13-ാം വയസിൽ തുടക്കം..ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ച ആദ്യ ഇന്ത്യൻ നടൻ; 39-ാം വയസിൽ മരിച്ച പ്രമുഖ താരം!
- Published by:Sarika N
- news18-malayalam
Last Updated:
ആനപ്പാപ്പാനിൽ നിന്നും ഹോളിവുഡ് സ്റ്റാറായി മാറിയ ഇന്ത്യക്കാരൻ
ഇന്ന് ഒരു ഇന്ത്യൻ താരം ഹോളിവുഡ് സിനിമയിൽ ഒരു മിനിറ്റ് പ്രത്യക്ഷപ്പെട്ടാൽ പോലും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്ന കാലമാണ്. പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. എന്നാൽ, ഇന്റർനെറ്റോ മൊബൈൽ ഫോണോ ഇല്ലാത്ത കാലത്ത് ഹോളിവുഡിൽ നായകനായി അരങ്ങുവാണ ഒരു ഇന്ത്യക്കാരനുണ്ടായിരുന്നു. നടൻ സാബു ദസ്തഗിർ (Sabu Dastagir) ലോകം 'സാബു' എന്ന് വിളിപ്പേരുള്ള ഒരു മൈസൂരുകാരൻ.
advertisement
യാതൊരു അഭിനയ പാരമ്പര്യവുമില്ലാതെയാണ് സാബു സിനിമയിലെത്തിയത്. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട സാബു മൈസൂർ കൊട്ടാരത്തിലെ ആനത്താവളത്തിൽ ഒരു ആനപ്പാപ്പാൻ ആയി ജോലി നോക്കുകയായിരുന്നു. 1930-കളിൽ 'എലിഫന്റ് ബോയ്' എന്ന ചിത്രത്തിനായി ലൊക്കേഷൻ തേടി മൈസൂരിലെത്തിയ വിഖ്യാത സംവിധായകൻ റോബർട്ട് ഫ്ലാഹെർട്ടിയാണ് ആനപ്പുറത്തിരിക്കുന്ന സാബുവിനെ കണ്ടത്. ആ കൂടിക്കാഴ്ച സാബുവിന്റെ തലവര മാറ്റിമറിച്ചു.
advertisement
1937-ൽ പുറത്തിറങ്ങിയ 'എലിഫന്റ് ബോയ്' ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറി. സാബുവിന്റെ സ്വാഭാവിക അഭിനയം കണ്ട നിർമ്മാതാക്കൾ അദ്ദേഹത്തെ ലണ്ടനിലേക്ക് കൊണ്ടുപോയി. പിന്നാലെ 'ദി ഡ്രം' (1938), ഓസ്‌കാർ ജേതാവായ 'ദി തീഫ് ഓഫ് ബാഗ്ദാദ്' (1940), 'ദി ജംഗിൾ ബുക്ക്' (1942) തുടങ്ങിയ വമ്പൻ ചിത്രങ്ങളിലൂടെ സാബു ഹോളിവുഡിലെ സൂപ്പർതാരമായി വളർന്നു.
advertisement
സിനിമയിലെന്നപോലെ ജീവിതത്തിലും സാബു ഒരു നായകനായിരുന്നു. 1944-ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ച അദ്ദേഹം രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ വ്യോമസേനയിൽ ചേർന്നു. യുദ്ധവിമാനത്തിൽ 'ടെയിൽ ഗണ്ണർ' ആയി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ധീരതയ്ക്കുള്ള 'ഡിസ്റ്റിംഗ്വിഷ്ഡ് ഫ്ലൈയിംഗ് ക്രോസ്' മെഡലും ലഭിച്ചു. എന്നാൽ യുദ്ധത്തിന് ശേഷം ഹോളിവുഡിൽ സാബുവിന് നേരിടേണ്ടി വന്നത് വിവേചനമായിരുന്നു. തലപ്പാവ് ധരിക്കുന്ന സ്ഥിരം വേഷങ്ങളിലേക്ക് അദ്ദേഹം ഒതുക്കപ്പെട്ടു.
advertisement
1950-കളിൽ സിനിമാ അവസരങ്ങൾ കുറഞ്ഞതോടെ സാബു റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് തിരിഞ്ഞു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ക്ലാസിക് ചിത്രമായ 'മദർ ഇന്ത്യ'യിലെ ബിർജു എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് സാബുവിനെയായിരുന്നു. എന്നാൽ അമേരിക്കൻ പൗരനായിരുന്ന അദ്ദേഹത്തിന് വർക്ക് പെർമിറ്റ് ലഭിക്കാത്തതിനാൽ ആ വേഷം നഷ്ടമായി. പിന്നീട് സുനിൽ ദത്താണ് ആ വേഷം അനശ്വരമാക്കിയത്.
advertisement
1963-ൽ വെറും 39-ാം വയസ്സിൽ ഹൃദയാഘാതം മൂലം സാബു ഈ ലോകത്തോടു വിടപറഞ്ഞു. തന്റെ അവസാന ചിത്രമായ 'എ ടൈഗർ വാക്ക്സി'ൽ ഒരു മൃഗ പരിശീലകനായാണ് അദ്ദേഹം വേഷമിട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ ഒരു ഏഷ്യക്കാരൻ നായകനായി മാറുക എന്നത് അചിന്തനീയമായ കാര്യമായിരുന്നു. ആ കടമ്പ കടന്ന സാബു 1960-ൽ ഹോളിവുഡ് 'വാക്ക് ഓഫ് ഫെയിമിൽ' ഇടം നേടിയ ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡും സ്വന്തമാക്കി. 1948 ഒക്ടോബർ 19-ന് സാബു നടിയായ മെർലിൻ കൂപ്പറിനെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു.










