മൊബൈല്‍ ഫോണ്‍ തലച്ചോറില്‍ കാന്‍സറുണ്ടാക്കുമോ? ലോകാരോഗ്യ സംഘടന പഠനത്തില്‍ പറയുന്നത്

Last Updated:

ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) നിയോഗിച്ച സംഘമാണ് ഈ പഠനം നടത്തിയത്. എന്‍വിയോണ്‍മെന്റ് ഇന്റര്‍നാഷണല്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

(Getty Images)
(Getty Images)
നമ്മുടെ നാട്ടില്‍ മൊബൈല്‍ ഉപയോഗം പ്രചാരം നേടിയിട്ട് വളരെ വര്‍ഷങ്ങളായി. മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ വന്നപ്പോള്‍ മുതലുള്ള സംശയമാണ് അവയുടെ വയര്‍ലെസ് സാങ്കേതികവിദ്യയില്‍നിന്നുമുള്ള ഇലക്ട്രോമാഗ്നിറ്റിക് റേഡിയേഷന്‍ കാന്‍സറുണ്ടാക്കുമോ എന്നത്. എന്നാല്‍, ഈ സംശയത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് പുതിയ പഠനം. വയര്‍ലെസ് സാങ്കേതികവിദ്യകള്‍ പുറത്തുവിടുന്ന റേഡിയോ തരംഗങ്ങള്‍ വളരെ ശക്തി കുറഞ്ഞതാണ്. കോശങ്ങളുടെ ഡിഎന്‍എയില്‍ തകരാറുണ്ടാക്കാനുള്ള ഊര്‍ജം ഇവയ്ക്കില്ലെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) നിയോഗിച്ച സംഘമാണ് ഈ പഠനം നടത്തിയത്. എന്‍വിയോണ്‍മെന്റ് ഇന്റര്‍നാഷണല്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിലധികം കാലം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ പരമാവധി കോളുകള്‍ നടത്തുകയോ ചെയ്തവരില്‍പോലും അപകടസാധ്യത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ന്യൂസീലാന്‍ഡിലെ ഓക്ക്‌ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ മാര്‍ക്ക് എല്‍വുഡ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ തലച്ചോറില്‍ കാന്‍സര്‍ ഉണ്ടാക്കില്ല
''മൊബൈല്‍ ഫോണ്‍ ഉപയോഗവും മസ്തിഷ്‌ക കാന്‍സറും തലയിലും കഴുത്തിലുമായി കാണപ്പെടുന്ന കാന്‍സറുകളും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗം കുതിച്ചുയരുന്നുണ്ടെങ്കിലും ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നവരുടെ എണ്ണം സ്ഥിരമായ നിരക്കില്‍ തന്നെ തുടരുകയാണ്,'' പഠനത്തില്‍ പങ്കെടുത്ത ഗവേഷകനായ കെന്‍ കരിപ്പിഡിസ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയുടെ( അര്‍പാന്‍സ) നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ അവലോകനത്തില്‍ ഈ വിഷയത്തെക്കുറിച്ചുള്ള 5000ല്‍ പരം പഠനങ്ങളാണ് പരിശോധിച്ചത്.
advertisement
ഇതുവരെയുള്ള പഠനങ്ങളിലൊന്നും മൊബൈല്‍ ഫോണ്‍ ഉപയോഗവും കാന്‍സറും തമ്മില്‍ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍ വയര്‍ലെസ് സാങ്കേതികവിദ്യകള്‍ കാന്‍സറിന് കാരണമാകില്ലെന്ന് ''ആത്മവിശ്വാസത്തോടെ'' പറയാന്‍ കഴിയുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
മൊബൈല്‍ ഫോണിന്റെ പ്രവര്‍ത്തനം എങ്ങനെ?
റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ വഴിയാണ് മൊബൈല്‍ഫോണ്‍ സിഗ്നലുകള്‍ കൈമാറുന്നത്. ഇത് വൈദ്യുതകാന്തിക സ്‌പെക്ട്രത്തിലെ ഊര്‍ജത്തിന്റെ ഒരു രൂപമാണ്. അതിനാലാണ് മൊബൈല്‍ഫോണുകള്‍ ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷന്‍ പുറപ്പെടുവിക്കുന്നതെന്ന് പറയപ്പെടുന്നു.
4ജി, 5ജി, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയവയെല്ലാം റേഡിയോ തരംഗങ്ങളായാണ് ഡാറ്റകള്‍ കൈമാറുന്നത്. എന്നാല്‍ ഇവയ്ക്ക് ഒന്നിനുപോലും ശരീരത്തിലെ കോശങ്ങളെ ചൂടാക്കാനോ അവയ്‌ക്കോ ഡിഎന്‍എയ്‌ക്കോ തകരാര്‍ വരുത്താനോ കഴിയില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
advertisement
ഈ റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ എക്‌സ്-റേ, ഗാമ, അള്‍ട്രാവയലറ്റ് രശ്മി എന്നിവയില്‍ ഉപയോഗിക്കുന്ന അയണൈസിംഗ് റേഡിയേഷനുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്.
പഠനത്തിന്റെ പ്രധാന്യം
2011ല്‍ റേഡിയോ ഫ്രീക്വന്‍സിയും ഇലക്ട്രോമാഗ്നറ്റിക് ഫീല്‍ഡുകളും കാന്‍സറിന് സാധ്യതയുണ്ടാക്കുന്നുണ്ടോയെന്നറിയാന്‍ ലോകാരോഗ്യസംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സറിനെ (ഐഎആര്‍സി) നിയോഗിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗവും അര്‍ബുദവും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് മാത്രമല്ല മൊബൈല്‍ ഫോണിന്റെ ദീര്‍ഘകാല ഉപയോഗവും (10 വര്‍ഷവും അതില്‍ കൂടുതലോ ഉപയോഗിക്കുന്നത്) ആവൃത്തിയും (വിളിച്ച കോളുകളുടെ എണ്ണം അല്ലെങ്കില്‍ ഓരോ കോളിനും ചെലവഴിച്ച സമയം) തമ്മിലും ബന്ധമൊന്നുമില്ലെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 5000ല്‍ പരം പഠനങ്ങളാണ് വിശകലനം ചെയ്തത്.
advertisement
തലച്ചോറിനെ ബാധിക്കുന്ന കാന്‍സറുകള്‍ (മൂന്ന് തരം, കുട്ടികളെ ബാധിക്കുന്നതും) പിറ്റ്യൂട്ടറി ഗ്രന്ഥി, ഉമിനീര്‍ ഗ്രന്ഥികള്‍, രക്താര്‍ബുദം എന്നിവയെല്ലാം പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദഗ്ധര്‍ പറയുന്നത് എന്ത്?
''സെല്‍ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ അയൊണൈസിംഗ് അല്ലാത്തവയാണ്, അതായത് കാന്‍സറിന് കാരണമാകാത്തത്. അതേസമയം, ഒരു എക്സ് റേ മെഷീനില്‍ നിന്നുള്ള വികിരണം അയോണൊസിംഗ് ആണ്. ഇത് കാന്‍സര്‍ ഉണ്ടാക്കുന്നതാണ്. കെമിക്കല്‍ ബോണ്ടുകള്‍ തകര്‍ക്കാനും ആണവ നിലയങ്ങളിലെ പോലെ ആറ്റങ്ങളില്‍ നിന്ന് ഇലക്ട്രോണുകള്‍ നീക്കം ചെയ്യാനും ജൈവ പദാര്‍ഥങ്ങളിലെ കോശങ്ങളെ നശിപ്പിക്കാനും എക്‌സ് റേ പോലെയുള്ള അയോണൈസിംഗ് റേഡിയേഷന് മതിയായ ഊര്‍ജമുണ്ട്'', ഈ രംഗത്തെ വിദഗ്ധനായ ഡോ. ശങ്കറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
advertisement
കാന്‍സര്‍ കണ്ടെത്താന്‍ കൂടെക്കൂടെ പരിശോധനകള്‍ നടത്താനും പുകവലി പോലെയുള്ള അപകടസാധ്യതയുള്ള ഘടകങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താനും ഡോ. ശങ്കര്‍ ശുപാര്‍ശ ചെയ്യുന്നു. അതേസമയം, മൊബൈല്‍ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുന്നത് നല്ലതാണെന്നും തലവേദന, ഉത്കണ്ഠ, കേള്‍വിക്കുറവ് എന്നിവയ്ക്ക് അത് കാരണമായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/ വാർത്ത/Explained/
മൊബൈല്‍ ഫോണ്‍ തലച്ചോറില്‍ കാന്‍സറുണ്ടാക്കുമോ? ലോകാരോഗ്യ സംഘടന പഠനത്തില്‍ പറയുന്നത്
Next Article
advertisement
'എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യും'; എംവി ഗോവിന്ദൻ
'എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യും'; എംവി ഗോവിന്ദൻ
  • എൻഎസ്എസ് പിന്തുണ എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് ഗുണം ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

  • എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ് പിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • കേന്ദ്ര-സംസ്ഥാന തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടമാകരുതെന്ന് എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

View All
advertisement