യുഎഇയില്‍ പുതിയ വിസ നിയമം; ഹോട്ടല്‍ ബുക്കിംഗും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധം
- Published by:Sarika N
- news18-malayalam
Last Updated:
സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങാത്തവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ തീരുമാനിച്ചത്
സന്ദര്‍ശക വിസ നിയമങ്ങള്‍ കര്‍ശനമാക്കി യുഎഇ. സന്ദര്‍ശക വിസ ലഭിക്കാന്‍ റിട്ടേണ്‍ ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗ് രേഖകളും നിര്‍ബന്ധമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങാത്തവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ തീരുമാനിച്ചത്.
കൂടാതെ സന്ദര്‍ശകവിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 3000 ദിര്‍ഹം(67,948 രൂപ) ക്രഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിലോ ഉണ്ടായിരിക്കണമെന്നും പുതുക്കിയ വിസാ ചട്ടങ്ങളില്‍ പറയുന്നു. ഒപ്പം റിട്ടേണ്‍ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങളും അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ തിരിച്ച് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണിത്.കൂടാതെ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തുന്നവര്‍ തങ്ങളുടെ താമസസ്ഥലം സംബന്ധിച്ച രേഖകളും അപേക്ഷയ്‌ക്കൊപ്പം നല്‍കണം. ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍,യുഎഇയില്‍ താമസിക്കുന്ന ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെ കത്ത് എന്നിവയും ഇക്കൂട്ടത്തില്‍ നല്‍കാവുന്നതാണ്.
യാത്ര ചെയ്യുന്ന തീയതി മുതല്‍ ആറ് മാസത്തെ സാധുതയുള്ള പാസ്‌പോര്‍ട്ടും വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ കൈവശമുണ്ടായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. വിസ അനുമതി ലഭിക്കാന്‍ ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍, റിട്ടേണ്‍ ടിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ അപേക്ഷ നല്‍കുന്ന സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടി വരുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.
advertisement
വിസയ്ക്കായി അപേക്ഷിക്കുന്ന സമയത്താണ് ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടേണ്ടതെന്ന് യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കി. വിസ അനുമതി സുഗമമാക്കുന്നതിനും ഈ രീതി സഹായിക്കുന്നുവെന്ന് ഏജന്റുമാര്‍ പറഞ്ഞു. സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകളുമായി തങ്ങളുടെ ട്രാവല്‍ ഏജന്റുമാരെ സമീപിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിലെ ഈ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കാന്‍ തന്നെയാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത യാത്രക്കാരെ ഫ്‌ളൈറ്റില്‍ വെച്ചോ അല്ലെങ്കില്‍ ദുബായില്‍ എത്തുന്ന സമയത്തോ തടഞ്ഞുവെയ്ക്കുമെന്നും അധികൃതര്‍ പറഞ്ഞു.
യുഎഇ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുവദിച്ചുവരുന്ന വിസയാണ് സന്ദര്‍ശക വിസ. വ്യക്തിപരമായ ബിസിനസ് ആവശ്യത്തിനോ, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാനോ എത്തുന്നവര്‍ക്ക് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാം. ജിസിസി(ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) രാജ്യങ്ങളിലെ പൗരന്‍മാരല്ലാത്തവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ സന്ദര്‍ശക വിസ.
Location :
New Delhi,Delhi
First Published :
November 27, 2024 1:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയില്‍ പുതിയ വിസ നിയമം; ഹോട്ടല്‍ ബുക്കിംഗും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധം


