അനൂപ് അതേറ്റെടുത്തു; ഒരു പ്രത്യേക സാഹചര്യത്തിൽ
Last Updated:
ആദ്യം തന്നെ താൻ അതിൻറെ ഭാഗം ആണെന്ന് അനൂപ് മേനോൻ പ്രേക്ഷകരോട് പറഞ്ഞിരുന്നു. പലപ്പോഴും ഒരു അഭിനേതാവെന്നതിനുപരി, നല്ലൊരു എഴുത്തുകാരനായും, സാമൂഹിക നിരീക്ഷകനുമായൊക്കെ മലയാളികൾക്ക് സുപരിചിതനായ അനൂപ് മേനോനൊപ്പം സംവിധായകനായ രഞ്ജിത് അഭിനേതാവിന്റെ റോളിലേക്ക് ചുവടു വയ്ക്കുന്ന അവസരം കൂടിയായിരുന്നുവത്. കിംഗ് ഫിഷ് എന്ന പുതിയ ചിത്രത്തിൽ അനൂപും രഞ്ജിത്തും നടന്മാരാണ്. പക്ഷെ ഇതിലെല്ലാം ഉപരി ഇപ്പോൾ മറ്റൊരു കർത്തവ്യം കൂടി അനൂപ് മേനോൻ ഏറ്റെടുത്തിരിക്കുകയായാണ്. കാരണവും അനൂപ് തന്നെ പറയുന്നുണ്ട്. ഉപേക്ഷിക്കാൻ പറ്റാതെ പോയ ഒരു കാരണം.
കിംഗ് ഫിഷ് എന്ന തൻ്റെ അടുത്ത ചിത്രത്തോടെ അനൂപ് മേനോൻ സംവിധായകനാവുകയാണ്. വി.കെ.പ്രകാശ് കൈകാര്യം ചെയ്യേണ്ടിയിരുന്ന സംവിധായകന്റെ മേലങ്കി ഒരു പ്രത്യേക സാഹചര്യം വന്നപ്പോൾ അനൂപ് ഏറ്റെടുത്തിരിക്കുകയാണ്. ആ വാർത്ത ആരാധകരുമായി ഇങ്ങനെ പങ്കു വയ്ക്കുന്നു.
"പ്രിയപ്പെട്ടവരേ, ഞാൻ സംവിധായകനാവുന്നുവെന്ന വിവരം നിങ്ങളോടു പങ്കിടുന്നു. കിംഗ് ഫിഷ് ആണ് ചിത്രം. വി.കെ.പി. സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രത്തിൽ ഡേറ്റിന്റെ പ്രശ്നങ്ങൾ കാരണം, ഞാൻ പകരക്കാരനാവുകയാണ്. നിങ്ങൾ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതുമായ രീതിയിലും ഇത് നിർമ്മിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്. ഇതിനു മുൻപത്തെ എൻ്റെ തിരക്കഥ, 'എൻ്റെ മെഴുതിരി അത്താഴങ്ങൾ'ക്ക് നിങ്ങൾ നൽകിയ സ്നേഹത്തിനും നന്ദി പറയുന്നു. അതിനേക്കാളും മികച്ചതാക്കാൻ ശ്രമിക്കുന്നതാവും. സ്നേഹം," അനൂപിൻറെ ഫേസ്ബുക് കുറിപ്പിങ്ങനെ.
advertisement
എൻ്റെ മെഴുതിരി അത്താഴങ്ങൾ അനൂപ് മേനോൻറെ ഏറ്റവും പുതിയ ചിത്രമാണ്. എഴുത്തുകാരനെന്ന നിലയിലും അനൂപ് തിളങ്ങിയ ചിത്രമാണിത്. മോഹൻലാൽ നായകനായ ഡ്രാമയാണ് രഞ്ജിത്തിന്റെ ഏറ്റവും ഒടുവിലത്തെ സംവിധാന സംരംഭം. ഇരുവരും ആദ്യമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നുവെന്നതാണ് കിംഗ് ഫിഷിന്റെ മറ്റൊരു സവിശേഷത. അംജിത് എസ്. കോയ നിർമ്മിക്കുന്നതാണീ ചിത്രം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 18, 2019 5:57 PM IST