍ട്ടുകള്‍, ഖനികള്‍, രാസമാലിന്യങ്ങള്‍ പുറംതള്ളുന്ന വ്യവസായ ശാലകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണമോ നിരോധനമോ ഈ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന ബഫര്‍സോണിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ പല സംസ്ഥാനങ്ങളിലെയും സര്‍ക്കാറുകള്‍, ഖനന കമ്പനികള്‍, പരിസ്ഥിതി സംരക്ഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ കക്ഷിചേര്‍ന്നു. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാനോ നശിപ്പിക്കാനോ അനുവദിക്കാതെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാറിനാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ സുപ്രീംകോടതി മറന്നില്ല. പരിസ്ഥിതി സംരക്ഷണം ലോകത്തിന്റെ തന്നെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് വനം സംരക്ഷണ കേസുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പലകുറി ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. 2022 ജൂണ്‍ മൂന്നിന് വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സചേതന മേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെകെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേരളത്തിലെ കാര്യം.......
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും തൊട്ടുപിന്നാലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും വന്നതോടെ സമരങ്ങളുടെ വേലിയേറ്റമായിരുന്നു കേരളത്തില്‍. ഈ രണ്ട് റിപ്പോര്‍ട്ടുകളെയും മറികടക്കാന്‍ 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ചു. പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ പരമാവധി വെള്ളം ചേര്‍ത്തൊരു റിപ്പോര്‍ട്ടായിരുന്നു ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടേത്. ബദല്‍ നിര്‍ദേശങ്ങടങ്ങിയ ഈ റിപ്പോര്‍ട്ട് പക്ഷേ കേരളത്തിന് പുറത്തുപോയില്ല. അതായത് സൂപ്രീകോടതിക്ക് ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് കൈമാറാനുള്ള  ധൈര്യം കേരളത്തിനുണ്ടായില്ലെന്ന് സാരം. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സമരം തുടരുന്ന പ്രതിപക്ഷത്തിന്റെ കണ്ണില്‍പ്പൊടിയിടാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തന്ത്രം മാത്രമായിരുന്നു ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍  കേരളംപോലുള്ള ജനവാസമേഖലയെ എങ്ങനെയാണ് ബാധിക്കുകയെന്ന കാര്യത്തില്‍ മാധവ് ഗാഡ്ഗിലിനോടും കസ്തൂരിരംഗനോടും ഉമ്മന്‍ വി ഉമ്മനോടും ആ കാലത്ത് ആശയവിനിമയം നടത്താന്‍ ഈ ലേഖകന് കഴിഞ്ഞിരുന്നു.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ വരുന്ന നിര്‍മ്മിതികളുടെയും ഖനികളുടെയും ആവാസ കേന്ദ്രങ്ങളെക്കുറിച്ചും പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2011 മുതല്‍ ഇക്കാലയളവ് വരെ യുഡിഎഫ്- എല്‍ഡിഎഫ് സര്‍ക്കാറുകള്‍ ഇത് സംബന്ധിച്ച് കണക്കെടുപ്പുപോലും നടത്തിയില്ലയെന്നതാണ് വാസ്തവം. ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ വെയ്ക്കാതെ അപ്രായോഗികവും അസാധ്യവുമായ കാര്യങ്ങളാണ് കേരളം മുന്നോട്ടുവച്ചത്. കേരളത്തില്‍ ബഫര്‍സോണേ വേണ്ടെന്ന കേരളത്തിന്റെ നിലപാട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഒരു തരത്തിലും പരിഗണിക്കാന്‍ സാധ്യതയും കാണുന്നില്ല.  സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍വേ നടത്തി ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കുകയായിരുന്നു കേരളം ചെയ്യേണ്ടിയിരുന്നത്. കേരളത്തിലെ എത്ര കുടുംബങ്ങളെ ബഫര്‍സോണ്‍ ബാധിക്കുമെന്ന്  കണ്ടെത്താനും അത് കേന്ദ്രത്തെ അറിയിക്കാനും കഴിയേണ്ടതായിരുന്നു. വനത്തിന് ചുറ്റും എല്ലായിടത്തും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വരുന്നത് കേരളം പോലുള്ള ജനസാന്ദ്രതയേറെയുള്ള സംസ്ഥാനത്ത് പ്രായോഗികമല്ലെന്ന വിലയിരുത്തല്‍ വളരെ ശരിയാണ്. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ സഹിതം ഒരു കിലോമീറ്റര്‍ എന്നുള്ളത് സ്ഥലപരിമിതിയനുസരിച്ച് ജനസാന്ദ്രയേറെയുള്ള പ്രദേശങ്ങളില്‍ മാറ്റം വരുത്താന്‍ കേരളത്തിന് ആവശ്യപ്പെടാവുന്നതായിരുന്നു. മറിച്ച് കേരളത്തിന് ബഫര്‍സോണേ വേണ്ടെന്ന് പറയുന്നത്  അപ്രായോഗിക തീരുമാനം മാത്രമാകും.

നീലഗിരിയില്‍ സംഭവിച്ചത് ആവര്‍ത്തിക്കരുത്..
1991ല്‍ മലയാളിയായ ലീനാ നായര്‍ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലാ കളക്ടറായിരുന്ന കാലം. 1949ലെ സ്വകാര്യ വനസംരക്ഷണ നിയമത്തിന്റെ മറ പിടിച്ച് കര്‍ഷക വിരുദ്ദമായ നടപടികളിലേക്ക് തിരിഞ്ഞത് ലീനാ നായരായിരുന്നു. നിലമ്പൂര്‍ കോവിലകത്തിന്റെ അധീനതയിലുണ്ടായിരുന്ന ഭൂമി സംസ്ഥാന രൂപീകരണത്തിന് പിന്നാലെ രണ്ടായി തരംതിരിക്കപ്പെട്ടിരുന്നു. കേരളത്തില്‍ ഈ ഭൂമിയിലുള്ള കുടിയാന്‍മാര്‍ക്ക് കൈവശരേഖ നല്‍കി. അവശേഷിക്കുന്നത് വനമാക്കി നിലനിര്‍ത്തി. നീലഗിരിയില്‍ വരുന്ന കോവിലക ഭൂമിയിലെ കൈവശക്കാര്‍ ഇപ്പോഴും സങ്കീര്‍ണ്ണമായ വനസംരക്ഷണ നിയമത്തില്‍പ്പെട്ട് കുരുക്കിലാണ്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കിലുള്ള ജന്മം ഭൂമിയില്‍ സെക്ഷന്‍-17 എന്ന് തരംതിരിച്ച് ജനവാസമേഖലയില്‍ കര്‍ശന നിയന്ത്രണംകൊണ്ടുവന്നു. ഭൂമിയുടെ ഈടില്‍ വായ്പയെടുക്കാന്‍പോലും കര്‍ഷകര്‍ക്കിപ്പോഴും കഴിയുന്നില്ല. വീടുകള്‍ അറ്റകുറ്റ പണികള്‍ നടത്താന്‍പോലും വനംവകുപ്പിന്റെ അനുമതി നിര്‍ബന്ധം. ഗൂഡല്ലൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം 46,000 ഏക്കര്‍ ഭൂമി ക്രയംവിക്രയം നടത്താനാവാതെ കിടക്കുകയാണ്. പട്ടയഭൂമിയില്‍പോലും കെട്ടിട നിര്‍മ്മാണത്തിന് കര്‍ശന വ്യവസ്ഥകളുണ്ട്. കെട്ടിട പ്ലാന്‍ അനുമതിക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ജനങ്ങള്‍ വലയുകയാണ്. 1991ന് ശേഷം നീലഗിരിയില്‍ നടപ്പാക്കിയ മാസ്റ്റര്‍ പ്ലാന്‍ പദ്ധതി, ഗ്രീന്‍ ബെല്‍റ്റ് ഏരിയ, പട്ടയ നിരോധന നിയമം, പട്ടയമില്ലാത്ത ഭൂമിയിലെ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കരുതെന്ന 98ലെ ഉത്തരവ്, വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഗൂഡല്ലൂരിലെ ഓവാലി പഞ്ചായത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് 2005 മുതലുള്ള നിയന്ത്രണം ഇതെല്ലാം സാധാരണ ജനങ്ങളെ ഇപ്പോഴും ബാധിക്കുന്നുണ്ട്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ് സംരക്ഷിക്കേണ്ട പരിസ്ഥിതി കവചമാണ്.

(ന്യൂസ് 18 കേരളയിൽ സീനിയർ സ്‌പെഷ്യൽ കറസ്പോണ്ടന്റാണ് ലേഖകൻ)
Published by:Sarath Mohanan
First published: