സിനിമാ ചിത്രീകരണത്തിനിടെ അപകടത്തിൽ സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം; വീഡിയോ പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിവേഗത്തില്‍ വന്ന എസ്‌യുവി റാമ്പിലൂടെ ഓടിച്ചുകയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. പാ രഞ്ജിത്ത്- ആര്യ കൂട്ടുകെട്ടിലുള്ള 'വേട്ടുവം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാസ്റ്ററായ എസ് എം രാജുവാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടണത്തുവെച്ചായിരുന്നു ചിത്രീകരണം.
അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിവേഗത്തില്‍ വന്ന എസ്‌യുവി റാമ്പിലൂടെ ഓടിച്ചുകയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം വായുവില്‍ ഒരുതവണ മലക്കംമറിഞ്ഞ് കുത്തി വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.
അപകടത്തില്‍ തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളിവുഡിലെ അറിയപ്പെടുന്ന സ്റ്റണ്ട്മാനായിരുന്ന രാജു ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സിനിമയിൽ കാർ ജംപിങ് സ്റ്റണ്ട് സ്പെഷലിസ്റ്റായിരുന്നു.
advertisement
നടന്‍ വിശാല്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. രാജുവിനെ വര്‍ഷങ്ങളായി അറിയാമെന്നും തന്റെ ചിത്രങ്ങളില്‍ ഒട്ടേറെ സാഹസികരംഗങ്ങള്‍ ചെയ്ത ആളാണെന്നും പറഞ്ഞ വിശാല്‍ രാജു ധൈര്യശാലിയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സില്‍വയും രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. ഏറ്റവും മികച്ച കാര്‍ ജമ്പിങ് സ്റ്റണ്ട് ആര്‍ട്ടിസ്റ്റായിരുന്നു രാജുവെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സ്റ്റണ്ട് യൂണിയനും ഇന്ത്യന്‍ സിനിമാലോകവും രാജുവിനെ മിസ് ചെയ്യുമെന്നും സില്‍വ പറഞ്ഞു. അതേസമയം പാ രഞ്ജിത്തും ആര്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
July 14, 2025 11:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാ ചിത്രീകരണത്തിനിടെ അപകടത്തിൽ സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം; വീഡിയോ പുറത്ത്