നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Kannada School | തെലുഗുവിനെക്കാൾ ഇഷ്ടം കന്നഡയോട്; കോലാറിലെ കന്നഡ സ്‌കൂളിൽ പഠിക്കുന്നത് ആന്ധ്രാപ്രദേശിൽ നിന്നുള്ള 19 കുട്ടികൾ

  Kannada School | തെലുഗുവിനെക്കാൾ ഇഷ്ടം കന്നഡയോട്; കോലാറിലെ കന്നഡ സ്‌കൂളിൽ പഠിക്കുന്നത് ആന്ധ്രാപ്രദേശിൽ നിന്നുള്ള 19 കുട്ടികൾ

  എന്തുകൊണ്ടാണ് കന്നഡ സ്‌കൂളിനെ ഇഷ്ടപ്പെടുന്നതെന്ന് വിദ്യാർത്ഥികളോട് ചോദിച്ചപ്പോൾ, ഭാഷ വളരെ എളുപ്പമാണെന്നായിരുന്നു അവരുടെ മറുപടി.

  • Share this:
   ആന്ധ്രാപ്രദേശിന്റെ (Andhra Pradesh) അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠനത്തിനായി കർണാടകയിലെ (Karnataka) സർക്കാർ സ്കൂളുകളിലേക്ക് (Government Schools) എത്തുന്നു. കർണാടകയുടെ അതിർത്തിയോട് ചേർന്ന ആന്ധ്ര ​ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾ തെലുഗു മീഡിയം സ്കൂളുകൾക്ക് പകരം കന്നഡ മീഡിയം സ്കൂളുകൾ പഠനത്തിനായി തിരഞ്ഞെടുത്തു തുടങ്ങിയിരിക്കുകയാണ്. തെലുഗുവിനേക്കാൾ കന്നഡ മീഡിയത്തിൽ സ്കൂൾ വിദ്യാഭ്യാസം തുടരാൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികളാണ് അതിർത്തി കടന്ന് കന്നഡ സ്കൂളുകളിൽ ചേർന്നിരിക്കുന്നത്.

   ആന്ധ്രാ പ്രദേശിൽ നിന്നുള്ള 19 വിദ്യാർത്ഥികളാണ് ഇപ്പോൾ കോലാർ ജില്ലയിലെ ശ്രീനിവാസപൂർ താലൂക്കിലെ ചിന്നയ്യഗരിപള്ളി ഗ്രാമത്തിലുള്ള സർക്കാർ കന്നഡ മീഡിയം സ്കൂളിൽ ചേർന്നിരിക്കുന്നത്. ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ അതിർത്തിയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കന്നഡ മീഡിയം സ്കൂൾ പഠനത്തിനായി തിരഞ്ഞെടുത്തവരിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പെടും.

   പത്തൊമ്പത് വിദ്യാർത്ഥികളും കഴിഞ്ഞ രണ്ട് മാസമായി സ്‌കൂളിൽ സ്ഥിരമായി ഹാജരാകുന്നവരാണെന്ന് കോലാർ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസറായ സിആർ അശോക് അറിയിച്ചു. ഭൂരിഭാഗം പേരും ആന്ധ്രപ്രദേശിലെ അൽചെപ്പള്ളി സ്വദേശികളാണ്. വിദ്യാർത്ഥികളിൽ ചിലർ സ്കൂളിൽ എത്താൻ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാനാണ് ഇഷ്ടപ്പെടുന്നത്. സ്കൂളിലേക്ക് സൈക്കിളിൽ വരുന്നവരുമുണ്ട്. എന്നാൽ മറ്റ് ചിലർ സ്‌കൂളിലേക്കുള്ള ദൂരം മുഴുവൻ നടക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. പതിവ് ഔദ്യോഗിക ചുമതലകൾക്കിടയിലാണ് താൻ വിദ്യാർത്ഥികളെ കണ്ടതെന്നും അശോക് പറഞ്ഞു.

   തെലുഗുവിനേക്കാൾ കന്നഡ കൂടുതൽ എളുപ്പമായതിനാലാണ് വിദ്യാർത്ഥികൾ പഠനത്തിനായി കന്നഡ സ്കൂൾ തിരഞ്ഞെടുക്കുന്നത്. എന്തുകൊണ്ടാണ് സ്‌കൂളിനെ ഇഷ്ടപ്പെടുന്നതെന്ന് വിദ്യാർത്ഥികളോട് ചോദിച്ചപ്പോൾ, ഭാഷ വളരെ എളുപ്പമാണെന്നായിരുന്നു അവരുടെ മറുപടിയെന്ന് അശോക് പറഞ്ഞു. വിവിധ വിഷയങ്ങൾ തെലുഗുവിൽ പഠിക്കുന്നതിലും കൂടുതൽ എളുപ്പത്തിൽ കന്നഡയിൽ പഠിക്കാമെന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം.

   വർഷങ്ങളായി കർണാടകയിലെ സർക്കാർ സ്‌കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ലഭ്യമാക്കുന്നത്. ഇത് വലിയ നേട്ടമാണെന്ന് സോമയാജലഹള്ളി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ പ്രിൻസിപ്പൽ നാഗരാജ് പറഞ്ഞു. ഉച്ചഭക്ഷണവും സൗജന്യ പുസ്തകങ്ങളും യൂണിഫോമുകളും കർണാടകയിലെ സർക്കാർ സ്കൂളുകളിൽ ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല വളരെ മികച്ച അധ്യാപകരാണ് അതിർത്തി പ്രദേശങ്ങളിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്നത്. ആന്ധ്രപ്രദേശിൽ നിന്നുള്ള പല വിദ്യാർത്ഥികളും കർണാകടയിലെ സ്കൂളുകളിൽ ചേരാനുള്ള പ്രധാന കാരണങ്ങൾ ഇവയാണെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

   ആന്ധ്രപ്രദേശിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ സ്കൂളിലെ മറ്റ് കുട്ടികളുമായി നല്ല രീതിയിലാണ് ഇടപഴകുന്നതെന്ന് ചിന്നയ്യഗരിപ്പള്ളി സ്കൂൾ ഹെഡ്മാസ്റ്റർ എസ്.ജി.ആനന്ദകുമാർ പറഞ്ഞു. മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
   Published by:Sarath Mohanan
   First published: