Kantara | കാന്താര സെറ്റെന്ന 'മരണക്കിണർ'; അപകടങ്ങൾ ശാപമോ യാദൃശ്ചികം മാത്രമോ? 20 ജൂനിയർ ആർട്ടിസ്റ്റുകൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
- Published by:meera_57
- news18-malayalam
Last Updated:
പ്രകൃതിയെയും ദൈവിക ശക്തികളെയും ആരാധിച്ചു പോന്ന തുളുനാട്ടുകാരുടെ ആചാരത്തെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രമാണ് 'കാന്താര
2024 നവംബർ : സ്ഥലം കർണാടകയിലെ കൊല്ലൂരിനടുത്തുള്ള ജഡ്കാൽ. 'കാന്താര' സിനിമയിലേക്കുള്ള ജൂനിയർ ആർട്ടിസ്റ്റുകളുമായി ഷൂട്ടിംഗ് കഴിഞ്ഞ് യാത്ര പുറപ്പെട്ട ബസ് അപകടത്തിൽപ്പെടുന്നു. ഡ്രൈവർക്ക് വണ്ടിയുടെ മേലുള്ള നിയന്ത്രണം വിടുകയും, ആറു പേരെ പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഷൂട്ടിംഗ് പ്രതിസന്ധി.
2025 മെയ് 6: കർണാടകയിലെ കൊല്ലൂരിലെ സൗപർണിക നദി. 'കാന്താര'യിലെ ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാളായ വൈക്കം സ്വദേശി, 32കാരൻ എം.എഫ്. കപിലിന്റെ മുങ്ങിമരണം. ഷൂട്ടിംഗിന്റെ ഭാഗമായല്ല മരണം സംഭവിച്ചത് എന്ന് ഔദ്യോഗിക ഭാഷ്യം.
2025 മെയ് 11: 'കാന്താരയുടെ' ഭാഗമായ കന്നഡ സിനിമയുടെ പ്രിയ കൊമേഡിയൻ രാകേഷ് പൂജാരി 34-ാം വയസിൽ ഹൃദയാഘാതം മൂലം മരണപ്പെടുന്നു. സുഹൃത്തിന്റെ മെഹന്ദി ചടങ്ങിൽ പങ്കെടുക്കവെ വെളുപ്പിന് രണ്ടു മണിയോട് കൂടി കുഴഞ്ഞു വീണ രാകേഷിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
advertisement
2025 ജൂൺ 14: ചിത്രത്തിന്റെ ഭാഗമായുള്ള ഏറ്റവും ഒടുവിലത്തെ മരണം. മലയാളിയായ മിമിക്രി താരം കലാഭവൻ നിജു (43) ഹൃദയാഘാതം മൂലം മരിച്ചു. 'കാന്താര'യുമായി ബന്ധപ്പെട്ട് രണ്ടു മാസങ്ങൾക്കിടയിലെ മൂന്നാമത് മരണം
2025 ജൂൺ 16: വീണ്ടുമൊരു മരണം നൽകിയ ആഘാതം വിട്ടുമാറും മുൻപ് നായകൻ ഋഷഭ് ഷെട്ടി ഉൾപ്പെടുന്ന ടീം ഷൂട്ടിങ്ങിനിടെ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെടുന്നു. ശിവമോഗയിൽ നടന്ന അപകടത്തിൽ പെട്ട 30 പേരും സുരക്ഷിതരായി കരകയറി
വ്യക്തികൾ ഉൾപ്പെട്ടില്ല എങ്കിലും, 2024 നവംബറിൽ ഹൊസാനഗരയിലെ പേമാരിയിൽ 'കാന്താര: ചാപ്റ്റർ 1ന്റെ' സെറ്റ് തകർന്നുവീണു. മണി ഡാം കരകവിഞ്ഞതിനെ തുടർന്നായിരുന്നു അപകടം. മൂന്നു മരണങ്ങളും രണ്ട് അപകടങ്ങളും നൽകിയ ആഘാതത്തിൽ മുന്നോട്ട് പോകുന്ന ചിത്രത്തെപ്പറ്റി 'കാന്താരയുടെ ശാപം' എന്ന പേരിൽ ചർച്ച സജീവമായിക്കഴിഞ്ഞു.
advertisement
നിർമാല്യവും, മണിച്ചിത്രത്താഴും, ഞാൻ ഗന്ധർവനും, കളിയാട്ടവും, അനന്തഭദ്രവും ആഘോഷിച്ച മലയാള സിനിമയ്ക്ക് പ്രാദേശിക ആരാധനയെയും മിത്തുകളെയും അധികരിച്ചുള്ള ചിത്രങ്ങളിൽ പുതുമ കാണില്ല എങ്കിലും, പാൻ ഇന്ത്യൻ സ്കെയ്ലിലെ കാന്താര പോലൊരു സിനിമയുടെ സെറ്റിലെ അപകടങ്ങളുടെ തുടർക്കഥ ആശങ്കാവഹമായി തീരുന്നു. ആഹിരി രാഗത്തിൽ 'പഴന്തമിഴ് പാട്ടിനു' ഈണമിട്ട എം.ജി. രാധാകൃഷ്ണൻ നേരിട്ട ആരോഗ്യപ്രശ്നങ്ങളും, 'ഞാൻ ഗന്ധർവ്വൻ' റിലീസിന് പിന്നാലെ സംഭവിച്ച സംവിധായകൻ പത്മരാജന്റെ അകാലമരണവും ഇപ്പോൾ കാന്താരയിലെ സംഭവ പരമ്പരയും ദുസൂചനകളുടെ പരമ്പര എവിടെയും അവസാനിച്ചില്ല എന്ന സൂചന നൽകുന്നുവോ?
advertisement
കാന്താര മുന്നോട്ടുവച്ച ആശയം:
പ്രകൃതിയെയും ദൈവിക ശക്തികളെയും ആരാധിച്ചു പോന്ന തുളുനാട്ടുകാരുടെ ആചാരത്തെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രമാണ് 'കാന്താര'. സിനിമയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്ന ആചാരം, കർണാടകയിലെ തുളുനാട് മേഖലയിൽ പ്രചാരത്തിലുള്ള ഭൂതക്കോലം എന്ന ആത്മീയവും സാംസ്കാരികവുമായ ഒരു ആചാരമാണ്.
കർണാടകയിലെ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും ചില കേരള ജില്ലകളിലും പ്രാദേശിക ആരാധനാമൂർത്തികളെയോ ദേവതകളെയോ ആരാധിക്കുന്ന തുളു സംസാരിക്കുന്നവരുടെ വാർഷിക ആചാരമാണ് ഭൂതക്കോലം. ഭൂതക്കോലം അല്ലെങ്കിൽ ദൈവക്കോലം എന്നും അറിയപ്പെടുന്നു. ഒരു ദേവത (ഭൂത അല്ലെങ്കിൽ ദൈവം) സ്വാധീനിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു കലാകാരൻ ദൈവികതയെ ഉൾക്കൊള്ളുകയും ആരാധകസമൂഹവുമായി ഇടപഴകുകയും ചെയ്യുന്ന ആകർഷകമായ അനുഷ്ഠാന നൃത്തമാണിത്. ഗ്രാമത്തിനും അവിടുത്തെ ജനങ്ങൾക്കും വേണ്ടി ദേവന്മാരിൽ നിന്ന് സംരക്ഷണം, മാർഗനിർദേശം, അനുഗ്രഹം എന്നിവ തേടുകയാണ് ആചാര ലക്ഷ്യം. അപകടപരമ്പര തുടർന്നതും സിനിമയ്ക്ക് മേൽ ദൈവകോപമേറ്റു എന്ന് ഒരുവിഭാഗം ജനം വിശ്വസിച്ചുപോരുന്നു.
advertisement
സൂപ്പർഹിറ്റായ കാന്താരയുടെ പ്രീക്വലാണ് 'കാന്താര: ചാപ്റ്റർ വൺ' വരിക. നടൻ ഋഷഭ് ഷെട്ടി പഞ്ചുരുളിയുടെ അനുഗ്രഹം തേടിയ ശേഷം മാത്രമാണ് ചിത്രീകരണം ആരംഭിച്ചത്. 125 കോടിയുടെ വമ്പൻ ബജറ്റിൽ തീർക്കുന്ന ചിത്രം 2025 ഒക്ടോബർ മാസത്തിൽ റിലീസ് പ്രതീക്ഷിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 17, 2025 5:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kantara | കാന്താര സെറ്റെന്ന 'മരണക്കിണർ'; അപകടങ്ങൾ ശാപമോ യാദൃശ്ചികം മാത്രമോ? 20 ജൂനിയർ ആർട്ടിസ്റ്റുകൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്