പകല്‍ സ്വപ്നം പോലെ 'കൂടെ'

Last Updated:
#നിസാർ മുഹമ്മദ്
നിദ്രയുടെ മൂന്നാം യാമത്തില്‍ അബോധത്തില്‍ കാണുന്നൊരു വെറും സ്വപ്നമല്ല, തെളിച്ചമാര്‍ന്ന പകലില്‍ ഉറക്കച്ചടവില്ലാതെ ബോധപൂര്‍വം കാണാന്‍ ആഗ്രഹിക്കുന്നൊരു സുന്ദര സ്വപ്നം പോലെയൊരു സിനിമ. വേണമെങ്കില്‍ കണ്ടുതീരും മുമ്പേ സ്വപ്നത്തില്‍ നിന്നുണര്‍ന്ന് ചുറ്റുപാടിലേക്ക് തിരികെയെത്താം. പക്ഷെ, അറിയാതെ പോലും മുറിഞ്ഞു പോകരുതേയെന്ന് ഉള്ളിലാഗ്രഹമുണരുന്ന സ്വപ്നമായി കൂടെപ്പോരും 'കൂടെ'.
'അഞ്ജലി മേനോന്‍ ക്രാഫ്റ്റ്' തലയുയര്‍ത്തി നില്‍ക്കുന്നുണ്ട് സിനിമയിലുടനീളം. അതിലും ഒരുപടി മീതെയാണ് ലിറ്റില്‍ സ്വയമ്പ് എന്ന ഛായാഗ്രഹകന്റെ ക്യാമറക്കണ്ണുകള്‍. മഞ്ചാടിക്കുരു മതുല്‍ ബാംഗ്ലൂര്‍ ഡെയ്‌സ് വരെ അഞ്ജലി മോനോന്‍ അഭ്രപാളിയിലെഴുതിയ കാവ്യഭംഗി ഈ ചിത്രത്തിലും തുള്ളിത്തുളുമ്പുന്നുണ്ട്. വാണിജ്യ സിനിമയുടെ ചേരുവകളെ ഒരു കൈയകലം ദൂരെനിര്‍ത്തി കാല്‍പ്പനികതയുടെ കഥാലോകമാണ് 'കൂടെ'യില്‍ അഞ്ജലി തുറന്നിടുന്നത്. 2014-ല്‍ മറാത്തിയില്‍ ഇറങ്ങിയ ഹാപ്പി ജേര്‍ണിയാണ് 2018-ല്‍ മലയാളത്തില്‍ 'കൂടെ'യായി മാറിയത്. സച്ചിന്‍ കുണ്ടല്‍ക്കറുടെ മറാത്തി കഥ മലയാളത്തിലെത്തിയപ്പോള്‍ അതൊരു ഫീല്‍ഗുഡ് സിനിമയാക്കി മാറ്റാന്‍ അഞ്ജലിക്ക് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. ദുല്‍ഖര്‍, നിവിന്‍പോളി, ഫഹദ് ഫാസില്‍ തുടങ്ങി വമ്പന്‍ താരനിരയായിരുന്നു 'ബാംഗ്ലൂര്‍ ഡെയ്സി'ന്റെ ആദ്യ കൗതുകം. ഫാന്റസിയെന്ന മരക്കൊമ്പില്‍ മൊട്ടിട്ട് വിരിഞ്ഞ് പടര്‍ന്ന് പന്തലിക്കുന്ന കഥയാണ് 'കൂടെ'യുടെ കൗതുകം.
advertisement
തുടക്കത്തിലെ പറയട്ടെ, പൃഥിരാജല്ല ഈ സിനിമയിലെ നായകന്‍. കണ്ണെടുക്കാന്‍ തോന്നാത്ത ക്യാമറ കാഴ്ചകളാണ് യഥാര്‍ത്ഥ നായകന്‍. ലിറ്റില്‍ സ്വയമ്പ് എന്ന ഛായാഗ്രാഹകന്‍ പിന്നില്‍ നില്‍ക്കുമ്പോള്‍ ആ കാഴ്ചകളുടെ അഴകളവ് നിര്‍വചിക്കാനാവില്ല. ഒരു മഴത്തുള്ളി, അല്ലെങ്കില്‍ ഒരു പുല്‍ക്കൊടി, അതുമല്ലെങ്കില്‍ ഒരു മരക്കൂട്ടം. ഓരോ ചെറിയ ദൃശ്യങ്ങളെയും ഇത്രമേല്‍ ആസ്വദിപ്പിക്കാന്‍ കഴിയുന്നത് എങ്ങനെയെന്ന് അത്ഭുതപ്പെടും. അഞ്ജലി മേനോന്‍ മനസില്‍ കണ്ട കഥ ലിറ്റില്‍ സ്വയമ്പ് മാനത്ത് കണ്ടുവെന്ന് വേണം പറയാന്‍. സ്വയമ്പിന്റെ വ്യത്യസ്ത ഷോട്ടുകളും ക്യാമറാ ആങ്കിളുകളും കഥയുടെ കരുത്തും കാതലുമായി മാറുന്നത് അതുകൊണ്ടാണ്.
advertisement
ഒറ്റവാക്കില്‍ പറയാം, നസ്രിയയാണ് സിനിമയിലെ താരം. പൃഥിരാജിന്റെ നൂറാമത്തെ സിനിമ എന്നതിനേക്കാള്‍ നസ്രിയയുടെ ഗംഭീര തിരിച്ചുവരവ് എന്ന വിശേഷണത്തിനാകും മുന്‍തൂക്കം. നസ്രിയയുടെ ജെന്നിഫര്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നുണ്ട്. മാസ് എന്‍ട്രി മുതല്‍ എന്‍ഡ് ടൈറ്റില്‍ വരെ നസ്രിയയുടെ കുട്ടിത്തം മാറാത്ത മുഖവും കുറുമ്പും കുസൃതിയുമെല്ലാമാണ് പ്രേക്ഷകരുടെ 'കൂടെ' നടക്കുന്നത്.
ജെന്നിഫറിന്റെ സഹോദരന്‍ ജോഷ്വയായി പൃഥിരാജ് കയ്യടക്കം കാട്ടി. മാമ്പൂ കണ്ട് കൊതിക്കരുതെന്നേ പൃഥിരാജ് ഫാന്‍സിനോട് പറയാനുള്ളൂ. 181 സെന്റീമീറ്റര്‍ ഉയരവും 78-80 കിലോ ഭാരവും 42-45 ഇഞ്ച് നെഞ്ചളവും പേശീബലമുള്ള ശരീരവുമൊക്കെ ഉണ്ടെങ്കിലും ജോഷ് എന്ന കഥാപാത്രം ശത്രുക്കളെ പോലും ഇടിക്കുന്നില്ല. അരയില്‍ നിന്ന് തോക്കെടുത്ത് വെടിവെയ്ക്കുന്നില്ല. ഇംഗ്ലീഷില്‍ മാസ് ഡയലോഗ് പറയുന്നില്ല...എങ്കിലും പ്രണയത്തിന്റെയും വാല്‍സല്യത്തിന്റെയും കരുണയുടെയും വേദനയുടെയും ഭാവങ്ങള്‍ മാറിമാറിത്തെളിയുന്നുണ്ട് പൃഥിരാജിന്റെ കണ്ണുകളില്‍. അതൊക്കെ കണ്ട് പൃഥ്വിരാജ് എന്ന നടനില്‍ അഭിമാനം കൊള്ളാമെന്നാണ് ആഗ്രഹമെങ്കില്‍ ഫാന്‍സുകാരെ നിങ്ങള്‍ക്ക് ഈ സിനിമ കാണാം, കയ്യടിക്കാം.
advertisement
ബാംഗ്ലൂര്‍ ഡെയ്സിലെ സേറയ്ക്ക് ശേഷം പാര്‍വതിക്ക് വേണ്ടി അഞ്ജലി മേനോന്‍ കരുതിവെച്ച കഥാപാത്രമാണ് സോഫി. പാര്‍വതിയുടെ കണ്ണുകള്‍ക്കും ചുണ്ടുകള്‍ക്കും വല്ലാത്തൊരു അഴകുണ്ട് ചിത്രത്തിലെമ്പാടും. ഇമയൊന്ന് അനക്കി, ചുണ്ടൊന്ന് വിടര്‍ത്തി, മിഴിയൊന്ന് ഇളക്കി. സോഫിയുടെ ചെറുചലനങ്ങള്‍ പോലും മികച്ചതാക്കി പാര്‍വതി.
അലോഷിയെന്ന പിതാവിന്റെ മാനസിക അലോസരങ്ങളും ലില്ലിയെന്ന മമ്മയുടെ വ്യാകുലതകളും പ്രേക്ഷകര്‍ അറിയുന്നത് രഞ്ജിത്തിലൂടെയും മാലാ പാര്‍വതിയിലൂടെയുമാണ്. കോച്ച് അഷറഫ് സാറിന്റെ ദൈന്യതയാര്‍ന്ന മുഖം അതുല്‍ കുല്‍ക്കര്‍ണിക്ക് നന്നായി ചേരുന്നുണ്ട്. പൗളി വില്‍സന്റെ പതിവുനോട്ടങ്ങളും ഭാവങ്ങളിലുമെല്ലാം നല്ല നര്‍മ്മങ്ങളുണ്ട്. റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍, സുബിന്‍ നസീല്‍ എന്നിവര്‍ അവരവരുടെ വേഷങ്ങള്‍ ഗംഭീരമാക്കി. വില്ലി സായിപ്പ് നന്നാക്കാന്‍ ഏല്‍പ്പിച്ചിട്ടു പോയ 'ജെന്നിഫറിന്റെ ആംബുലന്‍സ്' വാനും ബ്രൗണിയെന്ന പട്ടിയും കഥാപാത്രങ്ങളായി ഇഴചേരുന്നുണ്ട്.
advertisement
'വാനവില്ലേ....പോവുകില്ലേ...' എന്ന പാട്ടില്‍ എം. ജയചന്ദ്രന്റെ ഹൃദയഹാരിയായ ഈണമുണ്ട്.
മറ്റൊരു കാര്യം കൂടി, തിരക്കിനിടയില്‍ ഓടിക്കിതച്ച് തിയേറ്ററിലെത്തി കാണേണ്ട സിനിമയല്ല കൂടെ. ഒരു സീനിന് ശേഷം മറ്റൊരു സീനിലേക്ക് എത്തുന്നതിന് ചെറിയൊരു ദൈര്‍ഘ്യമുണ്ട്. ഇപ്പോഴത്തെ പിള്ളാര് അതിന് ലാഗെന്നാണ് പറയുന്നത്. കഥയുടെ കാമ്പിലേക്ക് കണ്ണുനട്ടിരിക്കുന്നവര്‍ക്ക് ചെറുതാണെങ്കിലും ആ ഇഴച്ചില്‍ സഹിച്ചെന്ന് വരില്ല. അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സോ, ഉസ്താദ് ഹോട്ടലോ പ്രതീക്ഷിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അത്രപോരെന്ന് ചിലപ്പോള്‍ തോന്നിയേക്കാം. പക്ഷെ ഒന്നുണ്ട്; സ്വപ്നം കാണാന്‍ കൊതിക്കുന്നവര്‍ക്ക്, ഉള്ളില്‍ പ്രണയമുള്ളവര്‍ക്ക്, കുഞ്ഞനുജത്തിയോട് സ്നേഹം തോന്നുന്നവര്‍ക്ക്, ഒറ്റപ്പെടലിന്റെ വേദന അറിയുന്നവര്‍ക്ക്....ധൈര്യമായി ടിക്കറ്റെടുക്കാം. തിയേറ്റര്‍ വിട്ടാലും 'കൂടെ' കൂടെപ്പോരും... നിങ്ങള്‍ക്കൊപ്പം...
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പകല്‍ സ്വപ്നം പോലെ 'കൂടെ'
Next Article
advertisement
Love Horoscope January 10 | വെല്ലുവിളികളെ മറികടക്കാൻ ക്ഷമ, വ്യക്തമായ ആശയവിനിമയം, സഹാനുഭൂതി എന്നിവ ആവശ്യമാണ് : ഇന്നത്തെ പ്രണയഫലം അറിയാം
വെല്ലുവിളികളെ മറികടക്കാൻ ക്ഷമ, വ്യക്തമായ ആശയവിനിമയം, സഹാനുഭൂതി എന്നിവ ആവശ്യമാണ് : ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ പോസിറ്റീവ് മാറ്റങ്ങൾക്കും അവസരങ്ങൾക്കും സാധ്യതയുണ്ട്

  • തെറ്റിദ്ധാരണകളും വൈകാരിക വെല്ലുവിളികളും നേരിടേണ്ടിവരും

  • സഹാനുഭൂതിയും പ്രണയബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കും

View All
advertisement