ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട് വാടകക്ക് എടുക്കുന്ന സംഘം ഇതരസംസ്ഥാനത്തെ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇവ ഉപയോഗിക്കുന്നു. തട്ടിയെടുക്കുന്ന തുക ഈ അക്കൗണ്ടിലേക്കാണ് എത്തുക
വയനാട്: മ്യൂൾ അക്കൗണ്ട് എന്ന പേരില്‍ അറിയപ്പെടുന്ന വാടക ബാങ്ക് അക്കൗണ്ട് വഴി വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടു. പണത്തിനുവേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയവരാണ് കുരുക്കിലായത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള തട്ടിപ്പുകാർ പ്രദേശവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്‌ക്ക് എടുക്കുകയും നിയമവിരുദ്ധ ഇടപാടുകളും മറ്റും നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട് വാടകക്ക് എടുക്കുന്ന സംഘം ഇതരസംസ്ഥാനത്തെ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇവ ഉപയോഗിക്കുന്നു. തട്ടിയെടുക്കുന്ന തുക ഈ അക്കൗണ്ടിലേക്കാണ് എത്തുക. ഇതരസംസ്ഥാനങ്ങളിൽ രജിസ്‌ട്രർ ചെയ്യുന്ന പല കേസുകളിലും തട്ടിപ്പിനുപയോഗിച്ച അക്കൗണ്ടുകൾ ജില്ലയിലെയാണ്. സമാനമായ സംഭാവത്തിൽ കണിയാമ്പറ്റ സ്വദേശി ഇസ്‌മയിലി(26)നെ നാഗാലാൻഡ് കൊഹിമ പൊലീസ് കഴിഞ്ഞ ചൊവ്വാഴ്‌ച അറസ്റ്റ് ചെയ്‌തു. ഇസ്‌മയിലിന്റെ അക്കൗണ്ട് ഉപയോഗിച്ച് നാഗാലാൻഡ് സ്വദേശിയുടെ 12.68 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നാഗാലാൻഡ് പൊലീസ് എത്തിയപ്പോഴാണ് ഇസ്‌മയിലും കുടുബവും ചതി മനസ്സിലാക്കുന്നത്. സമാനമായ കേസിൽ മറ്റൊരു യുവാവായ മുഹമ്മദ് ഫാനിഷിന് ഡെറാഡൂൺ പൊലീസ് നോട്ടീസ് നൽകുകയും ചെയ്‌തു.
advertisement
ഇതും വായിക്കുക: തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
അക്കൗണ്ടുകൾ വാങ്ങാൻ ഇടനിലക്കാർ സജീവമാണെന്ന് കമ്പളക്കാട് സ്വദേശിയായ യുവാവും വെളിപ്പെടുത്തിയിരുന്നു. ആദ്യം വിദ്യാർത്ഥികളുമായി ചങ്ങാത്തത്തിലാവും. തുടർന്ന്, ബിസിനസാണെന്നും ലാഭം തരാമെന്നും ട്രേഡിങ് കമ്പനിയിൽ ഓൺലൈൻ ജോലിനൽകാമെന്നുമടക്കം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് തുറപ്പിക്കും. തുടർന്ന്, എടിഎം, പുതിയ സിം കാർഡ് എന്നിവ സംഘം കൈക്കലാക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം പൊലീസ് അന്വേഷിച്ചെത്തുമ്പോൾ മാത്രമാണ് തങ്ങൾ കുടുങ്ങിയ കാര്യം അറിയുക. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ ആരംഭിച്ചതോടെ കേസിലുൾപ്പെട്ട ബാങ്ക് അക്കൗണ്ട് പിന്നീട് ഉപയോഗിക്കാനാകില്ല. ഇതോടെയാണ് തട്ടിപ്പുകാർക്ക് വൻതോതിൽ അക്കൗണ്ടുകൾ ശേഖരിച്ചുതുടങ്ങിയത്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. അക്കൗണ്ട് ചോദിച്ച് പണം നൽകാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പു നൽകി. അയൽ ജില്ലകളായ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
advertisement
സൈബർ കുറ്റവാളികൾ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാതെ മറ്റുള്ളവരുടെ പേരിലുള്ള അക്കൗണ്ട് വഴി പണമിടപാടുകൾ നടത്തുന്നതിനെയാണ് മ്യൂൾ അക്കൗണ്ട് എന്ന് പറയുന്നത്. മയക്കുമരുന്ന്, കള്ളകടത്ത്, കള്ളപണം വെളുപ്പിക്കൽ തുടങ്ങിയ നിമയവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന പണം കൈമാറാൻ ഈ അക്കൗണ്ട് ഉപയോഗിക്കുന്നു.
പ്രത്യക്ഷത്തിൽ കുറ്റവാളികളെ തിരിച്ചറിയാൻ സാധിക്കില്ല. മറിച്ച് അന്വേഷണമോ മറ്റും വന്നാൽ അക്കൗണ്ട് ഉടമയ്‌ക്ക് ആയിരിക്കും പണി കിട്ടുക. ഇത്തരം തട്ടിപ്പിന് ഉപയോഗിക്കുന്നത് പാവപ്പെട്ട ആളുകളെയാണ്. സാമ്പത്തിക പ്രലോഭനവും മറ്റ് ഓഫറുകളും വാഗ്‌ദാനം ചെയ്‌ത് അക്കൗണ്ടുകൾ കൈക്കാലാക്കും. മ്യൂൾ അക്കൗണ്ടുകൾ വഴി ഇക്കൊല്ലം സംസ്ഥാനത്ത് ഇതുവരെ നടന്നത് 223 കോടി രൂപയുടെ ഇടപാടുകളാണെന്നാണ് കണ്ടെത്തൽ.
Location :
Wayanad,Kerala
First Published :
September 10, 2025 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്