സൂപ്പർ ഹിറ്റായ പ്രേമത്തിന് ശേഷം ഏഴു വർഷം കഴിഞ്ഞ് അൽഫോൺ പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് ഇന്ന് തിയേറ്ററുകളിൽ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റിലീസിന് മുന്നേ 50 കോടി ക്ലബ്ബിൽ ചിത്രം ഇടംനേടി. പ്രീ റിലീസ് ബിസിനസിലൂടെ 50 കോടിയിൽ അധികം രൂപ ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജിന്റെ കരിയറിലെ ഉയര്‍ന്ന പ്രീ റിലീസാണ് ഇത്.
ലോക വ്യാപകമായി 1350 സ്‍ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക. 5400 ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. ത്രില്ലർ വിഭാഗത്തിലുള്ള സിനിമ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Also Read- ‘ഗോൾഡ്’ റിലീസിന് മുൻപേ 50 കോടി ക്ലബിൽ; പൃഥ്വിയുടെ കരിയറിലെ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ്
ഇതിനിടെ, റിലീസിന് മുന്നോടിയായി ഫേസ്ബുക്കിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ മുന്‍കാല സിനിമകളായ പ്രേമവും നേരവും പോലെ തന്നെ ഗോള്‍ഡിനും കുറവുകളുണ്ടെന്നും അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്
”നേരവും പ്രേമവും പോലെ തന്നെ ഗോള്‍ഡിനും കുറവുകളുണ്ട്. അതുകൊണ്ടു മിക്കവാറും നിങ്ങള്‍ക്കും ഗോള്‍ഡും ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നാളെ ഗോള്‍ഡ് റിലീസ് ആണ്. കണ്ടതിന് ശേഷം ഒഴിവു സമയം ലഭിക്കുമ്പോള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നോട് നിങ്ങളുടെ അഭിപ്രായം തുറന്ന് പറയണേ. ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞു കുളമാക്കുന്നില്ല. എന്റെ ഭാഗത്തു നിന്നുണ്ടായ കാലതാമസത്തിന് മാപ്പ് ചോദിക്കുന്നു. ബാക്കി നിങ്ങള്‍ കണ്ടിട്ടു പറ”
റിലീസിന് മുന്നോടിയായി സിനിമയിലെ തന്നെ തന്നെ… എന്ന വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ഗോൾഡിൽ നയൻതാരയാണ് നായകയായി എത്തുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് സംഗീതം. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.