Kotthu review | പ്രബല രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ച്, ജീവനുള്ള മനുഷ്യൻ വെട്ടേറ്റു പിടഞ്ഞു മരിക്കുന്ന നാട്. പാർട്ടി കൊടിയുടെ നിറം അനുസരിച്ച് രക്തസാക്ഷി അല്ലെങ്കിൽ സ്വർഗീയ ബലിദാനി എന്ന് കൊല്ലപ്പെടുന്നവൻ വിളിക്കപ്പെടും. അവനെക്കാൾ ഉയരത്തിൽ നാട്ടിൽ ഒരു സ്മാരകവും തൊട്ടടുത്ത് പൊങ്ങി പറക്കുന്ന പാർട്ടി പതാകയും ഉയരും. അങ്ങനെ ഗൃഹനാഥൻ, ഭർത്താവ്, അച്ഛൻ, മകൻ അല്ലെങ്കിൽ സഹോദരൻ എന്നിങ്ങനെ ഏറ്റവും വേണ്ടപ്പെട്ടൊരാൾ ഒരിക്കലും തിരികെവരാത്ത വീടുകളുടെ എണ്ണവും പെരുകും.
വെട്ടിന്റെ എണ്ണമോ മുറിവിന്റെ ആഴമോ നോക്കാതെ 'പകരത്തിനു പകരം' എന്നോണം മറുപാർട്ടിയിലെ മറ്റൊരുവന്റെ ജീവൻ എപ്പോഴും എണ്ണപ്പെട്ടിരിക്കും. ഇതിന് അവസാനമില്ലാത്തതാണോ അതോ ഇല്ലെന്നു നടിക്കുന്നതോ? രാഷ്ട്രീയ കൊലപാതകങ്ങൾ ഇടതടവില്ലാതെ അരങ്ങേറുന്ന കേരളത്തിൽ ചില കാര്യങ്ങൾ കാലമെത്ര കഴിഞ്ഞാലും പലയാവർത്തി ഓർമ്മപ്പെടുത്തേണ്ടി വരും എന്ന് പറയുന്ന ചിത്രമാണ് 'കൊത്ത്'.
രാഷ്ട്രീയകൊലപാതകം പ്രമേയമാകുമ്പോൾ, പത്രത്തിന്റെ ഒന്നാം പേജുമുതൽ അവസാനം വരെ വായിക്കുകയോ, കണ്ണിമവെട്ടാതെ ന്യൂസ് ബുള്ളറ്റിനുകൾ കാണുകയും കേൾക്കുകയും ചർച്ചചെയ്യുകയും ചെയ്യുന്നവർക്ക് മാത്രം ദഹിക്കുന്ന ചിത്രം പോരാ എന്ന് മലയാളികൾക്ക് പതിറ്റാണ്ടുകളോളം ഫീൽ-ഗുഡ് അല്ലെങ്കിൽ കുടുംബ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ സിബി മലയിലിന് നിർബന്ധമുണ്ട്,
മരണം എന്തെന്ന് മനസ്സിലാകുന്ന പ്രായം എത്തും മുമ്പേ അച്ഛനമ്മാരേയും മൂന്നു സഹോദരിമാരെയും നഷ്‌ടപ്പെട്ട ഷാനു എന്ന ഷാനവാസ് (ആസിഫ് അലി) 'പാർട്ടി വളർത്തിയ മകൻ' എന്ന് സ്വയം ഊറ്റംകൊള്ളുന്നവനാണ്. ആ വളർച്ചയിൽ ഒരേ ചോരയിൽ പിറക്കാതെ അവന്റെ കൂടെപ്പിറപ്പും കൂട്ടുകാരനുമായവൻ, സുമേഷ് (റോഷൻ മാത്യു). പാർട്ടി തന്നെ അമൃതം, പാർട്ടി തന്നെ ജീവിതം എന്ന് ചിന്തിച്ച് ജീവിക്കുന്ന ഈ യുവാക്കൾ, ഇന്നിന്റെ പരിച്ഛേദമല്ലാതെ മറ്റൊന്നുമല്ല. ഇവർക്ക് തലതൊട്ടപ്പനായി പാർട്ടി നേതാവ് സദേട്ടനും (രഞ്ജിത്ത്).
പാർട്ടിക്കാരനായ നാഗേന്ദ്രൻ (ശ്രീജിത്ത് രവി) അതിക്രൂരമായി വെട്ടേറ്റു മരിക്കുമ്പോൾ, നേതാവിന്റെ നിർദ്ദേശപ്രകാരം പകരം ചോദിക്കാനുള്ള ഉദ്യമം ഷാനുവും സുമേഷും ഏറ്റെടുക്കുന്നു. പാർട്ടി പ്രവർത്തനം കൂടാതെ വരുമാനാമാർഗത്തിനു കാറ്ററിംഗ് തൊഴിൽ ചെയ്തു ജീവിക്കാനും ഈ ചെറുപ്പക്കാർക്കറിയാം. പാർട്ടി നൽകുന്ന ഉറപ്പിൽ മുന്നും പിന്നും ചിന്തിക്കാതെ ഇറങ്ങിത്തിരിക്കുമ്പോൾ, പാർട്ടി അനുഭാവം അല്ലാതെ, സ്വന്തം ജീവനും ജീവിതവും എന്താകും എന്ന് ഇരുവർക്കും നിശ്ചയമേതുമില്ല. ഇതിനിടെ ഒരു കല്യാണ പരിപാടിക്കിടെ ഷാനു ഹിസാനയുമായി (നിഖില വിമൽ) പ്രണയബന്ധത്തിലാവുകയും, അവർ ജീവിതത്തിൽ ഒന്നിക്കുകയും ചെയ്യുന്നു. നാഗേന്ദ്രന്റെ മരണത്തിന് പകരമായി എതിർപാർട്ടിയിലെ കനകരാജിന്റെ ജീവൻ അവസാനിക്കുമ്പോൾ, ഈ യുവാക്കൾക്കും അവരുടെ ഉറ്റ ചങ്ങാതിമാർക്കും ജീവിതത്തിൽ നിനച്ചിരിക്കാതെ പലതും നേരിടേണ്ടി വരുന്നു.
ഒരു വീട്ടിൽ കയറി വീടിന്റെ ഗൃഹനാഥനെന്നോണം പോലും ഇടപെടാനും തീരുമാനങ്ങളെടുക്കാനും സ്വാതത്ര്യമുള്ള 'സദേട്ടൻ' എന്ന കഥാപാത്രം പ്രമേയത്തിന്റെ കാരണഭൂതൻ തന്നെ. കട്ടിക്കണ്ണടയും കട്ടത്താടിയും ലളിതവേഷധാരിയും മിതഭാഷിയുമായ നേതാവിൽ തന്ത്രശാലിയായ 'മാനിപ്പുലേറ്റർ' ഒളിഞ്ഞുകിടപ്പുണ്ട്. കാരംബോർഡ് കളിയിൽ, തന്റെ അണികളെ ചുറ്റും നിർത്തി, ഉദ്ദേശിക്കുന്ന കരുക്കൾ തെറ്റാതെ കുഴിയിൽ വീഴ്ത്തി 'ഇനിയും ഫോളോവേഴ്‌സിനെ വേണോ' എന്ന് ചോദിക്കുന്ന 'സദേട്ടൻ' അയാളെ വരച്ചു കാട്ടുന്ന രംഗമാണ്. കൂറുള്ള, ചോരത്തിളപ്പുള്ള ഏതനുഭാവിയും ഇത്തരക്കാരുടെ ഇമോഷണൽ ബ്ലാക്ക്മെയിലിങിൽ വീണുപോയില്ലെങ്കിൽ മാത്രമേ അതിശയിക്കേണ്ടതുള്ളൂ. കളത്തിലിറങ്ങി വെട്ടില്ലെങ്കിലും, കൂടെയുണ്ടാവും എന്ന മട്ടിൽ, വെട്ടാൻ ആയുധം കയ്യില്പിടിപ്പിക്കാൻ ഒരു പ്രത്യേക ചാതുരിയുള്ള നേതാവ് അപ്പോഴും തനിക്കായി ഒരു 'സേഫ് സോൺ' കണ്ടെത്തിയിരിക്കും. രഞ്ജിത്ത് ഈ വേഷം അത്യന്തം ജീവസുറ്റതാക്കി.
കുറച്ചു നാളായി 'ഫാമിലി മാൻ' വേഷങ്ങളിൽ സ്ഥിരസാന്നിധ്യമായ ആസിഫ് അലി ഷാനുവായി മികച്ച മടങ്ങിവരവ് നടത്തി. ഇനിയെന്തെന്ന് നോക്കാതെ, സ്വന്തം കൂട്ടുകാരനെപ്പോലെ തന്നെ എടുത്തുചാട്ടക്കാരനായ ഷാനുവിന് ജീവിതത്തിൽ ഭാര്യ കടന്നുവരുന്നതോടെ പാർട്ടിയും ജീവിതവും ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടതായി വരുന്നു. അനാഥൻ എന്ന തോന്നൽ ഉണ്ടാവാതെ ജീവിക്കാൻ കൂട്ടായ ഓരോരുത്തർക്കും അയാൾ നൽകുന്ന കരുതലും സ്നേഹവുമുണ്ട്. നിസ്വാർത്ഥനായി ജീവിക്കുമ്പോൾ നേരിടേണ്ടി വരുന്ന നഷ്‌ടങ്ങളും. ജീവിതം പടുകുഴുയിൽ വീഴും മുൻപേ ഉണർന്നു പ്രവർത്തിക്കാനുള്ള ആർജവം നേടുമ്പോൾ അയാളെ അഭിനന്ദിക്കാതെ പറ്റില്ല.
സുമേഷിന്റെ അമ്മവേഷം ചെയ്ത ശ്രീലക്ഷ്മി, ഷാനുവിന്റെ ഭാര്യയായ നിഖില വിമൽ എന്നിവർക്ക് വേണ്ടത്ര പ്രാധാന്യമുണ്ട്. സ്വയം തിരഞ്ഞെടുപ്പിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഹിസാനയെ നിഖില മികവോടെ അവതരിപ്പിച്ചു. സ്വന്തം അഭിപ്രായം പറയാനോ, വീണ്ടെടുക്കാനാവാത്ത നഷ്‌ടങ്ങൾ കണ്ണിനുമുന്നിൽ അരങ്ങേറുമ്പോഴോ, ഈ സ്ത്രീ ഒന്നു പൊട്ടിത്തെറിച്ചെങ്കിൽ എന്ന് കരുതിപ്പോകും, ശ്രീലക്ഷ്മിയുടെ അമ്മവേഷം കണ്ടാൽ. രണ്ടേ രണ്ടു സാഹചര്യത്തിൽ മാത്രം അണപൊട്ടുന്ന സർവം സഹയായ അല്ലെങ്കിൽ നിസ്സഹായയായ അമ്മ കൃത്യമായ കരങ്ങളിൽ തന്നെയാണ് വന്നിട്ടുളളത്.
ആസിഫ് അലി- റോഷൻ മാത്യു സൗഹൃദം സിനിമയുടെ ഹൈലൈറ്റാണ്. ഒരുവൻ മറ്റൊരുവന് വേണ്ടി ചെയ്യുന്നതിനൊന്നും ഇവരുടെ പക്കൽ കണക്കുപുസ്തകമില്ല എന്നതാണ് ഈ സുഹൃത്തുക്കളെ വ്യത്യസ്തരാക്കുന്നത്. ജയിലിൽ പോകുന്നത് വിനോദസഞ്ചാരത്തിനെന്ന പോലെ കാണാനും വേണ്ടി നിഷ്കളങ്കനാണ് സുമേഷ് ചന്ദ്രൻ. അതിന് നൽകേണ്ടി വരുന്ന വില അയാൾ അറിയുന്നില്ല. ചെയ്ത വേഷത്തിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച റോഷന്റെ പേരിൽ ഇനി സുമേഷും വരും. വിജിലേഷ്, ശിവകുമാർ, അതുൽ റാം കുമാർ, സുദേവ് നായർ തുടങ്ങി സപ്പോർട്ടിങ് വേഷങ്ങൾ ചെയ്തവരും തങ്ങളുടെ ഭാഗം മികച്ചതാക്കി.
ശക്തവും ചടുലവുമാണ് ഹേമന്ത് കുമാറിന്റെ തിരക്കഥ. കണ്ണൂരിനെയും, അവിടുത്തെ പാർട്ടി ഗ്രാമങ്ങളെയും രാഷ്‌ടീയ അനുഭാവത്തെയും മുൻനിർത്തി സിനിമ എഴുതുമ്പോൾ, രാഷ്ട്രീയജീവിതം ചില കോണുകളിൽ ഒതുങ്ങി പോകാതെ, അതിലേക്ക് ഒരു കുടുംബ ചിത്രത്തെയും, ത്രില്ലർ ചിത്രത്തെയും സന്നിവേശിപ്പിക്കാൻ നൽകിയ ശ്രദ്ധയ്ക്ക് കയ്യടിക്കാം. പ്ലസ്സുകൾ എണ്ണിയെണ്ണി പറയുന്ന വേളയിൽ, സിനിമയുടെ രണ്ടാം പകുതിയിൽ ചിലയിടങ്ങളിൽ ക്യാമറ ഔട്ട് ഓഫ് ഫോക്കസ് ആവുന്നത് പ്രൊഡക്ഷൻ വേളയിൽ ശ്രദ്ധയിൽപ്പെടാതെ പോയിട്ടുമുണ്ട്.
ഈ സിനിമ കാണുക എന്നതിലുപരി അത് നൽകുന്ന സന്ദേശം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയാണ് പ്രേക്ഷകർ മനസ്സിലാക്കേണ്ടത്. അതൊട്ടും വൈകരുത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.