നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Nedumudi Venu | വിട പറഞ്ഞത് ഏതു ഗണത്തില്‍പ്പെട്ട മലയാളിയും തങ്ങളിലൊരാളായി കണക്കാക്കിയ ആൾ

  Nedumudi Venu | വിട പറഞ്ഞത് ഏതു ഗണത്തില്‍പ്പെട്ട മലയാളിയും തങ്ങളിലൊരാളായി കണക്കാക്കിയ ആൾ

  ഒരു നോട്ടത്തിൽ തന്നെ തിരിച്ചറിയാവുന്ന പ്രതിഭയുടെ പൊൻതിളക്കമായിരുന്നു നെടുമുടി വേണു. മലയാള സിനിമ അഭിനയത്തെ ഇത്രമേൽ പുതുക്കിപ്പണിത മറ്റൊരാളെ കണ്ടെത്തുക പ്രയാസം

  നെടുമുടി വേണു

  നെടുമുടി വേണു

  • Share this:
  നെടുമുടി എന്നതു ഒരു സ്ഥലപ്പേരല്ലാതായിട്ട് നാലു പതിറ്റാണ്ടായി. ആലപ്പുഴ ജില്ലയിലെ ആ സ്ഥലം പോലും കേശവന്‍ വേണുഗോപാല്‍ എന്ന മനുഷ്യനോട് ഇന്നു സ്വന്തം വിലാസത്തിന് കടപ്പെട്ടിരിക്കുന്നു. നെടുമുടി എന്നാൽ ജീവസുറ്റ, ഊര്‍ജ്ജസ്വലമായ ഒരു ജീവിതമായിരുന്നു. എണ്ണം തെറ്റാതെ കാലങ്ങള്‍ പെരുക്കി കൊണ്ടിരുന്ന താളമായിരുന്നു. കുട്ടനാടന്‍ ഓളങ്ങള്‍പോലെ ഈറനണിയിച്ച ഒരു കാറ്റായിരുന്നു. ഏതു ഗണത്തില്‍പ്പെട്ട മലയാളിയും തങ്ങളിലൊരാളായി കണക്കാക്കിയ ആളാണ് വിട പറഞ്ഞത്. ആർക്കും അന്യനായിരുന്നില്ല വേണു. എല്ലാവർക്കും ജ്യേഷ്ഠനോ സുഹൃത്തോ ആയിരുന്നു. ഇന്ന് കണ്‍കോണില്‍ ഒരു തുള്ളി കണ്ണീരെങ്കിലും വരാത്ത മലയാളികള്‍ ഉണ്ടാകില്ല. അതാണ് ആ മഹാനടനുള്ള തിലോദകം.

  മഹാനടൻ എന്ന വിശേഷണം വളരെ ശ്രദ്ധയോടെ മാത്രം നൽകേണ്ടതാണ്. കഥാപാത്രങ്ങളുടെ മികവെടുത്താൽ മലയാള സിനിമയിലെ മഹാനടൻ എന്നു വിശേഷണത്തിന് ഏറ്റവും അർഹൻ നെടുമുടി വേണുവായിരിക്കും. തമ്പ്, തകര, ചാമരം, കള്ളൻ പവിത്രൻ, പറങ്കിമല, യവനിക.. ഈ പേരുകൾ കേട്ടാൽ തന്നെ അനേകമനേകം തിരകൾ ഇരമ്പിയെത്തും.

  അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി, നെടുമുടി വേണു എന്നീ നാൽവർ സംഘമാണ് മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയത്. ആലപ്പുഴ എസ് ഡി കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം വേണു എത്തിയത് കാവാലത്തിന്റെ നാടകക്കളരിയിലാണ്. അഭിനയത്തിന്റെ രസതന്ത്രമല്ല അവിടെ നടന്നത്. ഒരു സിംഫണിയുടെ സൃഷ്ടിയായിരുന്നു. താളവും ലയവും ചേരുന്ന അപൂർവ കോംപോസിഷന്റെ പിറവി.

  മലയാള സിനിമയുടെ ഭാവം മാറ്റിയ കൂട്ടുകെട്ടായിരുന്നു മോഹൻലാലും നെടുമുടി വേണുവും. മോഹൻലാലിന്റെ ആദ്യസിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഒന്നിച്ചഭിനയിച്ചു തുടങ്ങിയതാണ് ആ ബന്ധം. സുഹൃത്തായും സഹപ്രവർത്തകനായും ജ്യേഷ്ഠനായും പിന്നെ അച്ഛനായും വരെ മോഹൻലാലിനൊപ്പം നിറഞ്ഞു നിന്നു നെടുമുടി വേണു.

  തമ്പ് മലയാള സിനിമയിലേക്കു മാറ്റങ്ങൾ കൊണ്ടുവന്ന സൃഷ്ടിയാണ്. അതിന്റെ ഓരോ ഘട്ടത്തിലും നെടുമുടി വേണുവിന്റേയും ഭരത് ഗോപിയുടേയും സാന്നിധ്യമുണ്ട്. അരവിന്ദൻ കഥ വികസിക്കുമ്പോൾ മുതൽ തുടങ്ങിയ ബന്ധം. ആൽമരത്തണലിൽ മുപ്പതുകാരൻ വേണു നാൽപതുകാരൻ കഥാപാത്രത്തെ ഉൾക്കൊണ്ടു കിടന്ന ആദ്യ സീൻ മുതൽ തമ്പിന്റെ മടക്കം വരെ എന്തൊരു യാത്രയാണത്.

  നെടുമുടി വേണു അഭിനിയച്ച ആദ്യ 15 സിനിമകൾ എടുക്കുക. മറ്റൊരു നടനും കിട്ടിയിട്ടില്ലാത്ത വൈവിദ്ധ്യമാണ് അത്. മഹാപ്രതിഭകളായ സംവിധായകർ നെടുമുടി വേണു എന്ന മഹാപ്രതിഭയെ തിരിച്ചറിഞ്ഞതിന്റെ സാക്ഷിപത്രം. അരവിന്ദനൊപ്പം ആദ്യ സിനിമ. രണ്ടാം സനിമ സാക്ഷാൽ ജോൺ ഏബ്രാഹമിനൊപ്പം ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ. അതിൽ വികാരിയച്ചനാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ പുരോഹിതനായ നടനും ഒരു പക്ഷേ നെടുമുടി വേണു ആകും.

  Also Read- Nedumudi Venu passes away | അഭിനയ കുലപതിക്ക്‌ വിട; മണ്മറഞ്ഞത് നാല് പതിറ്റാണ്ടിലധികം മലയാള സിനിമയിൽ നിറഞ്ഞ സാന്നിധ്യം

  ഗോപിയും നെടുമുടി വേണുവും. മലയാള സിനിമയ്ക്കു ലഭിച്ച ഏറ്റവും അർത്ഥവത്തായ ദ്വയം എന്ന് അറിയപ്പെടുന്നത് ഇവർ രണ്ടുപേരുമാണ്. യവനികയിൽ നിന്ന് പാളങ്ങളിലേക്ക് എത്തുമ്പോൾ ഓരോ നിമിഷത്തിലും പരസ്പരം ജയിച്ച് കയറുന്ന രണ്ടു നടന്മാർ. കള്ളൻ പവിത്രനിൽ ഗാംഭീരം കൂടുതലുള്ള കഥാപാത്രം നെടുമുടി വേണുവാണ്. പാവത്തം കൂടുതൽ ഗോപിക്കും. പളങ്ങളിലേക്ക് എത്തുമ്പോൾ ഇതു നേരേ തിരിയുകയാണ്. ഗോപിയുടെ അപ്രമാദിത്തവും നെടുമുടിയുടെ പാവത്തവും.

  രചനയിലെ അച്യുതൻകുട്ടി മലയാള സിനിമയുടെ തന്നെ മഹത്തായ ഈടുവയ്പുകളിൽ ഒന്നാണ്. അഭിനയത്തിന്റെ സൂത്രവാക്യങ്ങൾ കണ്ടറിയാനുള്ള പാഠപുസ്തകം. ആത്മവിശ്വാസമില്ലാത്ത തൊഴിലന്വേഷകനിൽ നിന്ന് ഉത്കട മോഹങ്ങളുള്ള കഥാപാത്രമായുള്ള വളർച്ച ഒരു ഗ്രാഫ് പോലെ അതിൽ വായിച്ചെടുക്കാം.

  അഭിനയത്തിനും നാട്ടുപാട്ടുകൾക്കും അപ്പുറം മറ്റൊരു നെടുമുടി വേണുവും ഉണ്ടായിരുന്നു. മനോഹരമായ കഥകളും തിരക്കഥയും എഴുതിയ വേണു. കാറ്റത്തെ കിളിക്കൂടും അമ്പട ഞാനേയുമൊക്കെ ആ തൂലികയിൽ പിറന്നതാണ്. പൂരം എന്ന സിനിമ എഴുതി സംവിധാനം ചെയ്തു. ശ്രദ്ധേയമായ നിരവധി ടെലി സീരിയലുകളും നിർമിച്ചു.

  ഞാൻ വേണുസാറിന്റെ ആരാധകനാണെന്നു പറഞ്ഞ് വിതുമ്പിപ്പോയി കമൽഹാസൻ. ഒപ്പമഭിനയിച്ചവർക്കെല്ലാം വേണു അനായാസതയുടെ പര്യായമായിരുന്നു. ഏതു കഥാപാത്രവും സ്വാഭാവികമായി വേണുവിലേക്കു പ്രവേശിച്ചു. രൂപം മാറ്റുകയോ സ്വരം മാറ്റുകയോ ചെയ്യാതെ തന്നെ ആ കഥാപാത്രങ്ങളെ വേണു വ്യത്യസ്തമാക്കി.

  നെടുമുടി വേണു എന്തുകൊണ്ട് കേരളത്തിലെ ഓരോ കുടുംബത്തിലേയും നാഥനായി? ദൂരദർശന്റെ പ്രതാപകാലത്ത് കൈരളീ വിലാസം ലോഡ്ജ് പോലുള്ള സീരിയലുകൾ നിർമിച്ചതുകൊണ്ടു മാത്രമല്ല അത്. അന്ന് ആ സീരിയലിന്റെ കഥ സക്കറിയയെ കൊണ്ടാണ് എഴുതിച്ചത്. തമ്പ് എന്ന വീട്ടിൽ താമസിച്ചാണ് സക്കറിയ തിരക്കഥ പൂർത്തിയാക്കിയത്. അങ്ങനെ വീട്ടകങ്ങളിലേക്കു വന്നതുകൊണ്ടുമാത്രമല്ല ഇത്ര ജനകീയത. അച്ചുവേട്ടന്റെ വീടു പോലൊരു സിനിമയിൽ അച്ചുവാകാൻ നെടുമുടി വേണുവിന് അപ്പുറമൊരാളെ ചിന്തിക്കാൻ പോലും കഴിയില്ല.

  സംവിധായകൻ ഭരതനെ അഭിമുഖം ചെയ്യാൻ പോയതാണ് പത്രപ്രവർത്തകനായ നെടുമുടി വേണു. അഭിമുഖം കഴിഞ്ഞപ്പോൾ ഭരതൻ പറഞ്ഞു വേണു ഇനി പോകേണ്ടെന്ന്. ആരവം എന്ന സിനിമയുടെ തിരക്കഥ പൂർത്തിയായ സമയമാണ്. കമൽ ഹാസനെ നായകനാക്കി എടുക്കാനിരുന്ന സിനിമ. അതിലേക്ക് നായകനായി അന്നു നെടുമുടി വേണു പ്രവേശിച്ചു. ഒരു നോട്ടത്തിൽ തന്നെ തിരിച്ചറിയാവുന്ന പ്രതിഭയുടെ പൊൻതിളക്കമായിരുന്നു നെടുമുടി വേണു. മലയാള സിനിമ അഭിനയത്തെ ഇത്രമേൽ പുതുക്കിപ്പണിത മറ്റൊരാളെ കണ്ടെത്തുക പ്രയാസം. ഇത് വിടപറഞ്ഞുപോയ ഒരാളെക്കുറിച്ചു പറയുന്ന വീൺവാക്കുകളല്ല. നെടുമുടി വേണു എന്ന പച്ചയായ മനുഷ്യനെക്കുറിച്ച് ആർക്കു കഴിയും ഇങ്ങനെ വീൺവാക്കുകൾ പറയാൻ. വിട.
  Published by:Anuraj GR
  First published: