സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയ വിവാദത്തില്‍ ജൂറിയെ വിമര്‍ശിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. എനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വ്യക്തിപരമായി വിഷമമില്ല പക്ഷെ സിനിമയെ പൂര്‍ണമായി തഴഞ്ഞത് എന്തിനാണ്, വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ എന്നും ഇന്ദ്രന്‍സ് ചോദിച്ചു. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാമെന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.
പുരസ്കാര നിര്‍ണയത്തില്‍ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ലൈംഗീക പീഡനക്കേസില്‍ കുറ്റാരോപിതനായ വിജയ് ബാബു നിര്‍മ്മിച്ച ചിത്രമായതിനാലാണ് ഹോമിനെ ഒഴിവാക്കിയതെന്നും അഭ്യൂഹമുണ്ട്. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനും മഞ്ജു പിള്ളയ്ക്കും അവാര്‍ഡ് നല്‍കാത്തതില്‍ സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി.
Also Read- 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി
നടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടി.
'ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങളെന്ന് ടി സിദ്ധിഖ് കുറിച്ചു.ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച്, ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്നാണ് രമ്യ കുറിച്ചത്.
അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ച ഷാഫി പറമ്പില്‍ ഇന്ദ്രന്‍സിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. 'ജനഹൃദയങ്ങളില്‍' മികച്ച നടന്‍ എന്നും ഇന്ദ്രന്‍സ് ആണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ എത്തിയത്.
ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയതാണ് ഏറ്റവും വലിയ പുരസ്കാരം; പ്രതിഷേധമില്ല: 'ഹോം' സംവിധായകന്‍
അവാര്‍ഡ് നിര്‍ണയത്തില്‍ നിന്ന് ഹോം (Home) സിനിമയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിക്കാനില്ലെന്ന് സംവിധായകന്‍ റോജിന്‍ തോമസ് (RojinThomas), പ്രേക്ഷകര്‍ നല്‍കിയ പിന്തുണയാണ് ഏറ്റവും വലിയ പുരസ്കാരം, സിനിമയ്ക്ക് എന്തുകൊണ്ട് അവാര്‍ഡ് നല്‍കിയില്ല എന്ന് ജൂറിയോ സംഘാടകരോ വ്യക്തമാക്കാത്തതില്‍ വിഷമമുണ്ടെന്നും റോജിന്‍ തോമസ് പറഞ്ഞു.
‘‘ഹോം അവസാനറൗണ്ടിൽ എത്തിയെന്ന് അവാർഡിന്റെ തലേദിവസം വരെ പല ചാനലുകളിലും കേട്ടിരുന്നു. ആ നിമിഷം മാനുഷികമായ രീതിയിൽ നമ്മളും ആഗ്രഹിച്ചുപോയിരുന്നു. അത് ആർക്കാണെങ്കിലും സ്വാഭാവികമായി തോന്നുന്നതാണ്. പക്ഷേ അവാർഡ് കിട്ടിയില്ല എന്നോർത്ത് വിഷമിക്കുന്നുമില്ല.
ജനങ്ങളുടെ ഹൃദയത്തിൽ അവർ ഈ സിനിമയെ സ്വീകരിച്ചുകഴിഞ്ഞു. അതുതന്നെയാണ് ഏറ്റവും വലിയ അവാർഡ്. അതിന്റെ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കാണാന്‍ കഴിയുന്നത്. ജൂറിയിലെ നാലോ അഞ്ചോ പേരെ സംവിധായകനെന്ന നിലയിൽ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയി എന്ന കാര്യത്തിൽ മാത്രമാണ് വിഷമം.
സിനിമയുടെ നിർമാതാവിനെതിരായ കേസിന്റെ പേരിലാണ് ഹോം മാറ്റി നിർത്തപ്പെട്ടതെങ്കിൽ അതു മാറ്റേണ്ട പ്രവണതയാണ്. എന്നാൽ അക്കാരണം കൊണ്ടല്ല ചിത്രത്തിന് അവാർഡ് ലഭിക്കാത്തതെന്ന് ജൂറി പറഞ്ഞിരുന്നു. സത്യാവസ്ഥ അറിയില്ല. ആളുകളുടെ പ്രതികരണം വലിയതോതിൽ വന്നതിനു ശേഷമാണ് അവർ ഒരു വിശദീകരണം നൽകിയത്. മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ജൂറിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി അവര്‍ നല്‍കില്ലെന്നും സംവിധായകന്‍ പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.