ഷാര്‍ജയിലെ യുഎഇ നാഷണല്‍ ആംബുലന്‍സ് കമ്മ്യൂണിക്കേഷന്‍സ് സെന്ററിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. അടിയന്തര ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരീശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ വിളിച്ചയാളിന് ഇംഗ്ലീഷ് അത്ര വശമില്ലെന്ന് മനസിലായി. എന്നാലും അറിയാവുന്ന പോലെ 'ടോം ആന്റ് ജെറിയെന്നും' 'ബേബി' എന്നുമൊക്കെ ഇയാള്‍ പറയുന്നത് കേട്ട് എന്താണ് സംഭവമെന്ന് അറിയാതെ ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലായി.
'ബേബി' എന്ന വാക്ക് ഒരുപാട് തവണ ആവര്‍ത്തിച്ചതോടെ, വിളിച്ചയാളുടെ ഭാര്യ പ്രസവിച്ചിട്ടുണ്ടാകുമെന്നും കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ സഹായം തേടുകയാണെന്നും ധരിച്ച് ആംബുലന്‍സ് സംഘം സ്ഥലത്തേക്ക് പാഞ്ഞെത്തി. പക്ഷേ രോഗിയെ കണ്ട ആംബുലന്‍സ് സംഘം ആദ്യമൊന്ന് ഞെട്ടി. വീട്ടിലെ വളര്‍ത്ത് പൂച്ച പ്രസവിച്ചപ്പോള്‍ സഹായം തേടിയാണ് ഇന്ത്യക്കാരന് ആംബുലന്‍സ് വിളിച്ചതെന്ന് അപ്പോഴാണ് അധികൃതര്‍ക്ക് ബോധ്യമായത്. ഏതായാലും അടിയന്തര സഹായത്തിനുള്ള ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് പൊതുജനങ്ങളോട് വീണ്ടും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഷാര്‍ജ അധികൃതര്‍.
Also Read- വളർത്തു പൂച്ച വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; അയൽവാസിക്കെതിരെ പരാതിയുമായി ഉടമ ജീവന് അപകടത്തിലാവുന്ന സാഹചര്യങ്ങളില്‍ മിനിറ്റുകള്‍ക്കകം സംഭവ സ്ഥലത്തെത്തി അടിയന്തര വൈദ്യ സഹായം നല്‍കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനുമാണ് ആംബുലന്‍സ് സേവനം സജ്ജമാക്കിയിട്ടുള്ളത്. അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ക്കായി ഈ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നതു വഴി മറ്റൊരിടത്ത് ഒരാളുടെ ജീവന് അപകടത്തിലാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
Also Read- ഒരാഴ്ചത്തെ തയാറെടുപ്പ്; ആറര അടി കുഴി; 300 കിലോയുള്ള പോത്തിനെ മന്തിയാക്കി ഫിറോസ് ചുട്ടിപ്പാറപക്ഷേ, മൃഗങ്ങളുടെ ശല്യമുണ്ടെന്ന് പറഞ്ഞും ശമ്പളം കിട്ടിയില്ലെന്ന് പരാതിപ്പെടാനും മുതല്‍ പാരസെറ്റമോള്‍ ഗുളിക എവിടെ കിട്ടുമെന്ന് അറിയാന്‍ വേണ്ടി വരെ 998ല്‍ വിളിച്ചവരുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. കോവിഡ് കാലത്ത് ആശുപത്രിയില്‍ പോകാന്‍ വാഹനമില്ലെന്ന് പറഞ്ഞ് നിരവധി കോളുകള്‍ ലഭിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോവിഡിന് മുമ്പ് പ്രതിമാസം ശരാശരി 6763 ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 18,537 കോളുകളാണ് എല്ലാ മാസവും ശരാശരി ലഭിക്കാറുള്ളതെന്ന് നാഷണല്‍ ആംബുലന്‍സ് അധികൃതര്‍ പറഞ്ഞു.
വിളിക്കുന്നവരില്‍ 50 മുതല്‍ 60 ശതമാനം വരെ കേസുകളിലും ആംബുലന്‍സ് സംഘത്തെ അയക്കാറുണ്ട്. ഇവരില്‍ 10 മുതല്‍ 15 ശതമാനം പേര് മാത്രമായിരിക്കും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍. മറ്റുള്ളവര്‍ക്ക് മെഡിക്കല്‍ സഹായം ആവശ്യമുണ്ടാകുമെങ്കിലും അടിയന്തര സഹായം തേടേണ്ട കേസുകളായിരിക്കില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
18 ദിവസത്തിനു ശേഷം കുഞ്ഞുകുട്ടന് തിരിച്ചെത്തി; ഡെയ്സി വാക്കുപാലിച്ചു;തിരികെ എത്തിച്ചയാള്‍ക്ക് 5000 രൂപ പാരിതോഷികം
പതിനെട്ട് ദിവസം നീണ്ട കാത്തിരിപ്പിനും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ കുഞ്ഞുകുട്ടന് തിരിച്ചെത്തി. എറണാകുളം കാക്കനാട് സ്വദേശിയായ കടപ്ലാക്കല്‍ ഡെയ്സിയുടെ കാണാതായ കുഞ്ഞുകുട്ടന് എന്ന പൂച്ചക്കുട്ടിയാണ് തിരികെ ഉടമയുടെ കൈകളിലെത്തിയത്.
ചികിത്സയുടെ ഭാഗമായി എറണാകുളത്ത് നിന്നും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഒന്നര വര്‍ഷമായി താന്‍ ഓമനിച്ചു വളര്‍ത്തിയ പൂച്ചയെ ഡെയ്സിക്ക് നഷ്ടമാകുന്നത്. തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കുഞ്ഞുകുട്ടനെ കണ്ടെത്താനായില്ല. അവസാനം കാണാതായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ഡെയ്സി വഴിയോരത്ത് പോസ്റ്ററുകള്‍ പതിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരും കുഞ്ഞുകുട്ടനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. ഒടുവില്‍ 18 ദിവസം നീണ്ട കാത്തിരിപ്പിനു ശേഷം ഡെയ്സിയുടെ കൈകളിലേക്ക് കുഞ്ഞുകുട്ടന് തിരിച്ചെത്തി. കാണാതായ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉടമ ജോമോനാണ് പൂച്ചക്കുട്ടിയെ കണ്ടെത്തി ഡെയ്സിക്ക് കൈമാറിയത്. തുടര്‍ന്ന് പാരിതോഷികം പ്രഖ്യാപിച്ച 5000 രൂപ ഡെയ്സി ജോമോന് സന്തോഷത്തോടെ നല്‍കുകയും ചെയ്തു.
ഒന്നരവര്‍ഷമായി കുടുംബാംഗത്തെ പോലെ കരുതി വളര്‍ത്തിയ കുഞ്ഞുകുട്ടനെ തിരികെ ലഭിച്ചതോടെ ഡെയ്സിയും ഹാപ്പിയായി. പൂച്ചക്കുട്ടിയെ കാണാതായതും ഉടമ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍ പതിപ്പിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി കുഞ്ഞുകുട്ടനൊപ്പം എറണാകുളത്തേക്ക് മടങ്ങി പോകാന്‍ ഒരുങ്ങുകയാണ് ഡെയ്സി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.