തലവര മാറ്റിയെഴുതിയ 'രാജാവിന്റെ മകന്‍', ലാലിന്റേയും മലയാള സിനിമയുടേയും
Last Updated:
'ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു അങ്കിളിന്റെ അച്ഛന്‍ ആരാണന്ന്?'
'മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ടു ഡബിള്‍ ഫൈവ്'.
'വിന്‍സെന്റ് ഗോമെസിനെ ചതിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല',
'മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങുമ്പോള്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'
'രാജാവിന്റെ മകൻ' എന്ന സിനിമയിലെ ഈ ഡയലോഗുകളൊക്കെ ഇന്നും മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നുണ്ട്. മോഹൻലാലിന്റെയും മലയാള സിനിമയുടെയും തലവര മാറ്റിയെഴുതിയ സിനിമയാണ് 'രാജാവിന്റെ മകൻ'.

32 വര്‍ഷക്കാലം മലയാള സിനിമയുടെ ഗതിനിര്‍ണയിച്ച സംവിധായകനാണ് തമ്പി കണ്ണന്താനം. അദ്ദേഹത്തെ ഒഴിവാക്കി മലയാള സിനിമയുടെ ചരിത്രം ഏഴുതാനോ പറയാനോ ആര്‍ക്കുമാകില്ല. മലയാള സിനിമയുടെ നിര്‍ണായക വഴിത്തിരിവിന് കാരണക്കാരനായതും തമ്പി കണ്ണന്താനം എന്ന സംവിധായകനും അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളുമായിരുന്നു.
advertisement
എക്കാലത്തും മലയാള സിനിമയെ നിയന്ത്രിച്ച രണ്ട് താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇതില്‍ മോഹന്‍ലാലിന് സൂപ്പര്‍ താരമെന്ന പരിവേഷം ചാര്‍ത്തിക്കൊടുത്തത് തമ്പി കണ്ണന്താനമാണ്. അതും 1986ല്‍ പുറത്തിറങ്ങിയ 'രാജാവിന്റെ മകനി'ലൂടെ. 'ഒന്നാമന്‍' എന്ന സിനിമയിലൂടെ ലാലിന്റെ മകന്‍ പ്രണവിനെ വെള്ളിത്തിരയിലെത്തിച്ചതും തമ്പി കണ്ണന്താനമാണ്.

രാജാവിന്റെ മകന് മുന്‍പ് 1981ല്‍ 'താവളം', 1982ല്‍ 'പാസ്പോര്‍ട്ട്', 1985ല്‍ മമ്മൂട്ടി നായകനായ 'ആ നേരം അല്‍പദൂരം' എന്നീ ചിത്രങ്ങളാണ് തമ്പി സംവിധാനം ചെയ്തത്. ഇവയൊന്നും സാമ്പത്തികമായി വിജയിച്ചില്ല. ഈ പരാജയങ്ങള്‍ക്കു പിന്നാലെയാണ് കണ്ണന്താനം 'രാജാവിന്റെ മകനു'മായി വെള്ളിത്തിരയിലെത്തിയത്.
advertisement
ആദ്യ സിനിമകളെല്ലാം പരാജയപ്പെട്ടെങ്കിലും ജീവിതത്തിലുടനീളം നല്ലൊരു പോരാളിയായ തമ്പിയെ ഇതൊന്നും തളര്‍ത്തിയില്ല. ഡെന്നീസ് ജോസഫുമായി പല കഥകളും ചര്‍ച്ച ചെയ്തു. ഏറെ നേരത്തിനൊടുവിലാണ് രാജാവിന്റെ മകന്റെ കഥ ഉരുത്തിരിഞ്ഞത്. കഥയുമായി മറ്റൊരു നടനെയാണ് സമീപിച്ചത്. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ പരാജയപ്പെട്ട സംവിധായകന് ഡേറ്റ് നല്‍കാന്‍ അദ്ദേഹം തയാറായില്ല. അങ്ങനെയാണ് മോഹന്‍ലാലിലേക്കെത്തുന്നത്. നിര്‍മാതാവിനെ ലഭിക്കാതെ വന്നതോടെ ആ ദൗത്യവും തമ്പി കണ്ണന്താനം ഏറ്റെടുത്തു.

advertisement
നെഗറ്റീവ് ടച്ചുള്ള നായകനടനെ മോഹന്‍ലാല്‍ ഇരുംകൈയും നീട്ടി സ്വീകരിച്ചു. അത് മോഹന്‍ലാലിന്റെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ തലവരമാറ്റി. അക്കാലത്ത് 'രാജാവിന്റെ മകന്‍' എന്ന വ്യത്യസ്ത പേരും കൗതുകമായി. രാജാവിന്റെ മകന്‍ എന്നാല്‍ രാജകുമാരന്‍ എന്നല്ലേ വേണ്ടതെന്ന് പലരും ചോദിച്ചു. എന്നാല്‍ ആ പേരിന് 'പഞ്ച്' പോരെന്ന് പറഞ്ഞാണ് തമ്പി കണ്ണന്താനം 'രാജാവിന്റെ മകന്‍' എന്ന പേരില്‍ ഉറച്ചു നിന്നത്.
മലയാള സിനിമയ്ക്ക് അന്നുവരെ പരിചിതമല്ലാത്ത കഥാതന്തു. പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ തമ്പി കണ്ണന്താനം ഒഴികെ അണിയറപ്രവര്‍ത്തകര്‍ക്കും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയ ആ ദിവസം. കൃത്യമായി പറഞ്ഞാല്‍ 1986 ജൂലൈ 17, മലയാള സിനിമയില്‍ പുതിയൊരു സൂപ്പര്‍താര പിറവിക്ക് സാക്ഷ്യം വഹിച്ചു. പരാജയത്തിന്റെ പടുകുഴിയില്‍ നിന്നിരുന്ന തമ്പി കണ്ണന്താനം സൂപ്പര്‍ ഹിറ്റ് സംവിധായകനുമായി. സിനിമ മാത്രമല്ല,ഡയലോഗുകളും സൂപ്പര്‍ ഹിറ്റായി.
advertisement
മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു പാത വെട്ടിത്തുറന്ന ചിത്രമായിരുന്നു 'രാജാവിന്റെ മകന്‍'. പിന്നീട് തമ്പി കണ്ണന്താനം പുറത്തിറക്കിയ ഏഴു സിനിമകളിലും മോഹന്‍ലാലായിരുന്നു നായകന്‍. അതില്‍ ആറു സിനിമകളും മികച്ച വിജയം നേടി.
തമ്പി കണ്ണന്താനം- മോഹൻലാൽ ടീമിന്റെ മറ്റു സിനിമകൾ
വഴിയോര കാഴ്ചകൾ
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, രതീഷ്, അംബിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987ൽ പ്രദർശനത്തിനെത്തിയ സിനിമയാണ് വഴിയോരക്കാഴ്ചകൾ. തമ്പി കണ്ണന്താനം നിർമിച്ച ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ഡെന്നീസ് ജോസഫായിരുന്നു.
advertisement
ഭൂമിയിലെ രാജാക്കന്മാർ
ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മാണവും തമ്പി കണ്ണന്താനം സംവിധാനവും നിർവ്വഹിച്ച് 1987ൽ പുറത്തിറങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ആക്ഷൻ ചിത്രമാണ് ഭൂമിയിലെ രാജാക്കന്മാർ. മോഹൻലാലിനെ കൂടാതെ സുരേഷ് ഗോപി, അടൂർ ഭാസി, ബാലൻ കെ. നായർ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. തിയറ്ററുകളിൽ സിനിമ മികച്ച വിജയം നേടി.
ഇന്ദ്രജാലം
തമ്പി കണ്ണന്താനത്തിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് സിനിമ. മോഹൻലാൽ, രാജൻ പി. ദേവ്, ശ്രീജ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990ൽ പ്രദർശനത്തിനെത്തി. ഡെന്നീസ് ജോസഫ് ആണ് രചന. തമ്പി കണ്ണന്താനം നിർമിച്ച സിനിമ ബോംബെ അധോലോകത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്. പ്രതിനായകവേഷത്തിലൂടെ രാജൻ പി. ദേവ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായതും ഈ സിനിമയിലൂടെയായിരുന്നു.
advertisement
നാടോടി
ടിഎ റസാഖിന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സിനിമ. സുരേഷ് ഗോപി, ബാബു ആൻറണി, എൻഎൻ പിള്ള, ജഗതി, മോഹിനി തുടങ്ങി വലിയ താരനിര. വലിയ വിജയമായി മാറിയതിന് പിന്നാലെ തെലുങ്കിലേക്കും മൊഴിമാറ്റം നടത്തി.
മാന്ത്രികം
ബാബു പള്ളാശ്ശേരിയുടെ രചനയിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രമായിരുന്നു മാന്ത്രികം. ജഗദീഷ്, രാജൻ പി. ദേവ്, പ്രിയാരാമൻ, വിനീത എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ സിനിമ തിയറ്ററുകൾ നിറഞ്ഞോടി. 1995ൽ പ്രദർശനത്തിനെത്തിയ സിനിമ ആക്ഷൻ രംഗങ്ങൾ കൊണ്ടും ശ്രദ്ധേയമായി.
ഒന്നാമൻ
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ ഏറ്റവും അവസാനമായി അഭിനയിച്ച സിനിമ. തിരക്കഥ രചിച്ച ഈ സിനിമ 2001ലാണ് പുറത്തിറങ്ങിയത്. തിയറ്ററുകളിൽ വലിയ വിജയമായില്ല. പ്രണവ് മോഹൻലാൽ ബാലതാരമായി പ്രത്യക്ഷപ്പെട്ടത് ഈ സിനിമയിലാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 02, 2018 3:47 PM IST