റിയാദിൽ ലോകത്തിലെ ഏറ്റവും വലിയ ആധുനിക നഗരകേന്ദ്രം വികസിപ്പിക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. സൗദി വിഷൻ 2030ന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതിയുടെ പ്രഖ്യാപനം. 19 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ റിയാദിന്റെ വടക്ക് പടിഞ്ഞാറേ ഭാഗത്തായി കിംഗ് സൽമാൻ, കിംഗ് ഖാലിദ് റോഡുകൾ കൂടിച്ചേരുന്ന നഗരത്തിലാണ് പദ്ധതിയുടെ നിർമ്മാണം. 104,000-ലധികം റെസിഡൻഷ്യൽ യൂണിറ്റുകൾ, 9,000 ഹോട്ടൽ മുറികൾ, 980,000 ചതുരശ്ര മീറ്റർ റീട്ടെയിൽ സ്പേസ്, ദശലക്ഷക്കണക്കിന് ചതുരശ്ര മീറ്റർ ഓഫീസ് സ്ഥലങ്ങൾ, 620,000 ചതുരശ്ര മീറ്റർ വിശ്രമ ഇടം, 1.8 ദശലക്ഷം ചതുരശ്ര മീറ്റർ കമ്മ്യൂണിറ്റി സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 25 ദശലക്ഷത്തിലധികം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി സൃഷ്ടിക്കാനൊരുങ്ങുന്നത്.
ന്യൂ മുറാബഡെവലപ്‌മെന്റ് കമ്പനിയാണ് (എൻഎംഡിസി) ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. അത്യാധുനിക നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന റിയാദ് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വമ്പൻ പദ്ധതിയാകും “മുകാബ്”. കൂടാതെ 20 എംപയർ സ്റ്റേറ്റ് ബിൽഡിംഗുകൾ ഉൾക്കൊള്ളാൻ തക്ക വലിപ്പമുള്ളതായിരിക്കും മുകാബ് എന്ന് സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കി.
ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയും സാമൂഹിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പച്ചപ്പ് നിറഞ്ഞ നടപ്പാതയും സൈക്ലിംഗ് പാതകളുമൊക്കെ ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. ഐക്കോണിക് മ്യൂസിയം, ടെക്നോളജി ആൻഡ് ഡിസൈൻ സർവകലാശാല, വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഇമ്മേഴ്‌സീവ് തിയേറ്റർ, 80ലധികം വിനോദ-സാംസ്കാരിക വേദികൾ എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
അതേസമയം 400 മീറ്റർ ഉയരവും 400 മീറ്റർ വീതിയും 400 മീറ്റർ നീളവുമുള്ള ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നായും മുകാബ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ന്യൂ മുറാബ പദ്ധതിക്ക് സ്വന്തമായി ആഭ്യന്തര ഗതാഗത സംവിധാനവും ഉണ്ടായിരിക്കും. വിമാനത്താവളത്തിൽ നിന്ന് ഏകദേശം 20 മിനിറ്റിൽ ഇവിടെ എത്താൻ സാധിക്കും. ആധുനിക നജ്ദി വാസ്തുവിദ്യാ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മുകാബ് നിർമ്മിക്കുന്നത്. ഏറ്റവും പുതിയ ഹോളോഗ്രാഫിക്‌സടക്കം ഡിജിറ്റൽ, വെർച്വൽ സാങ്കേതികവിദ്യാ അനുഭവം പ്രദാനം ചെയ്തായിരിക്കും കെട്ടിടം നിർമ്മിക്കുക.
മുകാബിൽ നിരവധി റീട്ടെയിൽ സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ, ഹോട്ടൽ യൂണിറ്റുകൾ, വാണിജ്യ ഇടങ്ങൾ എന്നിവ ഉള്ളതുകൊണ്ട് തന്നെ ഒരു പ്രീമിയം ഹോസ്പിറ്റാലിറ്റി ഡെസ്റ്റിനേഷനായും ഇവിടം മാറും. എന്നാൽ സൗദി സമ്പദ്‌വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് ഈ പദ്ധതി രൂപവൽക്കരിച്ചിട്ടുള്ളത്. 334,000 ത്തിൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കൂടാതെ എണ്ണ ഇതര ജിഡിപിയിലേയ്ക്ക് 18000 കോടി സൗദി റിയാല്‍ പ്രതിവര്‍ഷ വരുമാനവും ഇതുവഴി പ്രതീക്ഷിക്കുന്നു. 2030-ഓടെ ഈ പദ്ധതി പൂർത്തിയായേക്കുമെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.