17ാമത് രാജ്യാന്തര ഹ്രസ്വചിത്ര മേളയ്ക്ക് ഓഗസ്റ്റ് 22ന് തുടക്കമാകും; 52 രാജ്യങ്ങളില്‍ നിന്നുള്ള 331 സിനിമകള്‍ പ്രദർശനത്തിന്
- Published by:meera_57
- news18-malayalam
Last Updated:
ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍ നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17ാമത് IDSFFKയില്‍ 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍ നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
ആഗസ്റ്റ് 22 വെള്ളിയാഴ്ച രാവിലെ 9.15 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറു മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങിനുശേഷം ഉദ്ഘാടനചിത്രമായ 'ഫ്രം ഗ്രൗണ്ട് സീറോ' പ്രദര്‍ശിപ്പിക്കും. 22 പലസ്തീന്‍ സംവിധായകരുടെ സംരംഭമായ ഈ ചിത്രം ഗാസയില്‍ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകള്‍ പകര്‍ത്തുന്നു.
ഡെലിഗേറ്റ് പാസിന്റെ വിതരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ആരംഭിക്കും. മല്‍സര വിഭാഗത്തിലെ ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഇന്റര്‍നാഷണല്‍ ഫിലിംസ്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകള്‍ക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്‌ളാസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
advertisement
ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. രാകേഷ് ശര്‍മ്മയുടെ നാല് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
സമീപകാലത്ത് അന്തരിച്ച ശ്യാം ബെനഗല്‍, ഷാജി എന്‍. കരുണ്‍, സുലൈമാന്‍ സിസെ, തപന്‍കുമാര്‍ ബോസ്, തരുണ്‍ ഭാര്‍ട്ടിയ, പി.ജയചന്ദ്രന്‍, ആര്‍.എസ് പ്രദീപ് എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും.
ആഗസ്റ്റ് 27 ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ മല്‍സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ടു ലക്ഷം രൂപയും ഷോര്‍ട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. കേരളത്തില്‍ നിര്‍മ്മിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയാണ് പുരസ്‌കാരത്തുക.
advertisement
പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീ. registration.iffk.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും കൈരളി തിയേറ്റര്‍ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 20, 2025 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
17ാമത് രാജ്യാന്തര ഹ്രസ്വചിത്ര മേളയ്ക്ക് ഓഗസ്റ്റ് 22ന് തുടക്കമാകും; 52 രാജ്യങ്ങളില്‍ നിന്നുള്ള 331 സിനിമകള്‍ പ്രദർശനത്തിന്