ബോളിവുഡിന് മാത്രമല്ല, ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ നഷ്ടങ്ങൾ സമ്മാനിച്ചാണ് ഏപ്രിൽ മാസം കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം ലോകസിനിമയിൽ തന്നെ ഇന്ത്യയുടെ അഭിമാനമായിരുന്ന ഇർഫാൻ ഖാൻ യാത്രയായി. ഇന്ന് ബോളിവുഡിലെ ഇതിഹാസ താരം ഋഷി കപൂറും ഓർമകളിലേക്ക് മടങ്ങി.
അന്ത്യ നിമിഷങ്ങളിൽ ഋഷി കപൂറിനൊപ്പം ഭാര്യ നീതു സിംഗും ഉണ്ടായിരുന്നു. നാൽപ്പത് വർഷത്തിലധികം നീണ്ട ഒന്നിച്ചുള്ള യാത്രയിൽ ആദ്യമായും അവസാനമായും ഋഷി കപൂർ നീതുവിനെ തനിച്ചാക്കി പോയി.
ബോളിവുഡ് റൊമാന്റിക് സിനിമാ കഥയെ വെല്ലുന്നതാണ് ഋഷി കപൂറിന്റേയും നീതുവിന്റേയും പ്രണയവും. 1974 ൽ സിനിമാ സെറ്റിൽ തുടങ്ങിയ സൗഹൃദം ക്രമേണ പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീണ്ടു.
പ്രണയകാലത്തെ കുറിച്ച് പറയുമ്പോൾ ഋഷി കപൂർ വാചാലനായിരുന്നു ബോളിവുഡിന്റെ ചോക്ലേറ്റ് ഹീറോ.
1974 ൽ സെഹറീല ഇൻസാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഋഷി കപൂർ ആദ്യമായി നീതു സിംഗിനെ കാണുന്നത്. അന്നു മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് അമർ, അക്ബർ, ആന്റണി, ഖേൽ ഖേൽ മേൻ, കഭി കഭി, ദോ ദൂനി ചാർ, തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു.
നീതുവിനെ പരിചയപ്പെടുന്ന കാലത്ത് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു താനെന്ന് ഋഷി കപൂർ പറഞ്ഞിട്ടുണ്ട്. കാമുകിയുമായുള്ള സൗന്ദര്യപ്പിണക്കങ്ങൾ പരിഹരിക്കാൻ ഓടിയെത്തിയിരുന്നത് സുഹൃത്തായ നീതുവും. എഴുപതുകളിലെ പ്രണയമാണ്, ഇന്നത്തെ പോലെ വാട്സ് ആപ്പോ, വീഡിയോ കോൾ സൗകര്യമോ ഒന്നുമില്ല. സെഹറീലയുടെ സെറ്റിൽ വെച്ച് കാമുകിക്ക് അയക്കാനുള്ള ടെലഗ്രാം സന്ദേശം എഴുതാൻ ഋഷി കപൂറിനൊപ്പം നീതുവുമുണ്ടാകും.
സൗഹൃദത്തിനും അപ്പുറത്തുള്ള അടുപ്പമാണ് നീതുവിനോട് തനിക്കുള്ളതെന്ന് തിരിച്ചറിഞ്ഞതിനെ കുറിച്ചും ഋഷി കപൂർ പറഞ്ഞിട്ടുണ്ട്. "നീതുവിനോട് സുഹൃത്തിനോട് എന്നതിനേക്കാൾ അടുപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞത് അവരെ പിരിഞ്ഞിരുന്ന സമയത്താണ്. ഷൂട്ടിങ്ങിനായി യൂറോപ്പിലേക്ക് പോയപ്പോഴായിരുന്നു അത്. നീതുവിനെ കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത, എന്തിന് പറയുന്നു, യൂറോപ്പിൽ ഇരുന്ന് കാശ്മീരിലുള്ള നീതുവിന് ഞാൻ ടെലഗ്രാം അയച്ചു. നിന്നെ കുറിച്ചാണ് എന്റെ ചിന്തകൾ എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്" . ബോളിവുഡിന്റെ റൊമാന്റിക് ഹീറോ സ്വന്തം പ്രണയകഥ പറയുന്നത് ഇങ്ങനെയാണ്.
ഋഷി കപൂറുമായുള്ള ആദ്യ കൂടിക്കാഴ്ച്ച അത്ര സുഖകരമായിരുന്നില്ലെന്നാണ് പ്രണയ കഥയിലെ നായിക പറഞ്ഞത്.
"ആരേയും കളിയാക്കുന്ന സ്വഭാവമായുരുന്നു അദ്ദേഹത്തിന്. അദ്ദേഹം എന്റെ മേക്കപ്പിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമെല്ലാം കളിയാക്കി. എനിക്ക് വല്ലാതെ ദേഷ്യം വന്നു തുടങ്ങി. അദ്ദേഹം പ്രത്യേകിച്ച് ഒന്നും ഉദ്ദേശിച്ചല്ല ഇങ്ങനെ കളിയാക്കുന്നത്. എന്നാൽ എനിക്കത് പുതിയ അനുഭവമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തോട് ആദ്യം തോന്നിയ വികാരം ദേഷ്യമായിരുന്നു".
ബോളിവുഡിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് നീതുവും കടന്നുവരുന്ന സമയമായിരുന്നു അത്. ഋഷി കപൂറിനൊപ്പം നീതുവിനെ തനിയെ വിടാൻ അവരുടെ അമ്മ ഒരുക്കമായിരുന്നില്ല. അങ്ങനെ, നീതുവിന്റെ ബന്ധുവായ പെൺകുട്ടിയും ഋഷിയുടേയും നീതുവിന്റേയും ഡേറ്റിന് ഒപ്പം പോകും.
1980 ലാണ് നീതുവും ഋഷി കപൂറും വിവാഹിതരാകുന്നത്. വിവാഹ ശേഷം നീതു പതുക്കെ അഭിനയരംഗത്തു നിന്നും പിൻവാങ്ങി. 15 വർഷം തുടർച്ചയായി ജോലി ചെയ്ത് തളർന്നുവെന്നായിരുന്നു നീതു ഇതിനെ കുറിച്ച് പറഞ്ഞത്. ഭർത്താവിനും കുട്ടികൾക്കുമൊപ്പം ചെറിയ ജീവിതമാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും നീതു. നടൻ റൺബീർ കപൂറും റിഥിമയുമാണ് ഇവരുടെ മക്കൾ.
പ്രണയകാലമടക്കം നാൽപ്പത് വർഷത്തിൽ കൂടുതൽ ഒപ്പം യാത്ര ചെയ്തയാളാണ് നീതുവിനെ തനിച്ചാക്കി ഇന്ന് മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.