• HOME
  • »
  • NEWS
  • »
  • film
  • »
  • Oru Thekkan Thallu Case review | അടിതടകളുമായി അമ്മിണി അണ്ണനും പിള്ളേരും

Oru Thekkan Thallu Case review | അടിതടകളുമായി അമ്മിണി അണ്ണനും പിള്ളേരും

Oru Thekkan Thallu Case review | 'അയ്യപ്പനും കോശിയും' സിനിമയിലെ മുണ്ടൂർ മാടൻ അഥവാ അയ്യപ്പൻ നായർക്ക് ശേഷം നാട്ടിലെ ചട്ടമ്പിയുടെ വേഷത്തിൽ ബിജു മേനോൻ എങ്ങനെ? 'ഒരു തെക്കൻ തല്ല് കേസ്' റിവ്യൂ

ഒരു തെക്കൻ തല്ലു കേസ്

ഒരു തെക്കൻ തല്ലു കേസ്

  • Share this:
    Oru Thekkan Thallu Case review | നാട്ടിലെ പ്രധാന ചട്ടമ്പി, പക്ഷെ ആളുടെ പേരിൽ ഒരു കേസ് പോലുമില്ല. അതാണ് അമ്മിണിപ്പിള്ള. ഇവിടെ നിയമവും പോലീസും കോടതിയും ഇല്ലേ എന്ന് ചോദിച്ചാൽ, കാക്കിക്കാരെ എവിടെയെല്ലാമോ കാണാം. അത്രതന്നെ. എന്നാൽ ചെറിയ ഇടപെടൽ പോലും അവരുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കേണ്ട. പ്രേം നസീർ കാലങ്ങളിൽ മലയാള സിനിമക്ക് ഗ്രാമീണഭംഗി നൽകിയ തിരുവനന്തപുരത്തെ ചിറയീൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് ഭാഗങ്ങൾ കാലങ്ങൾക്കിപ്പുറവും അതിന്റെ തനിമ ചോരാതെ തന്നെയുണ്ട് എന്ന് പ്രേക്ഷകരെ ഓർമ്മപ്പെടുത്താൻ, അഞ്ചുതെങ്ങിലെ ജനങ്ങളുടെ ജീവിതവുമായി ചേർന്നുകിടക്കുന്ന ഒരു തല്ല് കഥയാണ് ബിജു മേനോൻ നായകനായ 'ഒരു തെക്കൻ തല്ല് കേസ്' Oru Thekkan Thallu Case).

    തിരുവനന്തപുരം കഴിഞ്ഞിട്ടുമില്ല, കൊല്ലം എത്തിയിട്ടുമില്ല എന്ന നിലയിലെ പ്രദേശമാണ് ഇവിടം. ഇവിടുത്തെ ജനങ്ങൾ നാടുമായി ഇഴുകിച്ചേർന്ന് പ്രത്യേക തരം ജീവിതശൈലിയും ബന്ധങ്ങളും സൂക്ഷിച്ചു പോരുന്നു. 'ശിവനും പാർവതിയും' എന്നപോലെയാണ് അമ്മിണിയും ഭാര്യ രുക്മിണിയും (പത്മപ്രിയ). പേരിനു ഒരിടത്തല്ലാതെ, ഇവർക്കിടയിൽ സൗന്ദര്യപിണക്കമോ സംശയമോ ഏതുമില്ല. അഞ്ചുതെങ്ങിലെ അതിമനോഹരമായ ലൈറ്റ് ഹൗസിന്റെ സൂക്ഷിപ്പുകാരൻ കൂടിയാണ് നാട്ടുകാരുടെ 'അമ്മിണി അണ്ണൻ'.

    രുക്മിണിയുടെ കൂട്ടുകാരി വാസന്തിയും (നിമിഷ സജയൻ) നാട്ടിലെ മറ്റൊരു പോക്കിരിയായ പൊടിയനും (റോഷൻ മാത്യു) തമ്മിലെ പ്രണയം ഇതിനിടയിൽ പുരോഗമിക്കുന്നു. ഈ പ്രണയം പൊടിയനും അമ്മിണിപ്പിള്ളയും തമ്മിൽ വൈരാഗ്യം സൃഷ്‌ടിക്കുന്നു. ഒരു രാത്രി അമ്മിണിപ്പിള്ളയ്ക്ക് വെട്ടേൽക്കുന്നതോടെ സിനിമയുടെ ഗതി മാറിമാറിയാൻ തുടങ്ങും.

    'അയ്യപ്പനും കോശിയും' സിനിമയിലെ മുണ്ടൂർ മാടൻ അഥവാ അയ്യപ്പൻ നായർക്ക് ശേഷം അത്യവശ്യം അടിപിടികളുമായി ജീവിക്കുന്ന അമ്മിണിപ്പിള്ളയിലേക്കു കടക്കാൻ ബിജു മേനോന് അനായാസേന സാധിച്ചു എന്ന് വ്യക്തം. 'പടയോട്ടത്തിലെ' തിരുവനന്തപുരംകാരനായ കോമഡി വില്ലൻ ചെങ്കൽ രഘുവിനും മുണ്ടൂർ മാടനും നടുവിലായി അമ്മിണിപ്പിള്ളയെ പ്രതിഷ്‌ഠിക്കാം. മുണ്ടുമടക്കി കുത്തി, ഇടതു കാതിൽ കടുക്കനിട്ട് വരുന്ന വരവ് മതി അന്നാട്ടിലെ ചെറിയ തട്ടിപ്പുകൾ കൈമുതലായുള്ള ചെറുപ്പക്കാർക്ക് മുട്ട് വിറയ്ക്കാൻ. വില്ലനായ റോഷൻ മാത്യുവും വീറും വാശിയും അതേയളവിൽ തന്നെ പേടിയുമുള്ള പൊടിയൻ എന്ന കഥാപാത്രത്തെ സ്വാഭാവികതയോടെ സ്‌ക്രീനിലെത്തിച്ചു.



    'അടി തുടരും' എന്ന കുറിപ്പോടെ ഇടവേള കടന്നുവരുമ്പോൾ, പ്രതീക്ഷ അൽപ്പം ഉയർന്നേക്കും. നായകനും വില്ലനും തമ്മിലെ കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നവർക്ക് പക്ഷെ ഇവർ തമ്മിലെ നേർക്കുനേർ പോരാട്ടം പരിമിതമാണ്. ഈ സമയത്തും കൃത്യമായ ടൈമിംഗോടെ പ്രവർത്തിക്കുന്ന സഹ താരങ്ങൾ മുതൽക്കൂട്ടായി മാറുന്ന കാഴ്ച കാണാം. കോമഡി ഷോകളിലും സോഷ്യൽ മീഡിയയിലും കണ്ടു പരിചയിച്ച മുഖങ്ങളെ ചില മികവുറ്റ കഥാപാത്രങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്. അവർ അതിനോട് അങ്ങേയറ്റം നീതി പുലർത്തി എന്ന് സിനിമ കണ്ടാൽ പറയാതിരിക്കാനുമാവില്ല. ഇവരുടെ കോമിക് ടൈമിംഗ് ആണ് സിനിമയുടെ രസക്കൂടുകൾ.

    സിനിമയിലെ സ്ത്രീകഥാപാത്രങ്ങൾ, അടുത്തിടെ കണ്ടുവന്ന പാറ്റേണുകളിൽ നിന്നും വ്യതിചലിച്ച്‌, തിരക്കഥയ്ക്ക് വളരെയേറെ ആവശ്യമുള്ളവരായി നിലകൊള്ളുന്നു. നല്ലൊരു വേഷത്തിലൂടെയായി മലയാളത്തിലേക്കുള്ള പത്മപ്രിയയുടെ രണ്ടാം വരവ്. നായകനോളം പ്രാധാന്യമുള്ള ഭാര്യാ വേഷം പത്മപ്രിയ കയ്യടക്കത്തോടെ അവതരിപ്പിച്ചു. തനിനാടൻ മാനറിസങ്ങൾ അത്രകണ്ട് വഴങ്ങിയില്ലെങ്കിലും, രുക്മിണിയിൽ ഏച്ചുകെട്ടലില്ല. പൈങ്കിളി നോവലിന്റെ ലോകത്ത് ജീവിക്കുന്ന എട്ടും പൊട്ടും തിരിയാത്ത കാമുകിയെ നിമിഷ സ്വാഭാവികതയോടു കൂടി കൈകാര്യം ചെയ്തു. രുക്മിണി- വാസന്തി കഥാപാത്രങ്ങളുടെ കെമിസ്ട്രി സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നാണ്. വ്യവസ്ഥകളില്ലാത്ത സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഉദാഹരണമായി രണ്ടു വ്യത്യസ്ത പ്രായങ്ങളിലെ ഈ കൂട്ടുകാരികളെ കാണാം.

    ഭാഷാപ്രയോഗങ്ങളിൽ ഹോംവർക്ക് നടന്നു എന്ന് ഡയലോഗുകളിൽ വ്യക്തം. 'തിരോന്തരം' അതിഭാവുകത്വത്തിന്റെ ആവർത്തനമല്ല, 'തല്ല് കേസ്' കഥാപാത്രങ്ങളുടെ ഭാഷ.

    അടി, തട, റിപീറ്റ്‌ രീതിയിൽ നടക്കുന്ന രാജേഷ് പിന്നാടന്റെ തിരക്കഥ പ്രേക്ഷകർക്ക് എടുത്താൽപൊങ്ങാത്തതൊന്നും വാഗ്ദാനം ചെയ്യുന്നില്ല. തെക്കൻ കേരളത്തിലെ ഗ്രാമപ്രദേശത്ത് 80കളിൽ സംഭവിക്കുന്ന കശപിശയും, വാശിയും, പ്രണയവും, കൂട്ടുകെട്ടും ആസ്വദിച്ചു കാണാമെങ്കിൽ നവാഗതനായ എൻ. ശ്രീജിത്ത് സംവിധാനം ചെയ്ത 'തല്ല് കേസിന്' ടിക്കറ്റ് എടുക്കാം.
    Published by:Meera Manu
    First published: