Manju Warrier | മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ അറസ്റ്റിൽ
- Published by:user_57
- news18-malayalam
Last Updated:
മൊബൈൽ ഉപയോഗിക്കുന്ന സനലിന്റെ പക്കൽ നിന്നും പോലീസ് അത് വാങ്ങാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ലൈവിൽ
സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ കേസ് നൽകി. മഞ്ജുവിനെ നിരന്തരം ഭീഷണിപ്പെടുത്തി എന്നതാണ് കേസ്. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. നടിയുടെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ് സനൽ ഒരു ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു. ഇത് ഒട്ടേറെ ചർച്ചകൾക്ക് ഇടം നൽകുകയും ചെയ്തു. മഞ്ജു നായികയായ 'കയറ്റം' എന്ന സിനിമയുടെ സംവിധായകനാണ് സനൽ.
എന്നാൽ പോലീസെത്തിയതും ഫേസ്ബുക്കിൽ സനലകുമാർ ലൈവ് ആരംഭിച്ചു. അറസ്റ്റ് ചെയ്തിട്ടും, മൊബൈൽ ഉപയോഗിക്കുന്ന സനലിന്റെ പക്കൽ നിന്നും പോലീസ് അത് വാങ്ങാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
സനൽകുമാർ ശശിധരന്‍റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം-
വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയും എഴുതുന്ന പോസ്റ്റാണിത്. ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. മഞ്ജുവാര്യരെ ഞാന്‍ പരിചയപ്പെടുന്നത് കയറ്റം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. എന്റെ സെക്സിദുര്‍ഗ കാണാന്‍ എന്താണ് വഴി എന്ന് ചോദിച്ചുകൊണ്ട് അവര്‍ എനിക്ക് മെസേജ് അയക്കുകയായിരുന്നു. സിനിമ ഇഷ്ടപ്പെട്ടെന്നും ഒരുമിച്ച് സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെന്നും അവര്‍ പറഞ്ഞതോടെയാണ് കയറ്റം എന്ന സിനിമയുടെ ആലോചന ഉണ്ടാകുന്നത്. ഏതാണ്ട് ഒരു മാസത്തോളം ഒരുമിച്ച് ഉണ്ടായിരുന്നിട്ടും രണ്ടുപേര്‍ മാത്രം തനിച്ച് ഞങ്ങള്‍ സംസാരിചിട്ട് പോലും ഉണ്ടായിരുന്നില്ല. അവരുടെ സഹായികളായി വന്നതും സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാരായി പിന്നീട് മാറിയവരുമായ ബിനീഷ് ചന്ദ്രന്‍, ബിനു നായര്‍ എന്നിവര്‍ ഒരുമിച്ചല്ലാതെ അവരെ കണ്ടിട്ടില്ല. ഹിമാലയത്തില്‍ കയറ്റത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം ടെന്റുകളിലാണ് ഉണ്ടായിരുന്നത്. മഞ്ജുവാര്യരും, ബിനീഷ് ചന്ദ്രനും, ബിനു നായരും ഒരു ടെന്റിലാണ് താമസിച്ചിരുന്നത്. ചെലവ് ചുരുങ്ങിയ സിനിമ ആയതിനാല്‍ അവര്‍ അങ്ങനെ അഡ്ജസ്റ് ചെയ്യുന്നതാണ് എന്നാണ് ഞാന്‍ കരുതിയിരുന്നത്.
advertisement
പിന്നീട് സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫി ചെയ്യാന്‍ ബിനീഷിന്റെ ഏര്‍പ്പാടില്‍ ഫിറോസ് എന്നയാള്‍ വന്നപ്പോള്‍ നാലുപേരും ഒരു ടെന്റില്‍ തന്നെയായി. സിനിമയുടെ സീനുകള്‍ ചര്‍ച്ചചെയ്യാന്‍ പോലും മഞ്ജുവാര്യരുമായി ഒറ്റയ്ക്ക് സംസാരിച്ചിട്ടില്ല. സിനിമ കഴിഞ്ഞപ്പോള്‍ അത് പുറത്തിറങ്ങാതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി. അക്കാര്യം ഞാന്‍ മഞ്ജുവാര്യരോട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സിനിമ വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഒന്നും വിജയിക്കുന്നില്ല എന്നും അവര്‍ എന്നോട് പറഞ്ഞു. സിനിമയുടെ ട്രെയിലര്‍ എ ആര്‍ റഹ്‌മാന്റെ പേജിലൂടെ റിലീസ് ചെയ്യാമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതില്‍ സന്തോഷമല്ലേ ഉള്ളു എന്ന് അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ അക്കാര്യം മുന്നോട്ട് നീക്കിയപ്പോള്‍ തടസങ്ങള്‍ തുടങ്ങി. ട്രെയിലര്‍ ഉള്‍പ്പെടെ സിനിമയുടെ പാട്ടുകള്‍ എല്ലാം റിലീസ് ചെയ്യാന്‍ മനോരമ മ്യൂസിക്കുമായി ഒരു എഗ്രിമെന്റ് അയക്കുകയായിരുന്നു.
advertisement
അതിനോടകം തന്നെ ട്രെയിലര്‍ റിലീസ് ചെയ്യാന്‍ എആര്‍ റഹ്മാന്‍ സമ്മതിച്ചിരുന്നത് കൊണ്ട് എഗ്രിമെന്റില്‍ നിന്നും ട്രെയിലര്‍ നീക്കം ചെയ്യണം എന്നു ഞാന്‍ പറഞ്ഞു. ആദ്യം എന്നോടത് സമ്മതിച്ചിരുന്നതാണെങ്കിലും മഞ്ജുവാര്യര്‍ അക്കാര്യത്തില്‍ ഒരു നിലപാടെടുക്കാന്‍ ബുദ്ധിമുട്ടുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ കടുംപിടുത്തം പിടിച്ചതുകൊണ്ട് ട്രെയിലര്‍ റഹ്‌മാന്‍ സാര്‍ വഴി തന്നെ റിലീസ് ആയെങ്കിലും മനോരമ മ്യൂസിക്കുമായുള്ള എഗ്രിമെന്റ് തണുത്തു. ഇതിനു മുന്‍പ് ഇസ്തക്കോ എന്ന പാട്ട് മഞ്ജുവാര്യര്‍ക്ക് പാടാന്‍ താത്പര്യമുണ്ടെന്ന് ബിനീഷ് അറിയിച്ചപ്പോള്‍ എറണാകുളത്ത് പോയി അത് റെക്കോര്‍ഡ് ചെയ്തിരുന്നു. ആ പാട്ടിന്റെ ഫയലുകളെല്ലാം നേരത്തെ തന്നെ ബിനീഷ് ഏര്‍പ്പാട് ചെയ്ത ഒരു എഡിറ്ററെ ഏല്‍പ്പിച്ചിരുന്നു എങ്കിലും ട്രെയിലറിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കാരണം അത് നടന്നില്ല. സിനിമയുടെ പ്രൊഡ്യൂസര്‍ ആയ ഷാജി മാത്യുവിനോട് അക്കാര്യം തിരക്കിയപ്പോള്‍ മഞ്ജുവാര്യരും അവരുടെ മാനേജരുമാണ് അക്കാര്യം നോക്കുന്നത് എന്ന് എന്നോട് പറഞ്ഞു. അത് റിലീസ് ചെയ്യുന്നത് നീണ്ടുപോയി 2020 ഓണത്തിന് റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. മാനേജരുടെ ഇടപെടല്‍ സിനിമയെ ബാധിക്കുന്നത് മഞ്ജുവാര്യരുടെ മൗനാനുവാദത്തോടെയാണ് എന്ന് എനിക്ക് സംശയം തോന്നിയതോടെ ഞാന്‍ അവരുമായി സംസാരിക്കാതെയായി.
advertisement
പിന്നീട് "തീയാട്ടം" എന്നപേരില്‍ ഒരു സ്ക്രിപ്ട് എഴുതിക്കഴിഞ്ഞപ്പോള്‍ മഞ്ജുവാര്യര്‍ അതിന് അനുയോജ്യമാണെന്ന് തോന്നിയതുകൊണ്ട് അവരെ സമീപിച്ചു. ആദ്യം സമ്മതം പ്രകടിപ്പിച്ച അവര്‍ പിന്നീട് അതില്‍ നിന്ന് മാറി. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ചെയ്യുന്ന കാര്യങ്ങള്‍ നോക്കാമോ എന്ന് ഞാന്‍ ആദ്യം ബിനീഷ് ചന്ദ്രനോട് സംസാരിച്ചിരുന്നെങ്കിലും അയാളുടെ ഇടപെടലിലുള്ള ചില അസ്വാരസ്യങ്ങള്‍ കാരണം അയാളോട് ഒപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് ഞാന്‍ അറിയിച്ചു. താമസിയാതെ മഞ്ജുവാര്യരും പ്രൊജക്ടില്‍ നിന്നും പിന്മാറുകയാണ് ഉണ്ടായത്. മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവാര്യര്‍ എന്ന വലിയ കലാകാരി എന്ന തോന്നലുണ്ടായതോടെ എനിക്ക് അവരോടുണ്ടായിരുന്ന എല്ലാ ആദരങ്ങളും പോയി. ഞാന്‍ വഴക്ക് എന്ന സിനിമയുമായി മുന്നോട്ട് പോയി. ഇതിനിടെ കയറ്റത്തില്‍ എനിക്കുണ്ടായിരുന്ന അവകാശം അവര്‍ വിലതന്ന് വാങ്ങി. വലിയ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്നും അതെന്നെ സഹായിച്ചു. വഴക്ക് തീര്‍ന്നപ്പോള്‍ ആ സിനിമ കാണാന്‍ കഴിയുമോ എന്ന് ചൊദിച്ചുകൊണ്ട് ഒരു അപ്രതീക്ഷിത മെസേജ് മഞ്ജുവാര്യര്‍ അയച്ചു. ഞാന്‍ സിനിമയുടെ ലിങ്ക് അയച്ചുകൊടുത്തു. അതേത്തുടര്‍ന്ന് വീണ്ടും ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഇസ്തക്കോ എന്ന പാട്ട് റിലീസ് ചെയ്യുന്നത്തെക്കുറിച്ച് വീണ്ടും ആലോചനകള്‍ ഉണ്ടാകുന്നത്. എന്നാല്‍ 2021 ആഗസ്റ്റില്‍ പാട്ടു പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ അപ്രതീക്ഷിതമായ ചില തടസ്സങ്ങളുണ്ടായി. ആദ്യം പറഞ്ഞത് ഞാന്‍ അയച്ചുകൊടുത്ത ഫയല്‍ കാണാനില്ല എന്നതായിരുന്നു. സിനിമയുടെ ഹാര്‍ഡ് ഡിസ്ക് പാട്ടും ട്രെയിലറും എഡിറ്റ് ചെയ്യാന്‍ ബിനീഷ് ഏര്‍പ്പെടുത്തിയ എഡിറ്റര്‍ക്ക് ഒരു വര്‍ഷം മുന്‍പ് തന്നെ ഞാന്‍ അയച്ചുകൊടുത്തിരുന്നതാണ്. അയാളുടെ കയ്യിലും പാട്ടുകളോ എഡിറ്റ് ചെയ്ത വിഷ്വലുകളോ ഇല്ല എന്ന് പറഞ്ഞു. മ്യുസ്സിക് ഡയറക്ടര്‍ ആയ Ratheesh Kumar Raveendran രതീഷ് ഈറ്റില്ലത്തെ വിളിച്ചു ഞാന്‍ പാട്ടുകളുടെ ഫയലുകള്‍ സംഘടിപ്പിച്ചു. ഞാന്‍ തന്നെ പാട്ടിനുള്ള വിഷ്വലുകള്‍ വീണ്ടും എഡിറ്റ് ചെയ്യാന്‍ ആരംഭിച്ചു.
advertisement
അപ്പോഴേക്ക് വിചിത്രമായ ഒരു സംഭവം ഉണ്ടായി. പ്രൊഡ്യൂസര്‍ ആയ ഷാജി മാത്യു എന്നോട് പറയാതെ രതീഷിനെ വിളിച്ച് പാട്ടിന്റെ stem files ആവശ്യപ്പെട്ടു. അത് അറിഞ്ഞതോടെ എനിക്ക് പാട്ടിന്റെ കണ്ടന്റ് തന്നെ നശിപ്പിക്കാന്‍ ശ്രമമുണ്ടെന്ന സംശയം ബലപ്പെട്ടു. പാട്ടിന്റെ വിഷ്വലുകള്‍ എഡിറ്റ് ചെയ്ത് ഞാന്‍ മനോരമ മ്യൂസിക്കിന് നെരിട്ട് തന്നെ അയച്ചുകൊടുത്തു. എന്നാല്‍ അപ്പോഴേക്കും ഞാന്‍ അയച്ചുകൊടുത്ത കണ്ടന്റ് മാറ്റി മറ്റൊരു കണ്ടന്റ് അപ്‌ലോഡ് ആവശ്യപ്പെട്ടുകൊണ്ട് "പ്രൊഡ്യൂസറുടെ ആളുകള്‍" അവിടെ എത്തി എന്ന് ഞാന്‍ അറിഞ്ഞു. അതോടെ എന്റെ സംശയം ഉറപ്പിക്കപ്പെട്ടു. വളരെ പ്രയാസപ്പെട്ടാണ് ഇസ്തക്കോ 28/8/2021 ന് റിലീസ് ചെയ്യുന്നത്. എന്റെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി എനിക്ക് ചില സൂചനകള്‍ ലഭിച്ചതുകൊണ്ട് ഞാന്‍ കേരളം വിട്ടു.
advertisement
ഇസ്തക്കോ റിലീസ് ആയപ്പോള്‍ മഞ്ജുവാര്യരുടെ പോസ്റ്റുകളില്‍ നിന്നും അവര്‍ മറ്റെന്തൊക്കെയോ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു എന്ന് എനിക്ക് തോന്നി. അവരെ ഫോണില്‍ ബന്ധപ്പെട്ടാല്‍ മറുപടി ലഭിക്കാത്തതുകൊണ്ട് നേരില്‍ കണ്ട് സംസാരിക്കുന്നതിനായി ഞാന്‍ 2021 ഡിസംബറില്‍ കോട്ടയത്തെത്തി. അവിടെ അവര്‍ ഒരു റെസ്റ്റോറന്റ് ഉദ്‌ഘാടനത്തിന് വന്നതായിരുന്നു. പതിവുപോലെ ബിനു നായര്‍, ബിനീഷ് ചന്ദ്രന്‍ എന്നിവര്‍ ഒപ്പമായിരുന്നു അവര്‍. കൂടാതെ ഒരു കൂട്ടം "സുരക്ഷാഭടന്മാരും" അവരുടെ അടുത്തേക്ക് ഒരു ഈച്ചയെപ്പോലും കടത്തിവിടാതെ സൂക്ഷിക്കുന്നുണ്ടായിരുന്നു. എനിക്ക് മഞ്ജുവാര്യരെ കണ്ട് സംസാരിക്കണമെന്ന് ഞാന്‍ ബിനു നായരോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ എന്നെ ബിനീഷ് ചന്ദ്രന്റെ അടുത്തേക്ക് കൊണ്ടുപോയി. അയാള്‍ക്കൊപ്പമുണ്ടായിരുന്ന മഞ്ജുവാര്യര്‍ എന്നെ അഭിവാദ്യം ചെയ്തു എങ്കിലും എന്തെങ്കിലും സംസാരിക്കുന്നതിനുമുന്‍പ് "നമുക്ക് പുറത്തിറങ്ങി സംസാരിക്കാം ചേട്ടാ" എന്ന് പറഞ്ഞതും സുരക്ഷാഭടന്മാര്‍ അവരെയും കൊണ്ട് മിന്നല്‍ പോലെ പുറത്തിറങ്ങി അവരുടെ കാറിലേക്ക് തള്ളിക്കയറ്റുന്നപോലെ അവര്‍ കയറി. എന്തെങ്കിലും സംസാരിക്കുന്നതിനു മുന്‍പ് കാര്‍ പാഞ്ഞു പോയി. അവര്‍ ഒരു തടവറയിലാണ് എന്നെനിക്ക് തോന്നി. പിറ്റേദിവസം രാവിലെ മഞ്ജുവാര്യര്‍ എന്നെ വിളിച്ചു എങ്കിലും സംസാരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍. പിന്നീട് ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ ഫോണെടുത്തുമില്ല. പുറത്തു പറയാന്‍ കഴിയാത്ത വിധം സങ്കീര്‍ണമായ വിഷയങ്ങള്‍ ആയതിനാല്‍ എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ല.
advertisement
അവരുടെ ഒന്ന് രണ്ട് സുഹൃത്തുക്കളെ വിളിച്ച് ഞാന്‍ സംസാരിച്ചെങ്കിലും എല്ലാവരും നിസ്സഹായതയോടെയാണ് പ്രതികരിച്ചത്. കാര്യങ്ങള്‍ മാറിനിന്ന് നോക്കിക്കാണുമ്ബോള്‍ എനിക്ക് ഇരിക്കപ്പൊറുതി കിട്ടാത്തതുകൊണ്ട് ഞാന്‍ ഒരു ചെറിയ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. എനിക്ക് അവരോട് "admiration"ഉണ്ട് എന്നാണ് അതില്‍ പ്രധാനമായും പറഞ്ഞത്. വിചിത്രമെന്ന് പറയട്ടെ പിറ്റേ ദിവസം രാവിലെ അരൂര്‍ സ്റ്റേഷനിലെ സിഐ ആണെന്ന് പറഞ്ഞ് എന്നെ ഒരാള്‍ വിളിച്ചു. എന്റെ പോസ്റ്റിനെക്കുറിച്ച് മഞ്ജുവാര്യര്‍ അയാളോട് പരാതിപ്പെട്ടു എന്നാണ് അയാള്‍ പറഞ്ഞത് അത്. എനിക്കത് അവിശ്വസനീയമായി തോന്നി. ഒരു ജൂറിസ്ഡിക്ഷനും ഇല്ലാതെ അയാളോട് എന്തിന് മഞ്ജുവാര്യര്‍ പരാതിപ്പെടണം എന്ന് ഞാന്‍ ചോദിച്ചു. സൗമ്യമായി തുടങ്ങിയ സംസാരം പിന്നീട് ഭീഷണിയിലേക്ക് മാറിയതോടെ അയാളോട് നിയമപരമായി നീങ്ങാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നീട് മഞ്ജുവാര്യര്‍ തന്നെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ട് ഞാന്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു. ഞാനവരോട് പ്രണയം പറഞ്ഞിട്ടുണ്ട്. പക്ഷെ പ്രണയാതുരനായി പിന്നാലെ നടക്കുകയാണ് എന്ന് ധരിക്കരുത്. അവരുടെ ജീവന്‍ അപകടത്തിലാണെന്ന തോന്നല്‍ എനിക്ക് വളരെ ശക്തമായി ഉണ്ട്. വധഗൂഡാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് രായ്ക്ക് രാമാനം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ആ കേസ് കേവലം ഒന്നോ രണ്ടോ വ്യക്തികളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല എന്ന് തുടക്കം മുതല്‍ തോന്നിയിരുന്നു. അന്വേഷണം അതിന്റെ കാതലായ ഭാഗത്തേക്ക് കടന്നതോടെ അന്വേഷണം സര്‍ക്കാര്‍ തന്നെ ലജ്ജയില്ലാതെ അട്ടിമറിക്കുന്നു. അതിനി മുന്നോട്ട് പോകുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷെ സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്ബോള്‍ മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന്‍ തുലാസിലാണ് എന്ന് ഞാന്‍ ബലമായി സംശയിക്കുന്നു.
മുന്‍പ് ഇന്‍സ്റ്റയില്‍ നിന്നും ഡിലീറ്റ് ചെയ്തതും ഫെയ്‌സ്ബുക്കില്‍ ഹൈഡ് ചെയ്തതുമായ പോസ്റ്റുകള്‍ വീണ്ടും പബ്ലിഷ് ചെയ്ത് ലിങ്കുകള്‍ കമെന്റില്‍ കൊടുക്കുന്നു.
Summary: Case registered against director Sanal Kumar in a complaint floated by Manju Warrier
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 05, 2022 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Manju Warrier | മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ അറസ്റ്റിൽ