HOME » NEWS » Film » MOVIES PREMKUMAR ON HIS 25REMARKABLE YEARS IN MALAYALAM CINEMA N

ഗാനഭൂഷണം സതീഷ് കൊച്ചിൻ ഏലിയാസ് പ്രേംകുമാർ സ്പീകിംഗ്

Premkumar on his 25 remarkable years in Malayalam cinema | ദൂരദർശനിലെ ടെലി-ഫിലിം ലംബോയിൽ തുടങ്ങി, 2020 ആദ്യം പുറത്തിറങ്ങിയ 'ഉറിയടി' വരെയുള്ള 25ൽ പരം സിനിമാ വർഷങ്ങളുമായി പ്രേംകുമാർ

meera | news18-malayalam
Updated: April 3, 2020, 2:25 PM IST
ഗാനഭൂഷണം സതീഷ് കൊച്ചിൻ ഏലിയാസ് പ്രേംകുമാർ സ്പീകിംഗ്
പ്രേംകുമാർ
  • Share this:
ദൂരദർശനിലെ ടെലി-ഫിലിം ലംബോയിൽ തുടങ്ങി, 2020 ആദ്യം പുറത്തിറങ്ങിയ യുവതലമുറയുടെ ചിത്രം 'ഉറിയടി' വരെയുള്ള 25ൽ പരം സിനിമാ വർഷങ്ങൾ. അഭിനയ ജീവിതത്തിൽ ഇടക്കൊരു നീണ്ട ഇടവേള ഉണ്ടായെങ്കിലും, മികച്ച ഗോൾ അടിച്ചു കൊണ്ട് തന്നെ ആ ഗാപ് നികത്തി പ്രേംകുമാർ സ്കോർ ചെയ്യുന്നു. ഷട്ടർ, അരവിന്ദന്റെ അതിഥികൾ, പട്ടാഭിരാമൻ, പഞ്ചവർണ്ണത്തത്ത അങ്ങനെ ഉറിയടിയിലെ ആഭ്യന്തരമന്ത്രി ബലരാമനിൽ എത്തി നിൽക്കുന്ന അഭിനയ ജീവിതത്തെപ്പറ്റി പ്രേംകുമാർ ന്യൂസ് 18 മലയാളത്തോട്:

എവിടെയായിരുന്നു ആ നാളുകളിൽ?

സാമൂഹിക വിഷയങ്ങളിൽ ഇടപെടാറുണ്ട്. നടനായി ഒതുങ്ങികൂടാറില്ല. എൻഡോസൾഫാൻ ദുരിത ബാധിതരുടെ സമരം, ആദിവാസികളുടെ നിൽപ്പ് സമരം എന്നിവക്ക് അഭിവാദ്യം അർപ്പിച്ചിരുന്നു. പഠിക്കുമ്പോൾ തന്നെ ആദിവാസി മേഖലയുടെ പ്രശ്നങ്ങളെപ്പറ്റി നാടകങ്ങൾ ചെയ്തിരുന്നു. അതുകൊണ്ടു സിനിമയില്ലാതിരുന്ന അവസ്ഥ അറിഞ്ഞിരുന്നില്ല.

പിന്നെ വായനക്കായി സമയം കണ്ടെത്തി. സാംസ്കാരിക സമ്മേളനങ്ങളിൽ പങ്കെടുത്തു. പത്രങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങൾ എഴുതി. എഴുതിയതെല്ലാം പുസ്തകമാക്കാൻ പരിപാടിയുണ്ട്.

സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനം

2000ത്തിന് മുൻപ് വളരെ സജീവമായിട്ട് നിന്ന സമയമാണ്. അപ്പോൾ കുറേ ചെറിയ ബജറ്റ് സിനിമകളിൽ നായക വേഷം ചെയ്തിരുന്നു. സിനിമകളിൽ ആദ്യം നായകനും ഉപനായകനുമായി എത്തി. പിന്നെ ആ ലോ ബജറ്റ് സിനിമകളുടെ ചാകര നിലച്ചു. സാറ്റലൈറ്റ് റൈറ്റും കാര്യങ്ങളും ഒക്കെ വന്നപ്പോൾ ഇത്തരം പടങ്ങളുടെ ഫ്ലോ നിന്നു.
അന്നേരം നായക വേഷം ചെയ്തു നിന്ന എന്നെ ചെറിയ വേഷങ്ങളിലേക്ക് വിളിക്കാൻ സിനിമാക്കാർക്കും ഒരു മടിയുണ്ടായി.

ചെയ്ത വേഷങ്ങൾ പോലുള്ളത് ആവർത്തിക്കാതിരിക്കാൻ നല്ല കഥാപാത്രങ്ങൾ വരട്ടെ എന്ന് കരുതിയാണ് പിന്നീട് മാറി നിന്നത്.
കിട്ടിയ ഏതു വേഷവും അന്ന് ചെയ്യണമായിരുന്നു, മാറി നിൽക്കാൻ പാടില്ലായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്.സിനിമയെ വിളിച്ചതല്ല, സിനിമ വിളിച്ചതാണ്...

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഫസ്റ്റ് റാങ്കോടെയാണ് തിയേറ്ററും നാടകവുമായിരുന്നു അന്ന് മനസ്സിൽ. സിനിമയിൽ ആഗ്രഹിച്ച് വന്നതല്ല. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ടെലി ഫിലിമുകളിൽ എത്തി. അതിൽ ദൂരദർശനിൽ 'ലംബോ' എന്ന ടെലി ഫിലിമിൽ ശ്രദ്ധിക്കപ്പെട്ടു. മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് നേടിത്തന്ന ചിത്രമാണ്.

ആ ടെലി ഫിലിമിൽ ഹ്യൂമർ ക്യാരക്റ്റർ ചെയ്ത ശേഷം സിനിമയിലേക്ക് ക്ഷണം കിട്ടി. സിനിമാ നടൻ ആവണമെന്ന് കരുതിയല്ലായിരുന്നു ആ വരവ്. ദൂരദർശനിലോ, ഓൾ ഇന്ത്യ റേഡിയോയിലോ ജോലി കിട്ടുകയായിരുന്നു എന്റെ ലക്‌ഷ്യം. അന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ എഴുതി ദൂരദർശൻ ജോലിക്കുള്ള ലിസ്റ്റിൽ കയറിപ്പറ്റി. അപ്പോഴാണ് സ്റ്റേറ്റ് അവാർഡ് വരുന്നത്. കാര്യങ്ങൾ മാറി. സിനിമയിലേക്കുള്ള അവസരങ്ങൾ എന്നെ തേടിവരാൻ തുടങ്ങി.

അങ്ങനെ കുറേ സിനിമകൾ ചെയ്തു. പല തരത്തിലെ കഥാപാത്രങ്ങളെത്തി. അപ്പോഴും വ്യത്യസ്തമായ ചില വേഷങ്ങൾ കിട്ടി. അതിലൊന്നായിരുന്നു ബട്ടർഫ്‌ളൈസ് സിനിമയിൽ ലാലേട്ടനൊപ്പം ചെയ്ത കഥാപാത്രം, ചെപ്പടിവിദ്യ എന്ന സിനിമയിലെ കള്ളന്റെ വേഷം, മലപ്പുറം ഹാജി മഹാനായ ജോജിയിലെ പട്ടാളക്കാരൻ, മമ്മുക്കക്കൊപ്പം സൈന്യം തുടങ്ങിയവ.

കരിയർ മാറിമറിയുന്നു...

അതിനിടയിലാണ് രാജസേനൻ ചേട്ടന്റെ 'അനിയൻ ബാവ ചേട്ടൻ ബാവ' (1995) വരുന്നത്. അതോടെ കാര്യങ്ങൾ ആകെ മാറി. സിനിമയിൽ ഒരു അവിഭാജ്യഘടകമായി മാറി എന്ന് പറയാം. രണ്ടമ്മവാന്മാരുടെ അനന്തരവനായുള്ള വേഷം. പിന്നെ അങ്ങോട്ട് പാർവതീ പരിണയം, ത്രീ മെൻ ആർമി, ആദ്യത്തെ കണ്മണി, കൊക്കരക്കോ, കാക്കക്കും പൂച്ചക്കും കല്യാണം പോലുള്ള ചിത്രങ്ങളിൽ വേഷമിട്ടു.

അതിനുശേഷം പുതുക്കോട്ടയിലെ പുതുമണവാളൻ (1996). ഗാനഭൂഷണം സതീഷ് കൊച്ചിൻ ഗിരീഷ് കൊച്ചിൻ എന്നിവരിൽ സതീഷ് കൊച്ചിൻ. 'അനിയൻബാവ ചേട്ടൻബാവ' സിനിമയുടെ തിരക്കഥ രചിച്ച റാഫി മെക്കാർട്ടിന്മാർ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 'പുതുക്കോട്ടയിലെ പുതുമണവാളൻ'.ആ സമയം കരിയറിന്റെ പീക്കിലെത്തി. അങ്ങനെ150 ഓളം സിനിമകൾ ചെയ്തു. 'ഹിറ്റ്ലർ ബ്രദേഴ്‌സ്' എന്ന ഉദയ് കൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടിന്റെ ആദ്യ സ്ക്രിപ്റ്റിൽ നായകനായി. ഇപ്പോൾ പ്രശസ്തരായ പല തിരക്കഥാകൃത്തുക്കളുടെയും സംവിധായകരുടെയും ആദ്യ സിനിമയിൽ ഞാനുണ്ടായിരുന്നു.

അത് കഴിഞ്ഞു അത്തരം സിനിമകളുടെ ഒഴുക്ക് നിന്നപ്പോൾ നല്ല വേഷങ്ങൾക്കായുള്ള കാത്തിരിപ്പായിരുന്നു എന്നതാണ് സത്യം. 2020ൽ പുതിയ ചിത്രങ്ങൾ വരാനിരിക്കുന്നുണ്ട്.

റാഫി-മെക്കാർട്ടിന്മാരും സതീഷ് കൊച്ചിനും...

റാഫി മെർക്കാർട്ടിൻ എഴുതിയ തമാശകളാണ് നമ്മൾ പറഞ്ഞിരിക്കുന്നത്. പല കഥാപാത്രങ്ങൾക്കും ഇമ്പ്രൂവൈസേഷൻസ് ഉണ്ടാവും. ഇവരുടെ തിരക്കഥയിൽ അത് വളരെ കുറവാണ്. റാഫി-മെക്കാർട്ടിൻറെ കാര്യത്തിൽ, എല്ലാം അവിടെത്തന്നെ ഉണ്ടാവും. പുതുക്കോട്ടയിലെ പുതുമണവാളനിലെ ചില സംഭാഷണങ്ങൾ ഉദാഹരണം:

"നീയിന്നു കഞ്ഞിയുണ്ടാക്കിയില്ലേ"

"ഇല്ല"

 "എടാ മനുഷ്യനായാൽ കുറച്ചു ആത്മാർഥത വേണമെടാ"

 "അതെ, ഈ ആത്മാർഥത ഇട്ടു പുഴുങ്ങിയാൽ കഞ്ഞിയാവില്ല""ഒരു ചായയെങ്കിലും ഇട്ടു താടാ" 

"പഞ്ചസാരയില്ലാതെ ചായയുണ്ടാക്കാൻ ഞാൻ മാജിക്കൊന്നും പഠിച്ചിട്ടില്ല""ഭയങ്കര വിശപ്പുണ്ട്" 

"എങ്കിൽ ബാങ്കിൽ ഇടെടാ, നമുക്ക് വിശപ്പില്ലാത്തപ്പോൾ എടുക്കാം"

 
"നിന്റെ കയ്യിൽ 25 രൂപയില്ലേ, അതിങ്ങു എടുത്തോണ്ട് വാ" 

"ആ പൈസക്ക് ഞാൻ ഫെയർ ആൻഡ് ലവ്ലി വാങ്ങി തേച്ച്"

അങ്ങനെ കുറെ തമാശകളുണ്ട് അതിൽ. അപ്പോൾ നമുക്ക് സ്‌ട്രെയിൻ ഇല്ല. നമ്മുടേതായ രീതിയിൽ അവതരിപ്പിച്ചാൽ മതി. ചില സ്ക്രിപ്റ്റിൽ നമ്മുടെ ഇമ്പ്രോവൈസേഷൻസ് വേണ്ടി വരും. അവിടെയാണ് ഒരു അഭിനേതാവിന് വെല്ലുവിളിയുണ്ടാവുന്നത്.

പുതുക്കോട്ടയിലെ പുതുമണവാളൻ രണ്ടാം ഭാഗം ചെയ്യാൻ സംവിധായകർ ഇടക്ക് പ്ലാൻ ഇട്ടിരുന്നു. ഗാനഭൂഷണം സതീഷ് കൊച്ചിനും ഗിരീഷ് കൊച്ചിനും ഉൾപ്പെടുത്തി തന്നെ സിനിമയുടെ രണ്ടാം ഭാഗം വന്നേക്കും. റാഫിയെ കണ്ടപ്പോൾ സ്ക്രിപ്റ്റ് ആയെന്ന് പറഞ്ഞിരുന്നു. ട്രാക്ക് ഒക്കെ മാറും.

Youtube Video


ഹ്യൂമർ കൈകാര്യം ചെയ്യുന്നതിലെ വഴക്കം...

സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോൾ ഒഥല്ലോ, മക്‌ബത്ത് പോലുള്ള സീരിയസ് ആയുള്ള കഥാപാത്രങ്ങളാണ് ചെയ്തത്. ആദ്യത്തെ സിനിമയിലും അങ്ങനെ തന്നെ. 'ലംബോ' എന്ന ടെലി ഫിലിമാണ് എന്നെ ഒരു തമാശക്കാരനാക്കുന്നത്. അതുകഴിഞ്ഞു സിനിമയിൽ വന്നപ്പോൾ എല്ലാം തമാശ കഥാപാത്രങ്ങൾ.

ഹ്യൂമർ ചെയ്യാൻ നല്ല ഇന്റലിജൻസ് ഉണ്ടെങ്കിലേ പറ്റൂ. മലയാള സിനിമയിൽ ഹ്യൂമർ ചെയ്യുന്നതെല്ലാം ഭയങ്കര കക്ഷികളാണ്. ആരെയും പേരെടുത്തു പറയുന്നില്ല. അപാരമായ നിരീക്ഷണം, ഭാവനയെല്ലാം ഉള്ളവരാണ്. ഞാൻ എന്നെ പറ്റിപറയുമ്പോൾ ഞാൻ അത്ര വലിയ ഹ്യൂമർ ചെയ്യാൻ കഴിവുള്ളയാളല്ല. പക്ഷെ കഥാപാത്രങ്ങൾ കിട്ടുമ്പോൾ ചെയുന്നു.

ഇനിയും റിലീസ് ആവാത്ത ആദ്യ സിനിമ...

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും വന്ന ശേഷം സഖാവ് കൃഷ്ണപിള്ള എന്ന പി.എ. ബക്കർ സംവിധാനം ചെയ്ത സിനിമയിൽ ഞാൻ അഭിനയിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയുടെ ജീവചരിത്രം. ഞാനാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ സിനിമ ഷൂട്ടിംഗ് കഴിഞ്ഞു റിലീസ് ആയില്ല. അങ്ങനെ എന്റെ ആദ്യ സിനിമ ഇപ്പോഴും റിലീസ് ആവാതെ ഇരിക്കുകയാണ്.

പുരസ്കാരങ്ങൾ തേടിയെത്തിയത് നടനോ സാമൂഹിക പ്രവർത്തകനോ?

നടനെന്നതിലുപരി സാമൂഹിക പ്രതിബദ്ധതാ ലേഖനങ്ങൾ എഴുതിയത് കൂടി പരിഗണിച്ചിട്ടാണ് അവാർഡുകൾ ലഭിച്ചത്. സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന് പ്രേം നസീറിന്റെ പേരിലുള്ള പ്രേം നസീർ ചലച്ചിത്ര പ്രതിഭാ പുരസ്കാരം ലഭിച്ചു. അടൂർ ഭാസിയുടെ പേരിൽ അടൂർ ഭാസി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ പത്താമത് ചലച്ചിത്ര രത്ന പുരസ്കാരം, സുകുമാരന്റെ പേരിലെ ചലച്ചിത്ര പ്രതിഭാ പുരസ്കാരം, കെ.പി. ഉമ്മർ ചലച്ചിത്ര പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Youtube Video
Published by: user_57
First published: April 3, 2020, 11:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories