'രാഷ്ട്രീയ നിലപാടുണ്ട്; സജീവ രാഷ്ട്രീയത്തിൽ താൽപര്യമില്ല; മത്സരിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല': നിലപാട് വ്യക്തമാക്കി മമ്മൂട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
നിലവിൽ സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും സജീവ രാഷ്ട്രീയത്തിൽ താൽപര്യം ഇല്ലെന്നും മമ്മൂട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇറങ്ങുമോ എന്ന ചോദ്യത്തിന് എന്തിനു എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം.
കൊച്ചി: രാഷ്ട്രീയ നിലപാടുണ്ടെന്നും എന്നാൽ തൽക്കാലം മത്സരരംഗത്ത് ഇല്ലെന്നും വ്യക്തമാക്കി നടൻ മമ്മൂട്ടി. തനിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും സജീവ രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും വ്യക്തമാക്കിയ മമ്മൂട്ടി, മത്സരിക്കണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. ദി പ്രീസ്റ്റ് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും.
നിലവിൽ സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും സജീവ രാഷ്ട്രീയത്തിൽ താൽപര്യം ഇല്ലെന്നും മമ്മൂട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇറങ്ങുമോ എന്ന ചോദ്യത്തിന് എന്തിനു എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം. മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാട് എല്ലാവർക്കും വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ട് സജീവമായി ഈ രംഗത്തേയ്ക്കു വരാത്തത് എന്ന ചോദ്യത്തിനായിരുന്നു സജീവരാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന നിലപാടു വ്യക്തമാക്കിയത്. താൻ മൽസരിക്കുമെന്നു പറഞ്ഞ് ഓരോ തെരഞ്ഞെടുപ്പിലും കാണാറുണ്ട്. അതിനോടു പ്രതികരികരിക്കാറില്ല. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതും അദ്ദേഹം പറഞ്ഞു.
advertisement
ഒരു രാഷ്ട്രീയ പാർട്ടിയും തന്നോടു സാഥാനാർഥിയാകാമോ എന്നു ചോദിച്ചിട്ടില്ല. ഞാൻ ആരോടും ചോദിച്ചിട്ടുമില്ല, തൽക്കാലം സ്ഥാനാർഥിയാകാൻ താൽപര്യവുമില്ല. ഭാവിയിൽ ഉണ്ടാകുമോ എന്ന ചോദ്യം ഉയരാം, അത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലേതു പോലെ ഇവിടെ സിനിമാക്കാർ വ്യാപകമായി രാഷ്ട്രീയത്തിലേക്ക് വരുന്നത് കാണാൻ സാധ്യതയില്ല. ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനിടെ ശ്രീനിവാസൻ നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഞാനത് കണ്ടില്ലെന്നും അദ്ദേഹത്തിന് എന്തും പറയാമല്ലോ എന്നും പറഞ്ഞു.
advertisement
രാഷ്ട്രീയം പറയുന്നതുകൊണ്ട് നടീനടൻമാർക്ക് അവസരം നഷ്ടപ്പെടുന്നു എന്ന് മകളുടെ കാര്യത്തിൽ നടൻ കൃഷ്ണകുമാർ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതു താൻ ചെയ്തിട്ടില്ലാത്തതിനാൽ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടൻ ഗണേഷ്കുമാറും മുകേഷും ഇന്നസെന്റും രാഷ്ട്രീയവും സിനിമയും ഒരുമിച്ചു കൊണ്ടുപോകുന്നതായി നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞു. നാളെ പിഷാരടിക്കും ധർമജനുമൊക്കെ അതു സാധിക്കും. എല്ലാവർക്കും രാഷ്ട്രീയമുണ്ട്, കലയിൽ ഞങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യർ, ബി ഉണ്ണികൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സെക്കൻഡ് ഷോ കൂടി അനുവദിച്ച സാഹചര്യത്തിൽ ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്ന് അണിയറ പ്രവർത്തകരും വ്യക്തമാക്കി. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ ഡി ഇല്യുമിനേഷൻസിന്റെയും ബാനറിൽ അന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 09, 2021 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'രാഷ്ട്രീയ നിലപാടുണ്ട്; സജീവ രാഷ്ട്രീയത്തിൽ താൽപര്യമില്ല; മത്സരിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല': നിലപാട് വ്യക്തമാക്കി മമ്മൂട്ടി