• HOME
  • »
  • NEWS
  • »
  • film
  • »
  • Nanpakal Nerathu Mayakkam | 28 ദിവസത്തെ ചിത്രീകരണം; 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

Nanpakal Nerathu Mayakkam | 28 ദിവസത്തെ ചിത്രീകരണം; 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

തമിഴ്‌നാട്ടിലെ മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നാണ് ലിജോയും സംഘവും ചിത്രം ഒറ്റ ഷെഡ്യൂളില്‍ തന്നെ തീര്‍ത്തത്.

  • Share this:
    മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ ചിത്രീകരണം പഴനിയില്‍ പൂര്‍ത്തിയായി. 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. തമിഴ്‌നാട്ടിലെ മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നാണ് ലിജോയും സംഘവും ചിത്രം ഒറ്റ ഷെഡ്യൂളില്‍ തന്നെ തീര്‍ത്തത്.

    നവംബര്‍ ഏഴിനാണ് വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനര്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 'മമ്മൂട്ടി കമ്പനി' എന്നാണ് പുതിയ നിര്‍മാണ കമ്പനിയുടെ പേര്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്.

    നടന്‍ അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ഛായാഗ്രഹണം. മലയാളത്തിലെ പുത്തന്‍നിര സംവിധായകരില്‍ ഏറെ പരീക്ഷണങ്ങള്‍ ധൈര്യം കാട്ടുന്ന സംവിധായകനൊപ്പം ആദ്യമായി മമ്മൂട്ടി എത്തുന്നു എന്നത് പ്രോജക്റ്റിനെക്കുറിച്ച് ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്.


    ഇതിനകം ചിത്രീകരണം ആരംഭിച്ച 'സിബിഐ 5'ലാണ് മമ്മൂട്ടി ഇനി ജോയിന്‍ ചെയ്യുക. സിനിമയുടെ ചിത്രീകരണം ഏതാനും ദിവസം മുന്‍പ് എറണാകുളത്ത് ആരംഭിച്ചിരുന്നു. ഹൈദരാബാദും ദില്ലിയുമാണ് ഈ ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.

    അമല്‍ നീരദിന്റെ ഭീഷ്മപര്‍വ്വം, നവാഗത സംവിധായിക റത്തീന ഷര്‍ഷാദിന്റെ പുഴു, സിബിഐ സിരീസിലെ അഞ്ചാം ചിത്രം, കെട്ട്യോളാണ് എന്റെ മാലാഖ സംവിധായകന്‍ നിസാം ബഷീറിന്റെ ചിത്രം, മാമാങ്കത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം എന്നിവയ്‌ക്കൊപ്പം ഒരു തെലുങ്ക് ചിത്രവും മമ്മൂട്ടിയുടേതായി പുറത്തെത്താനുണ്ട്. അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് ആണ് തെലുങ്ക് ചിത്രം.
    Published by:Jayesh Krishnan
    First published: