ആദ്യ ഭാര്യയെ കേൾക്കാതെ മുസ്ലിം പുരുഷന്റെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യാനാവില്ല: ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ടാംവിവാഹം രജിസ്റ്റർ ചെയ്തുനല്‍കാത്ത കാസർഗോഡ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചോദ്യംചെയ്ത് മുസ്ലിം ദമ്പതിമാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്
കൊച്ചി: മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് കേരള ഹൈക്കോടതി. ആദ്യ ഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ വിവാഹം രജിസ്റ്റർ ചെയ്തുനല്‍കരുത്. വിവാഹ രജിസ്‌ട്രേഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.
രണ്ടാംവിവാഹം രജിസ്റ്റർ ചെയ്തുനല്‍കാത്ത കാസർഗോഡ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചോദ്യംചെയ്ത് മുസ്ലിം ദമ്പതിമാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിം വ്യക്തിനിയമം ചില സാഹചര്യങ്ങളില്‍ ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ ആദ്യ ഭാര്യയെ മൂകസാക്ഷിയാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് സ്നേഹബന്ധത്തിലായിരുന്ന സ്ത്രീയെ വിവാഹം കഴിച്ചതെന്നാണ് ഹർജിക്കാരൻ വാദിച്ചത്. രണ്ടുപേർക്കും ആദ്യവിവാഹത്തിൽ രണ്ട് കുട്ടികൾ വീതമുണ്ട്. രണ്ടാംഭാര്യ ആദ്യ ഭർത്താവിൽനിന്ന് ബന്ധം വേർപ്പെടുത്തിയതാണ്. 2008ലെ കേരള രജിസ്ട്രേഷൻ ഓഫ് മാര്യേജസ് (കോമൺ) റൂൾസ് പ്രകാരം ആദ്യഭാര്യക്ക് നോട്ടീസ് നൽകി അവരെ കേൾക്കാതെ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയാണ് പഞ്ചായത്ത് സെക്രട്ടറി അപേക്ഷ നിരസിച്ചത്. എന്നാൽ, മുസ്ലിം വ്യക്തിനിയമ പ്രകാരം മറ്റ് ഭാര്യമാർ ജീവിച്ചിരിക്കെ പുരുഷന് നാലുവരെ വിവാഹം കഴിക്കാമെന്നതിനാൽ രജിസ്ട്രേഷൻ തടഞ്ഞുവെക്കാനാവില്ലെന്ന വാദമാണ് ഹർജിക്കാർ ഉയർത്തിയത്.
advertisement
രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യുംമുന്‍പ് ആദ്യ ഭാര്യക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മതനിയമത്തിനു മുകളിലാണ് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും. 2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടത്തില്‍ രണ്ടാം വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം ബന്ധപ്പെട്ട ഓഫീസര്‍ ആരായണമെന്നുണ്ട്. ഭര്‍ത്താവിന്റെ രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ ആദ്യഭാര്യ അനുഭവിക്കുന്ന മാനസികാവസ്ഥയെ കോടതിക്കു അവഗണിക്കാനാകില്ല. അതിനാല്‍ വിവാഹബന്ധം നിലനില്‍ക്കേ ആദ്യ ഭാര്യയെ മറികടന്ന് രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യാനാകില്ല. ആദ്യവിവാഹം തലാഖിലൂടെ വേര്‍പെടുത്തിയതാണെങ്കില്‍ ഇത് ബാധകമാകില്ല.
രണ്ടാമത് വിവാഹം കഴിക്കുമ്പോള്‍ ആദ്യ ഭാര്യയുടെ അനുമതി വേണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ലെങ്കിലും അറിയിക്കണം എന്നത് എതിര്‍ക്കുന്നില്ല. ലിംഗസമത്വം സ്ത്രീയുടെ പ്രശ്‌നമല്ല, മാനുഷികപ്രശ്‌നമാണെന്നും കോടതി പറഞ്ഞു.
advertisement
മുസ്ലിം വ്യക്തിനിയമ പ്രകാരം നാലുവരെ വിവാഹം കഴിക്കാമെങ്കിലും എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനായാൽ മാത്രമേ ഖുർആൻ ഇത് അനുവദിക്കുന്നുള്ളൂവെന്ന മുൻ കോടതി നിരീക്ഷണം സിംഗിൾ ബെഞ്ച് ആവർത്തിച്ചു. വിവാഹബന്ധം നിലനിൽക്കെ അതിനപ്പുറമുള്ള സ്നേഹബന്ധങ്ങൾ ഖുർആൻ അനുവദിക്കുന്നില്ല. വിവാഹബന്ധങ്ങളിൽ നീതിയും നന്മയും സുതാര്യതയും ഉണ്ടാകണമെന്ന തത്വമാണ് ഖുർആനും പ്രവാചകചര്യയും മുന്നോട്ടുവെക്കുന്നതെന്നും കോടതി വ്യക്തമാക്കി.
Summary: The Kerala High Court ruled that while Muslim Personal Law allows a man to enter into multiple marriages, the opinion of the first wife must be sought for registering the marriage with local self-government institutions, as per the 2008 Marriage Registration Rules. The Court specified that if the first wife raises an objection, the marriage should not be registered. Furthermore, Justice P. V. Kunhikrishnan ordered that the concerned parties should be advised to approach a Civil Court to obtain a final decision regarding the marriage registration.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 05, 2025 7:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആദ്യ ഭാര്യയെ കേൾക്കാതെ മുസ്ലിം പുരുഷന്റെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യാനാവില്ല: ഹൈക്കോടതി


