• HOME
  • »
  • NEWS
  • »
  • explained
  • »
  • ആരാണ് ഗവർണർ? ഗവർണറെ നിയമിക്കുന്നതും നീക്കുന്നതുമാര്? ​സർക്കാർ-​ഗവർണർ പോരു നടക്കുന്ന സംസ്ഥാനങ്ങൾ

ആരാണ് ഗവർണർ? ഗവർണറെ നിയമിക്കുന്നതും നീക്കുന്നതുമാര്? ​സർക്കാർ-​ഗവർണർ പോരു നടക്കുന്ന സംസ്ഥാനങ്ങൾ

കേരളത്തിന് പുറമേ തമിഴ്നാട്ടിലും തെലുങ്കാനയിലും സംസ്ഥാന സർക്കാരുകളും ​ഗവർണർമാരും തമ്മിലുള്ള അഭിപ്രായ വ്യത്യസങ്ങൾ മറനീക്കി പുറത്തു വന്നു കഴിഞ്ഞു.

  • Share this:
ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർമാരും ഭരണസംവിധാനവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ രൂക്ഷമായി തുടരുകയാണ്.​ കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും തെലുങ്കാനയിലും സംസ്ഥാന സർക്കാരുകളും ​ഗവർണർമാരും തമ്മിലുള്ള അഭിപ്രായ വ്യത്യസങ്ങൾ മറനീക്കി പുറത്തു വന്നു കഴിഞ്ഞു.

കേരള സർക്കാരും ​ഗവർണർ ആരിഫ് ഖാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയിട്ട് ഏറെ നാളായി. ഏറ്റവും ഒടുവിൽ ഓർഡിനൻസ് മുഖേന സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ​ഗർവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള മാർ​ഗം തേടിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. തമിഴ്നാട്ടിലെ സ്ഥിതിയും സമാനമാണ്. ഗവർണർ ആർഎൻ രവിയെ തിരിച്ചുവിളിക്കണമെന്ന് തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം തന്റെ ഫോൺ തെലങ്കാനയിൽ ചോർത്തുന്നു എന്ന ആശങ്ക ഉയർത്തിയിരിക്കുകയാണ് തെലങ്കാന ​ഗവർണർ തമിഴിസൈ സൗന്ദരരാജൻ.

ടിആർഎസ് ഭരിക്കുന്ന തെലങ്കാനയിൽ “ജനാധിപത്യവിരുദ്ധ” സാഹചര്യമാണെന്ന് തെലങ്കാന ഗവർണർ അവകാശപ്പെടുമ്പോൾ, രവിയുടെ പ്രവൃത്തികൾ ഗവർണർ സ്ഥാനത്തുള്ളവർക്ക് യോജിച്ചതല്ലെന്നും അദ്ദേഹം രാജിവെക്കണമെന്നും ഭരണകക്ഷിയായ ഡിഎംകെയും സഖ്യകക്ഷികളും പ്രസിഡന്റ് ദ്രൗപതി മുർമുവിനോട് പറഞ്ഞു.

കേരളത്തിൽ എൽഡിഎഫ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഗവർണറെ സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കാനാണ് മന്ത്രിസഭാ തീരുമാനം. ആ സ്ഥാനത്തേക്ക് പ്രഗത്ഭരായ അക്കാദമിക് വിദഗ്ധരെ നിയമിക്കാനാണ് സർക്കാർ തീരുമാനം. അടുത്തമാസം ചേരുന്ന നിയമസഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിക്കും. എന്നാൽ നീക്കത്തെ എതിർക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം. ഈ നീക്കത്തെ കോൺഗ്രസിന് പുറമെ ബിജെപിയും ശക്തമായി എതിർക്കുന്നുണ്ട്. ഗവർണറെ സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരിക്കുന്നത്. ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമേ നിയമമാകൂ. നിയമ വിരുദ്ധ നടപടി അനുവദിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

Also Read-ഗവര്‍ണറെ കലാമണ്ഡലത്തിന്‍റെ ചാന്‍സര്‍ സ്ഥാനത്ത് നിന്ന് നീക്കി; പദവിയിലേക്ക് സാംസ്കാരിക നായകര്‍ വരും

ഇത്തരത്തിൽ സർക്കാർ- ​ഗവർണർ പോരുകൾ തുടരുന്നതിന് ഇടയിൽ, എങ്ങനെയാണ് ഒരു ഗവർണറെ നിയമിക്കുന്നത്, അദ്ദേഹത്തിന്റെ അധികാരങ്ങൾ എന്തെല്ലാമാണ്, എങ്ങനെ ഗവർണറെ പുറത്താക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ന്യൂസ് 18 വിശദീകരിക്കുന്നു:

ഗവർണർ നിയമനവും നീക്കം ചെയ്യലും
ഭരണഘടനയുടെ ആർട്ടിക്കിൾ 155, 156 എന്നിവ പ്രകാരം രാഷ്ട്രപതിയാണ് ഒരു ഗവർണറെ നിയമിക്കുന്നത്. രാഷ്ട്രപതിയുടെ പ്രീതി ഉള്ളിടത്തോളം പ്രവർത്തിക്കുകയും ചെയ്യുന്നു. ഗവർണറുടെ അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഗവർണറുടെ മേലുള്ള പ്രീതി പിൻവലിച്ചാൽ, അദ്ദേഹം രാജിവെക്കണം. രാഷ്ട്രപതി പ്രധാനമന്ത്രിയുമായും മന്ത്രി സഭയുമായും ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ഗവർണറെ നിയമിക്കാനും നീക്കം ചെയ്യാനും കേന്ദ്രസർക്കാരിന് കഴിയും. അതിനാൽ, ഒരു ഗവർണർ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നു പറയാം.

ഭരണഘടനയുടെ ആർട്ടിക്കിൾ 163 അനുസരിച്ച്, ഗവർണറുടെ വിവേചനാധികാരം ആവശ്യമുള്ള പ്രവർത്തനങ്ങളിലൊഴികെ, സാധാരണയായി മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. മന്ത്രിമാരുടെ സമിതി ഭരണകാര്യങ്ങളിൽ ഗവർണറെ സഹായിക്കും. ഗവർണറുടെ ചുമതലകളും കർത്തവ്യങ്ങളും ഒരു സംസ്ഥാനത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിരിക്കുന്നതിനാൽ ഗവർണറെ ഇംപീച്ച് ചെയ്യുന്നതിനുള്ള വ്യവസ്ഥകളൊന്നും നിലവിലില്ല.

എന്താണ് ​പ്രീതി സിദ്ധാന്തം (pleasure doctrine) ?
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 310 അനുസരിച്ച്, യൂണിയന്റെ പ്രതിരോധത്തിലോ സിവിൽ സർവീസിലോ ഉള്ള ഓരോ വ്യക്തിയും രാഷ്ട്രപതിയുടെ പ്രീതി അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനങ്ങളിലെ സിവിൽ സർവീസിലുള്ള ഓരോ അംഗവും ഗവർണറുടെ പ്രീതി അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. മറുവശത്ത്, ആർട്ടിക്കിൾ 311 ഒരു സിവിൽ സർവീസുകാരനെ നീക്കം ചെയ്യുന്നത് പരിമിതപ്പെടുത്തുന്നുമുണ്ട്. സിവിൽ ഉദ്യോഗസ്ഥർക്ക് എതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളിൽ വാദം കേൾക്കാനുള്ള ന്യായമായ അവസരം ഇത് ഉറപ്പുനൽകുന്നു. ആർട്ടിക്കിൾ 164 അനുസരിച്ച്, ഗവർണർ ആണ് മുഖ്യമന്ത്രിയെ നിയമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർ മറ്റ് മന്ത്രിമാരെയും നിയമിക്കുന്നു. ഗവർണറുടെ പ്രീതിയ്ക്ക് അനുസരിച്ചാണ് മന്ത്രിമാർ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രം നിയമിക്കപ്പെട്ട ഒരു ഭരണഘടനാ സംവിധാനത്തിൽ, പരാമർശിച്ചിരിക്കുന്ന ‘പ്രീതി’ (‘pleasure) ഗവർണറേക്കാൾ മന്ത്രിയെ പിരിച്ചുവിടാനുള്ള മുഖ്യമന്ത്രിയുടെ അവകാശത്തെയാണ് സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെയും ഗവർണർക്ക് സ്വന്തം നിലയ്ക്ക് ഒരു മന്ത്രിയെ നീക്കം ചെയ്യാൻ കഴിയില്ല.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങൾ
മന്ത്രിമാരുടെ സമിതിയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കേണ്ട അരാഷ്ട്രീയ തലവനായി വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും ചില ഭരണഘടനാപരമായ അധികാരങ്ങളും ഗവർണർക്ക് ഉണ്ട്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലിന് അംഗീകാരം നൽകുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യുക, സംസ്ഥാന നിയമസഭയുടെ സമ്മേളനത്തിന് അനുമതി നൽകുക , തിരഞ്ഞെടുപ്പിന് ശേഷം ഒരു പാർട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ സമയം നിർണ്ണയിക്കുക, എന്നിങ്ങനെയുള്ള അധികാരങ്ങൾ ​ഗർവർണർക്കുണ്ട്. അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോൾ ഗവർണറും സംസ്ഥാനവും തമ്മിൽ പരസ്യമായ സംവാദത്തിൽ ഏർപ്പെടുന്നതിനെ നിയന്ത്രിക്കുന്ന വ്യവസ്ഥകളൊന്നും ഭരണഘടനയിലില്ല. അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടാകുമ്പോൾ പരസ്പരം അതിരുകൾ ലംഘിക്കാതെ ബഹുമാനിക്കുന്ന രീതിയാണ് പരമ്പരാഗതമായുള്ളത്.

സുപ്രീംകോടതി പറയുന്നത് എന്ത്?
ഷംഷേർ സിങും പഞ്ചാബ് സർക്കാരും (1974) തമ്മിലുള്ള കേസിൽ, രാഷ്ട്രപതിയും ഗവർണറും വിവിധ ആർട്ടിക്കിളുകൾക്ക് കീഴിലുള്ള എല്ലാ എക്സ്ക്യൂട്ടീവുകളുടെയും മറ്റ് അധികാരങ്ങളുടെയും സംരക്ഷകരെന്ന നിലയിൽ , അറിയപ്പെടുന്ന ചില അസാധാരണ സാഹചര്യങ്ങളിലൊഴികെ, മന്ത്രിമാരുടെ ഉപദേശപ്രകാരം മാത്രമേ അവരുടെ ഔപചാരിക ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കാവൂ എന്നാണ് ഏഴംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത്.

“ഭരണഘടന പ്രകാരം ഗവർണർക്ക് സ്വയം നിർവഹിക്കാൻ കഴിയുന്ന ഒരു പ്രവൃത്തിയുമില്ല; ഒരു ചുമതലകളും ഇല്ല. ​ഗവർണർക്ക് ചുമതലകൾ ഒന്നുമില്ലെങ്കിലും, അദ്ദേഹത്തിന് നിറവേറ്റാൻ ചില കടമകളുണ്ട്, ഈ വ്യത്യാസം സഭ മനസ്സിൽ സൂക്ഷിക്കണം." ഭരണഘടനയുടെ 163-ാം അനുച്ഛേദം ഗവർണർക്ക് തന്റെ മന്ത്രി സഭയുടെ ഉപദേശത്തിനെതിരെയോ അല്ലാതെയോ പ്രവർത്തിക്കാനുള്ള വിശാലമായ വിവേചനാധികാരം നൽകുന്നില്ലെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published: