Elaveezhapoonchira | മലമുകളിൽ ചുരുളഴിയുന്ന ദുരൂഹത; ഷാഹി കബീറിന്റെ പോലീസ് കഥയിൽ എന്തെല്ലാം?
- Published by:Meera Manu
- news18-malayalam
Last Updated:
Elaveezhapoonchira movie review | മലമുകളിൽ വച്ചൊരു പോലീസ് കഥയുമായി ജോസഫ്, നായാട്ട് സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറിന്റെ ആദ്യ സംവിധാന ചിത്രം. ഒപ്പം സൗബിനും സുധി കോപ്പയും. റിവ്യൂ
സിനിമാ പ്രേക്ഷകരെ ഭാഷയുടെ അതിവരമ്പുകൾക്കപ്പുറത്ത് നിന്നും കൂട്ടിക്കൊണ്ടു വന്ന് ഉദ്വേഗത്തിന്റെ മുൾമുനയിലിരുത്തിയ 'ജോസഫ്', 'നായാട്ട്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. ഇത്രയുമായിരുന്നു 'ഇലവീഴാപൂഞ്ചിറ' (Elaveezhapoonchira) എന്ന സിനിമ നൽകിയ മിനിമം ഗ്യാരന്റി. ഒപ്പം ജനപ്രിയ നായകൻ സൗബിൻ ഷാഹിറും ക്യാരക്ടർ വേഷങ്ങൾ ഏൽപ്പിച്ചാൽ അത് മികച്ചതാക്കി തിരിച്ചേൽപ്പിക്കുന്ന സുധി കോപ്പയും. ഇവരെ മലകയറ്റി, ആ മലമുകളിൽ വച്ചൊരു പോലീസ് കഥയുമായി ആ തിരക്കഥാകൃത്ത് സംവിധായകന്റെ രൂപത്തിൽ വരുന്നു, മറ്റൊരാളുടെ തിരക്കഥയുമായി.
സഞ്ചാരികൾക്കെങ്കിലും പേരുകൊണ്ട് സുപരിചിതമായ 'ഇലവീഴാപൂഞ്ചിറ'യിലെ വയർലെസ്സ് സ്റ്റേഷനിൽ നിയമിതരായ രണ്ടു പോലീസ് ഉദ്യോഗസ്ഥർ സിനിമയുടെ മുക്കാലും നിറഞ്ഞ് നിൽക്കുന്ന കഥയിലേക്കാണ് ഷാഹി കബീർ എന്ന സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നത്. ഷാജി മാറാട് തിരക്കഥ രചിച്ചിരിക്കുന്നു.
വിനോദസഞ്ചാരത്തിന്റെ കാഴ്ചപ്പാടിൽ മനോഹരവും എന്നാൽ ജീവിക്കാൻ ആരംഭിച്ചാൽ ദുർഘടവുമായ ഈ മലയോര പ്രദേശത്തെ അതിന്റെ മനോഹാരിതയും, ഭയാനകതയും മാറി മാറി തെളിയുന്ന ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാക്കിയ ഫ്രയിമുകൾ ഹൈലൈറ്റാണ്. സഞ്ചാരിയുടെ കണ്ണുകളേക്കാൾ, അവിടെ ജീവിതം നയിക്കുന്ന മനുഷ്യരുടെ കാഴ്ചയിലൂടെ ഇലവീഴാപൂഞ്ചിറയുടെ ഛായാഗ്രാഹകൻ മനേഷ് മാധവന്റെ കണ്ണുകൾ ചലിക്കുന്നു.
advertisement
പോലീസുകാരായ മധു (സൗബിൻ ഷാഹിർ), സുധി (സുധി കോപ്പ) എന്നിവരാണ് ഒരു ഇരുമ്പുപാട്ട കൊണ്ട് തീർത്ത ഈ വയർലെസ്സ് സ്റ്റേഷന്റെ ചുമതലക്കാർ. ഇടിമിന്നലിൽ ജീവൻ പോലും നഷ്‌ടപ്പെടാമെന്ന അപകടസാധ്യത പതിയിരിക്കുന്ന മൂവായിരത്തിലധികം അടി ഉയർന്ന പ്രദേശത്തെ നിയമപാലനവും ജീവിതവുമായി അവർ രണ്ടുപേർ.
അങ്ങനെയിരിക്കെ, ഒരു സ്ത്രീയുടെ ശരീരഭാഗങ്ങൾ ഇലവീഴാപൂഞ്ചിറയിലും പരിസരത്തുമുള്ള പല സ്ഥലങ്ങളിൽ നിന്നുമായി കണ്ടെടുക്കുന്നതോടെ സിനിമ അതിന്റെ മർമ്മപ്രധാനമായ ഇടങ്ങളിലേക്ക് പ്രവേശിക്കും.
അടുത്ത കാലങ്ങളിലായി ശ്രദ്ധേയ കഥാപാത്രങ്ങളുടെ കാര്യത്തിൽ അൽപ്പം ഇടിവ് രേഖപ്പെടുത്തിയ സൗബിൻ ഷാഹിറിന് അഭിനയ സാധ്യത ഏറെ നൽക്കുന്ന കഥാപാത്രമാണ് പൊലീസുകാരനായ മധു. സൗബിന്റെ ബോഡി ലാങ്ഗ്വേജും മറ്റും മധുവിന് നന്നായി ഇണങ്ങുന്നു. സിനിമയുടെ ആദ്യപകുതി മധുവും സഹപ്രവർത്തകനും ഇലവീഴാപൂഞ്ചിറയിലെ ജീവിതവും ചേർന്നുള്ള രംഗങ്ങൾ കൊണ്ട് നിറയുന്നു. അതേസമയം തന്നെ ഇത്രയും കാര്യങ്ങൾ പരത്തിപ്പറയാൻ രണ്ടു മണിക്കൂറിൽ താഴെ നീളമുള്ള സിനിമയുടെ ഒരു പകുതി മുഴുവനും വേണമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
advertisement
രണ്ടാം പകുതി പ്രേക്ഷകരുടെ മനസ്സിൽ നിഴലും നിലാവുമെന്ന പോലെ ചിന്തകളുടെ വേലിയേറ്റം സൃഷ്‌ടിച്ചേക്കാം. ഈ മേഖലയിൽ കഥയിലെ പ്രധാന ക്രൈം തലനാരിഴ കീറി പരിശോധിക്കപ്പെടുന്നു. ആളുകേറാമലയിൽ കൊടിയ കൃത്യം ചെയ്തത് ആരായിരിക്കും എന്ന പ്രേക്ഷകരുടെ ആകാംക്ഷക്ക് സങ്കീർണ്ണതകളിലൂടെ വേലിയേറ്റങ്ങളിലൂടെ മറുപടി ലഭിക്കും.
ആദ്യ രണ്ടു ചിത്രങ്ങളിലേതു പോലെത്തന്നെ ഒരു ഇരുളൻ പ്രമേയം അവതരിപ്പിക്കാൻ ഷാഹി കബീർ ശ്രദ്ധിച്ചിരിക്കുന്നു. എന്നാൽ കാക്കിക്കാരുടെ ലോകത്തു നിന്നുള്ള ഉദ്വേഗം നിറഞ്ഞ കഥകൾക്ക് പഞ്ഞമില്ലാത്ത സംവിധായകൻ മൂന്നാംവട്ടം തിരഞ്ഞെടുത്ത കഥ മറ്റൊരു ജനപ്രിയ ക്രൈം, മിസ്റ്ററി ത്രില്ലർ എന്നതിൽ ഒതുങ്ങി പോകാതിരിക്കാൻ ശ്രമം നടത്തിയതായി കാണാം. അക്കാരണത്താൽ സംഭവിച്ച സങ്കീർണ്ണത പലയിടങ്ങളിലും ഒഴുക്കിനു പ്രതിബന്ധമായതായി തോന്നിയേക്കാം.
advertisement
ദുരൂഹതയുടെ ചുരുളഴിയുന്നതിനൊപ്പം, സിനിമയുടെ രണ്ടാം പകുതിയുടെ മറ്റൊരു ശ്രദ്ധേയ ഭാഗം മധുവും സുധിയും തമ്മിലെ ഇഞ്ചോടിഞ്ചു മത്സരം കൂടിയാണ്. ഒരേ സ്കോർ നിലനിർത്തുന്ന തരത്തിൽ ഇരുവരും അഭിനയത്തിന്റെ കാര്യത്തിൽ മികച്ചതു നൽകി മുന്നേറുന്ന കാഴ്ചക്കൊപ്പം പ്രേക്ഷകർക്കും കൂടം.
അതിഥിവേഷമെന്നു വിളിക്കാവുന്ന ജൂഡ് ആന്റണി ജോസഫിന്റെ പോലീസ് കഥാപാത്രവും, ഇടയ്ക്കു ഇലവീഴാപൂഞ്ചിറയിലേക്കു വന്നുപോകുന്ന മുതിർന്ന പോലീസ് ഉടയോഗസ്ഥനും ശ്രദ്ധിക്കപ്പെടുന്ന സ്ക്രീൻടൈമും അഭിനയസാധ്യതകളും ലഭിച്ചിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2022 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Elaveezhapoonchira | മലമുകളിൽ ചുരുളഴിയുന്ന ദുരൂഹത; ഷാഹി കബീറിന്റെ പോലീസ് കഥയിൽ എന്തെല്ലാം?