താൻ ബിജെപിയായതിനാൽ മകളെ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്ന് കൃഷ്ണകുമാർ; മാറ്റിയതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് നിർമാതാക്കൾ
- Published by:Rajesh V
- news18-malayalam
Last Updated:
തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും നിർമാതാക്കൾ പറഞ്ഞു.
പൃഥ്വിരാജ് നായകനാകുന്ന ഭ്രമം എന്ന സിനിമയിൽ നിന്നും അഹാന കൃഷ്ണകുമാറിനെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് സിനിമയുടെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസ്. അഹാനയെ സിനിമയിൽ നിന്നും നീക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമിച്ച ഭ്രമം എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ശക്തമായി എതിർക്കുന്നുവെന്നും ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസിന്റെ പ്രസ്താവനയിൽ പറയുന്നു.
മകള്‍ അഹാനയെ തന്റെ ബി ജെ പി ബന്ധം കാരണം രണ്ട് സിനിമകളില്‍ കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയെന്ന ആരോപണവുമായി നടന്‍ കൃഷ്ണകുമാര്‍ രംഗത്ത് വന്നിരുന്നു. പൃഥ്വിരാജ് ചിത്രം 'ഭ്രമ'ത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലും ഇതാണ് കാരണമെന്നും കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമാതാക്കൾ വിശദീകരണ കുറിപ്പിറക്കിയത്.
ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും നിർമാതാക്കൾ പറഞ്ഞു. സിനിമയിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ അടക്കം ആർക്കും ഈ തീരുമാനത്തിൽ പങ്കില്ലെന്നും ഓപ്പൺ ബുക്ക്സ് പ്രൊഡക്‌ഷന് വേണ്ടി രവി കെ ചന്ദ്രൻ, സി വി സാരഥി, ബാദുഷ എൻ എം, വിവേക് രാമദേവൻ, ശരത് ബാലൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ രവി.കെ.ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്. ശ്രീറാം രാഘവന്റെ അന്ധാദുന്‍ എന്ന സിനിമയുടെ മലയാളം റീമേക്കാണ് ഭ്രമം.
advertisement
പ്രസ്താവനയുടെ പൂർണ രൂപം
ബഹുമാന്യരെ, ഞങ്ങൾ ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമിച്ച ഭ്രമം എന്ന സിനിമയിൽ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലോ ടെക്നിഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പൺ ബുക്കിന്റെ സാരഥികൾ എന്ന രീതിയിൽ ഞങ്ങൾ വ്യക്തമാക്കുന്നു. ഇന്ന് ചില മാധ്യമങ്ങളിൽ അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമിച്ച ഭ്രമം എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസ് ശക്തമായി എതിർക്കുന്നു
advertisement
ഒരു സിനിമയിൽ കഥാപാത്രത്തിന് അനിയോജ്യമായ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത് ആ സിനിമയുടെ സംവിധായകനും, എഴുത്തുക്കാരനും, ക്യാമറമാനും, നിർമാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങൾ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങൾ അഹാനയെ അറിയിച്ചിരുന്നു. അതുവരെ ഈ സിനിമയിൽ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിർമ്മാതാക്കൾ എന്ന നിലയിൽ ഞങ്ങൾ അവരെ അറിയിച്ചിരുന്നു. നിർഭാഗ്യവശാൽ അഹാനയുടെ പേര് ചില മാധ്യമങ്ങളിൽ വരികയും ചെയ്തു.
advertisement
അഹാന മറ്റൊരു സിനിമയുടെ ജോലിയിൽ ആയിരുന്നതിനാൽ ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലും ആദ്യം നിശ്ചയിച്ച ഡേറ്റിൽ നടന്നില്ല; അഹാനയ്ക്ക് കോവിഡ്-19 ബാധിച്ചതിനാൽ വീണ്ടും അത് വൈകുകയായിരുന്നു. അവർ രോഗമുക്ത ആയ ശേഷം 2021 ജനുവരി 10ന് ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങൾ കണ്ട ശേഷം സംവിധായകനും എഴുത്തുക്കാരനും നിർമാതാക്കളും അഹാന ഈ കഥാപാത്രത്തതിന് അനുയോജ്യ അല്ല എന്ന നിഗമനത്തിൽ എത്തിയിരുന്നു. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടിൽ ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറയുകയും ചെയ്തു.
advertisement
ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങൾ 25 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നവരാണ്. സിനിമ ഞങ്ങളുടെ തൊഴിലിടമാണ്, തൊഴിൽ ഞങ്ങൾക്ക് ദൈവമാണ്. ഞങ്ങളുടെ തൊഴിലിടങ്ങളിൽ ജാതി, മതം, വംശീയം, വർണ്ണം, ലിംഗഭേദ, കക്ഷി രാഷ്ട്രീയം എന്നീ ഒരു വിവേചനങ്ങളും ഉണ്ടാവാതിരിക്കാൻ എന്നും ശ്രദ്ധിക്കാറുണ്ട്, ഉറപ്പുവരുത്താറുണ്ട്. ഇനിയും അത് തന്നെ ആയിരിക്കും ഞങ്ങളുടെ നയം.
ആരുടെ എന്ത് താത്പര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞങ്ങൾ താഴ്ചയായി അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു. ഈ കത്തിന്റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ശ്രീ പൃഥ്വിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്റെ കാസ്റ്റിങ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 09, 2021 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
താൻ ബിജെപിയായതിനാൽ മകളെ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്ന് കൃഷ്ണകുമാർ; മാറ്റിയതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് നിർമാതാക്കൾ