• HOME
 • »
 • NEWS
 • »
 • film
 • »
 • പ്രശസ്ത നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

പ്രശസ്ത നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

മലയാള സിനിമയിൽ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു

 • Share this:

  തിരുവനന്തപുരം: പ്രശസ്ത നാടക- സിനിമാ നടൻ കൊച്ചു പ്രേമൻ (കെ എസ് പ്രേംകുമാർ) അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

  നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ആദ്യത്തെ സിനിമ 1979ല്‍ പുറത്തിറങ്ങിയ ‘ഏഴു നിറങ്ങള്‍’ ആണ്. രാജസേനൻ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മലയാള സിനിമയിൽ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു.

  1955 ജൂൺ ഒന്നിന് തിരുവനന്തപുരം പേയാട് ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചു പ്രേമൻ തിരുവനന്തപുരം എംജി കോളേജിൽ നിന്ന് ബിരുദം നേടി.

  ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്.

  തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ കെ ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് സജീവമാകുന്നത്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും അഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു.

  കേരള തീയേറ്റേഴ്സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ പി ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവയിലൂടെ കൊച്ചു പ്രേമൻ നാടകപ്രേമികളുടെ മനസിൽ ഇടംനേടി.

  കൊച്ചു പ്രേമൻ എഴുതി സംവിധാനം ചെയ്ത നാടകം കണ്ട പ്രശസ്ത സംവിധായകൻ ജെ സി കുറ്റിക്കാടാണ് നാടകത്തിൽ നിന്ന് സിനിമയിലേക്ക് അവസരം നൽകിയത്.

  1979ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. 1997ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു.  1997-ൽ റിലീസായ സത്യൻ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായ വേഷം ചെയ്തു.

  കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ രാജീവ് അഞ്ചലിന്റെ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി.

  2016ൽ പുറത്തിറങ്ങിയ രൂപാന്തരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാര പട്ടികയിൽ കൊച്ചുപ്രേമൻ ഇടംനേടിയിരുന്നു. അവസാന ഘട്ടത്തിലെത്തിയ മൂന്നു പേരിൽ അമിതാഭ് ബച്ചനും മമ്മൂട്ടിക്കും ഒപ്പം  കൊച്ചുപ്രേമനും ഉണ്ടായിരുന്നു.

  സംസ്കാരം നാളെ ഉച്ചയോടെ തിരുവനന്തപുരം ശാന്തി കവാടത്തിൽ. രാവിലെ 11 വരെ വലിയവിളയിലെ വീട്ടിൽ സൂക്ഷിക്കുന്ന ഭൗതിക ദേഹം പതിനൊന്നരയോടെ ഭാരത് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. ഒരു മണിക്കൂറാണ് പൊതുദർശനം നിശ്ചയിച്ചിട്ടുള്ളത്. തുടർന്ന് ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും. മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് , ചലച്ചിത്ര മേഖലയിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ കൊച്ചു പ്രേമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

  Published by:Rajesh V
  First published: