ഇന്റർഫേസ് /വാർത്ത /Film / ചിലങ്കയുടെ ശബ്ദം കേൾക്കുന്നുണ്ടോ?...ആ കുളക്കടവിലേക്ക് നടൻ സെന്തിൽ പിന്നെ പോയില്ല

ചിലങ്കയുടെ ശബ്ദം കേൾക്കുന്നുണ്ടോ?...ആ കുളക്കടവിലേക്ക് നടൻ സെന്തിൽ പിന്നെ പോയില്ല

സെന്തിൽ രാജാമണി

സെന്തിൽ രാജാമണി

ആകാശ ഗംഗ 2 ലെ രസകരമായ ചിത്രീകരണ വിശേഷങ്ങൾ പങ്കുവച്ച് സെന്തിൽ രാജാമണി

 • Share this:

  പ്രേത സിനിമകളുടെ സെറ്റുകളിലെല്ലാം പ്രേത കഥകൾ പ്രചരിക്കുക പതിവാണ്. അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സെന്തിൽ രാജാമണി. ആകാശ ഗംഗ ഒന്നാം ഭാഗം എടുത്ത അതേ മനയിൽ തന്നെയാണ് ആകാശ ഗംഗ 2ന്റെ ചിത്രീകരണവും നടന്നത്. ചിത്രീകരണത്തിന് വന്നപ്പോഴേ ചിലർ പറഞ്ഞ് പേടിപ്പിച്ചു.

  പ്രേതബാധയുള്ള മനയാണ് സൂക്ഷിക്കണം എന്നൊക്കെ. അതൊന്നും കാര്യമാക്കാതെ ഷൂട്ടിങ് തുടർന്നു. ഒരു ദിവസം ഭക്ഷണം ഒക്കെ കഴിച്ച് കുളക്കടവിൽ ഇരുന്ന് വിശ്രമിക്കുകയായിരുന്നു സെന്തിൽ. ചിത്രത്തിലെ പ്രൊഡക്ഷനിലെ ചിലർ വന്നു പറഞ്ഞു. അവിടെ അങ്ങനെ ഇരിക്കരുത് പ്രേതബാധയുള്ള സ്ഥലമാണ്. കണ്ടോ ഇവിടെ നായ്ക്കളെ ഒന്നും കാണുന്നില്ലല്ലോ. പ്രേതം ഉള്ളിടത്ത് നായ്ക്കൾ വരാറില്ലല്ലോ. ഒരു ചിലങ്കയുടെ ശബ്ദം കേൾക്കുന്നുണ്ടോ? എന്നൊക്കെ പറഞ്ഞ് അവർ പേടിപ്പിച്ചുകൊണ്ടേയിരുന്നു. പേടിയോടെ ചിലങ്ക ശബ്ദത്തിനായി കാതോർത്തെങ്കിലും ഒന്നും കേൾക്കാനായില്ലെന്ന് സെന്തിൽ പറയുന്നു. എങ്കിലും നല്ല ധൈര്യം ആയതിനാൽ പിന്നീട് ആ കുളത്തിന്റെ ഭാഗത്തേക്ക് പോയതേ ഇല്ല എന്നും താരം കൂട്ടിച്ചേർത്തു. ആകാശ ഗംഗ 2 ലെ രസകരമായ ചിത്രീകരണ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു സെന്തിൽ രാജാമണി.

  ഒന്നാം ഭാഗം കണ്ടില്ലെങ്കിലും രണ്ടാം ഭാഗത്തിൽ അഭിനയിച്ചു...

  ആകാശ ഗംഗയുടെ ഒന്നാം ഭാഗം ഇറങ്ങിയപ്പോൾ സ്കൂളിൽ പഠിക്കുന്ന കുട്ടിയായിരുന്നു സെന്തിൽ. അന്ന് ഈ ചിത്രം കാണാൻ പറ്റിയില്ല. എങ്കിലും കൂട്ടുകാരിൽ നിന്ന് കഥയറിഞ്ഞപ്പോൾ സിനിമയോട് വല്ലാത്ത ഇഷ്ടം തോന്നി. പിന്നീട് വർഷങ്ങൾക്ക് ശേഷം ആ സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നെന്ന് താരം പറയുന്നു. വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെയാണ് സെന്തിൽ സിനിമാ രംഗത്ത് നായകനായി ശ്രദ്ധിക്കപ്പെടുന്നത്. കലാഭവൻ മണിയെ അവതരിപ്പിക്കാൻ തനിക്ക് ഭാഗ്യം ഉണ്ടായത് വിനയന്റെ ധൈര്യവും ആത്മവിശ്വാസവും ഒന്നുകൊണ്ടുമാത്രമാണെന്ന് സെന്തിൽ പറയുന്നു. പിന്നീട് വൈറസിലും ഗൗരവമേറിയ വേഷം. ഇപ്പോഴിതാ ആകാശ ഗംഗ2 ലും ശ്രദ്ധേയ കഥാപാത്രം.

  മിമിക്രിയിൽ തുടങ്ങി സീരിയലിൽ തിളങ്ങി പിന്നീട് ബിഗ് സ്ക്രീനിലേയും അവിഭാജ്യ ഘടകമായി മാറുന്ന സെന്തിൽ സന്തോഷത്തിലാണ്. റിലീസിനൊരുങ്ങുന്ന രണ്ട് ചിത്രങ്ങളിൽ കൂടി ശ്രദ്ധേയ വേഷം. പിന്നെ നിറയെ സ്റ്റേജ് ഷോകളും..

  വിവാദ വിഷയങ്ങളിൽ സെന്തിലിന് മറുപടിയില്ല...

  വലിയ വിവാദ വിഷയങ്ങളിലൊന്നും മറുപടി പറയാൻ മാത്രം താൻ വളർന്നില്ലെന്ന് പറയുകയാണ് സെന്തിൽ. അനിൽ രാധാകൃഷ്ണമേനോൻ-ബിനീഷ് ബാസ്റ്റിൻ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ ഒഴിഞ്ഞു മാറൽ. താൻ സിനിമയിൽ ഒരു തുടക്കക്കാരനാണ്. തനിക്ക് അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അത്തരം വിവാദത്തെ കുറിച്ചൊന്നും പറയാൻ തുടക്കക്കാരനായ തനിക്ക് അറിയുകയും ഇല്ല. മറുപടി പറയാതെ താരം ഒഴിഞ്ഞു മാറി.

  ഏത് കഥാപാത്രവും ചെയ്യാൻ തയാർ..

  ചുരുങ്ങിയ കഥാപാത്രങ്ങളെ ചെയ്തുള്ളൂ എങ്കിലും സീരിയസ് റോളുകളും കോമഡി റോളുകളും തനിക്ക് ചേരും എന്ന് തെളിയിച്ചു കഴിഞ്ഞ താരമാണ് സെന്തിൽ. ഇനിയും ഏത് കഥാപാത്രത്തേയും ചെയ്യാൻ തയാറാണ്. പണ്ട് സിനിമയിലേക്ക് വരാനായിരുന്നു ബുദ്ധിമുട്ട്. ഒരു തവണ വന്നാൽ നിൽക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ ഇപ്പോൾ സിനിമയിലേക്ക് വരാൻ കുറെയൊക്കെ എളുപ്പമാണ്. അവിടെ നിലയുറപ്പിക്കാനാണ് ബുദ്ധിമുട്ട്. അതിന് ഭാഗ്യവും ഒപ്പം കഴിവും വേണം. തന്റെ കഴിവിനൊപ്പം ഭാഗ്യവും തുണയ്ക്കും എന്ന പ്രതീക്ഷയിൽ സെന്തിൽ രാജാമണി മുന്നോട്ട് തന്നെ...

  First published:

  Tags: Aakasha Ganga sequel, Senthil Krishna Rajamani, Vinayan