ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിൻറെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ രൂപ ഗാംഗുലി. #cbiforsushant എന്ന ഹാഷ്ടാഗിലെ ട്വീറ്റുകള്‍ കൊണ്ട് അവരുടെ ട്വിറ്റർ ടൈംലൈൻ നിറഞ്ഞിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സുശാന്ത് ഭാഗമായിരുന്നുവെന്നും എന്നാൽ അതിനു ശേഷം പല ബോളിവുഡ് താരങ്ങളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ആ കൂട്ടത്തിൽ സുശാന്ത് ഇല്ലായിരുന്നുവെന്നും രൂപ ആരോപിക്കുന്നു. വിവിധ ട്വീറ്റുകളിലാണ് രൂപ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സുശാന്ത് പങ്കെടുത്തിരുന്നു. എന്നാൽ 2018 ഡിസംബറിൽ നടന്ന മീറ്റിംഗുകളുടെ ഫോട്ടോഗ്രാഫുകളിൽ അദ്ദേഹം ഇല്ലേ? ഈ മീറ്റിംഗുകളിൽ അദ്ദേഹം ഉണ്ടായിരുന്നോ? ആരാണ് മുമ്പ് ഈ ലിസ്റ്റുകൾ തയ്യാറാക്കിയത്- രൂപ ട്വിറ്ററിൽ കുറിച്ചു.
കരൺ ജോഹർ, കങ്കണ റണൗട്ട്, കപിൽ ശർമ, രാജ് കുമാർ ഹിരാനി, ഷാഹിദ് കപൂർ എന്നിവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സുശാന്തിന്റെ ചിത്രങ്ങളും രൂപ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള അതിഥികളുടെ പട്ടിക തയ്യാറാക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും രൂപ വ്യക്തമാക്കിയിരിക്കുന്നു. അതില്‍ സുശാന്തിനെ ഉൾപ്പെടുത്തിയതിൽ നന്ദിയുണ്ടെന്ന് രൂപ വ്യക്തമാക്കുന്നു.
2018 ഡിസംബറിനും 2019 ജനുവരിയ്ക്കുമിടയിൽ എത്ര തവണ ബോളിവുഡിൽ നിന്നുള്ള കലാകാരന്‍മാരെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി കണ്ടുമുട്ടി? ”അവർ മറ്റൊരു ട്വീറ്റിൽ ചോദിച്ചു. ''നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും ബോളിവുഡിൽ നിന്നുള്ള വ്യക്തികളും തമ്മിലുള്ള കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തത് ആരാണ്? ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ കണ്ടുമുട്ടുന്നതിന് നടപടിക്രമങ്ങൾ ആവശ്യമാണ്, അദ്ദേഹത്തെപ്പോലുള്ള ഒരു ബുദ്ധിമാനായ വ്യക്തി ഒരാളെ ഒഴിവാക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആരാണ് ഈ പട്ടിക സംഘടിപ്പിച്ചത്? രൂപ ട്വിറ്ററിൽ കുറിച്ചു.
മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് കലാകാരന്മാരെ കൊണ്ടുപോയ കരൺ ജോഹർ ചാർട്ടേഡ് ചെയ്ത വിമാനത്തിൽ സുശാന്ത് ഉണ്ടായിരുന്നോ എന്നും രൂപ ചോദിക്കുന്നു. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് രൂപ ഗാംഗുലി ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി, അമിത്ഷാ, നരേന്ദ്ര മോദി എന്നിവരെ ടാഗ് ചെയ്താണ് രൂപയുടെ ട്വീറ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.