സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു
- Published by:user_57
- news18-malayalam
Last Updated:
Miscreants unleash violence on the set of Minnal Murali | ടൊവിനോ തോമസിന്റെ 'മിന്നൽ മുരളി' എന്ന ചിത്രത്തിന് വേണ്ടി കെട്ടിപ്പൊക്കിയ പള്ളിയുടെ സെറ്റാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത്
80 ലക്ഷം മുടക്കി പണിത സിനിമ സെറ്റ് അടിച്ച് തകർത്ത് അക്രമകാരികളുടെ അഴിഞ്ഞാട്ടം. ടൊവിനോ തോമസിന്റെ മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി കെട്ടിപ്പൊക്കിയ വിദേശ നിർമ്മിത മാതൃകയിലുള്ള പള്ളിയുടെ സെറ്റാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത്. ആക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി.) എന്ന സംഘടനയുടെ ഫേസ്ബുക് പോസ്റ്റും വന്നിട്ടുണ്ട്.
മലയാള സിനിമാക്കൊരു നാടൻ സൂപ്പർ ഹീറോയുടെ കഥ വാഗ്ദാനം ചെയ്ത് ചിത്രീകരണം തുടങ്ങിയ സിനിമയാണ് ടൊവിനോ തോമസ് നായകനായ 'മിന്നൽ മുരളി'. ഗോദ എന്ന സ്പോർട്സ് പ്രമേയ ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്. 2019 ആരംഭത്തിൽ പ്രഖ്യാപിച്ച ചിത്രം 2019 ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചു. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു.
advertisement
Also read: മത്സ്യകൃഷിക്ക് സൗജന്യമായി 13 സെന്റ് ഭൂമി വിട്ടു നൽകി നടൻ ടിനി ടോം
വൻ മുടക്കുമുതലിൽ പടുത്തുയർത്തിയ സെറ്റിന് മേൽ നടന്ന കയ്യാങ്കളി സിനിമയുടെ അണിയറപ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. കാലടിയിൽ 80 ലക്ഷം മുതൽമുടക്കിൽ പടുത്തുയർത്തിയ സെറ്റാണ് ഒരുകൂട്ടം ആക്രമിച്ചു തകർത്തത്. കാലടി മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ എല്ലാ അനുമതിയോടും കൂടി കെട്ടിപ്പൊക്കിയ പള്ളിയുടെ സെറ്റാണ് തകർന്നത്. ഇത് തകർത്തത്തിന്റെയും തകർത്തവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
advertisement
സെറ്റ് പൊളിച്ച ശേഷം അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് ഭാരവാഹിയുടെ പോസ്റ്റ് ഇങ്ങനെ. "കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍,ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ." എന്ന് പറഞ്ഞു എ.എച്ച്.പി. സംസ്ഥാന ജനറൽ സെക്രട്ടറി ഹരി പാലോട് കുറിക്കുന്നു.
advertisement
ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് സിനിമയുടെ നിർമ്മാണം.
"എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം, ട്രോള് ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും, ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ 'ഇനി എന്ന്' എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും," സംവിധായകൻ ബേസിൽ ജോസഫ് കുറിക്കുന്നു.
advertisement
"മിന്നൽ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങൾ മുടക്കി ഒരു നിർമ്മാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റ്. കൊറോണ- ലോക്കഡോൺ കാരണം ഷൂട്ട് നീങ്ങി. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടൽ ഉണ്ടാക്കുന്നതും," തകർന്ന സെറ്റിന്റെ ചിത്രങ്ങൾക്കൊപ്പം നടൻ അജു വർഗീസ് ഫേസ്ബുക്കിൽ കുറിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2020 7:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു


