ഓർമ്മയ്ക്കായി ഇനിയൊരു സ്നേഹഗീതം… ഏറ്റുപാടിയവർ എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ പറ്റുമോ? പ്രണയത്തിന്റെ നൈർമല്യം പേറുന്ന ഈസ്റ്റ് കോസ്റ്റിന്റെ ആൽബം ഗാനങ്ങൾക്ക് ഒരു കാലഘട്ടത്തെ രേഖപ്പെടുത്താൻ സാധിക്കും. മില്ലേനിയം പിറന്ന വേളയിൽ ഒപ്പമുണ്ടായ ആൽബം തരംഗത്തിൽ ഈ ഗാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. വളരെ വർഷങ്ങൾക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ ഈ ഗാനങ്ങൾക്ക് ഒരു തുടർച്ചയെന്നോണം മടങ്ങിവരവ് പ്രഖ്യാപിച്ചു കഴിഞ്ഞു. വിഷു ദിനത്തിലാണ് പ്രഖ്യാപനമുണ്ടായത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലേക്ക്:
‘ഏറെ സന്തോഷവും സംതൃപ്തിയും അതിലേറെ പ്രതീക്ഷകളും എനിക്ക് കൂട്ടായി ഒപ്പമുള്ള ഈ വിഷുവിന്റെ സുദിനത്തിൽ എന്നെ ഞാനാക്കിയ ഒരു ഭൂതകാലത്തേക്ക് ഞാനും എന്റെ ഓർമ്മകളും സഞ്ചരിക്കുകയാണ്. എന്നെ സ്വാധീനിക്കുന്ന ചില മധുരാനുഭൂതികൾ ഞാനറിയാതെ എന്നെ കൊണ്ടുപോവുകയാണ്. ഒന്നിനുമല്ലാതെ എന്തിനോ തോന്നിയ ഒരിഷ്ടം, ഇനിയാർക്കും ആരോടും തോന്നാത്ത എന്തോ എന്തോ ഒന്നായി, അല്ലെങ്കിൽ എല്ലാമെല്ലാമായി എനിക്കും നിങ്ങൾക്കും മാറിയ ആ ലോകത്തേക്ക്… അതെ, നിനക്കായ്.. ആദ്യമായ്.. ഓർമ്മക്കായ്..സ്വന്തം.. ഇനിയെന്നും… എന്നെന്നും… എന്നീ പ്രണയഗാന സമാഹാരങ്ങൾ പിറവിയെടുത്ത ആ പഴയകാലത്തേക്ക്.. മറ്റൊന്നിനുമല്ല, അത്തരം ഒരു സമാഹാരവുമായി വീണ്ടും നിങ്ങൾക്കൊപ്പം കൂടുവാൻ.. ആ നിമിഷങ്ങളുടെ ആസ്വാദ്യത നുകരാനും നുണയാനും..
കള്ളനും ഭഗവതിയുടെയും ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പാലക്കാടിന്റെ ഉൾനാടൻ പ്രദേശങ്ങളിലൊക്കെ സഞ്ചരിക്കുമ്പോൾ എന്നെ കാണാനും ഫോട്ടോ എടുക്കാനുമായി വന്നിട്ടുള്ളവർക്കൊക്കെ ചോദിക്കാൻ ഒന്നുമാത്രം, അതുപോലൊന്ന് ഇനിയെന്ന്.. ? കള്ളനും ഭഗവതിയും മൂന്നാമത്തെ ആഴ്ചയും ഒരുപിടി തിയേറ്ററുകളിൽ മുന്നേറുന്ന സന്തോഷം എന്നിലുണർത്തുന്ന വികാരങ്ങൾ എനിക്ക് നൽകുന്ന സംതൃപ്‌തിയോടെ ഈ വിഷുവിന്റെ സുദിനത്തിൽ എന്റെ പ്രിയപ്പെട്ടവരോട് എനിക്ക് പറയാനുള്ളത്, “അധികം വൈകാതെ…” കാത്തിരിക്കാം.. കാതോർത്തിരിക്കാം..’
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: East Coast Vijayan, Music album