SIR സമയപരിധി നീട്ടില്ല; ബീഹാറില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ആധാര്‍ തിരിച്ചറിയല്‍ രേഖ ആകാമെന്ന് സുപ്രീം കോടതി
- Published by:meera_57
- news18-malayalam
Last Updated:
ഒട്ടേറെപ്പേര്‍ പ്രതികരിച്ചാല്‍ മാത്രം സമയപരിധി നീട്ടുന്നത് പരിഗണിക്കാമെന്നും കോടതി
ബീഹാറില്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ക്ക് അപേക്ഷ നൽകുന്നതിന് ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി. അതേസമയം, വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) സമയപരിധിയില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഒട്ടേറെപ്പേര്‍ പ്രതികരിച്ചാല്‍ മാത്രം സമയപരിധി നീട്ടുന്നത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തികള്‍ക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പരാമര്‍ശിച്ച പതിനൊന്ന് രേഖകളില്‍ ഏതെങ്കിലുമോ അല്ലെങ്കില്‍ ആധാര്‍ കാർഡ് ഉപയോഗിച്ച് ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബര്‍ എട്ടിനകം അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കുന്നതിന് അതത് ബൂത്തുകളിലെ ആളുകളെ സഹായിക്കാനും സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ബീഹാറിലെ 12 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
advertisement
രാഷ്ട്രീയ പാര്‍ട്ടികളുടെ ഏകദേശം 1.6 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാരില്‍ നിന്ന് രണ്ടു പേര്‍ മാത്രമാണ് എസ്ഐആറിൽ എതിര്‍പ്പ് പ്രകടിപ്പിച്ചതെന്ന് സുപ്രീം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. "എന്നാല്‍ ബിഎൽഎമാര്‍ക്ക് അവരുടെ എതിര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ അനുവാദമില്ലെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിച്ചു," കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, എസ്‌ഐആര്‍ നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രമങ്ങളെ സുപ്രീം കോടതി പ്രശംസിച്ചു. വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് ഈ പ്രക്രിയയുടെ ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ 12 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി രണ്ട് ലക്ഷത്തിലധികം പുതിയ വോട്ടര്‍മാര്‍ ഫോമുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മിഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പറഞ്ഞു.
advertisement
"അവര്‍ അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഭയം ജനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ സഹായിക്കുകയാണ് ചെയ്യേണ്ടത്. അത് അവരുടെ കടമയാണ്. എന്നാല്‍ അവര്‍ സഹകരിക്കുന്നില്ല," ദ്വിവേദി പറഞ്ഞു.
വോട്ടർ പട്ടികയിൽനിന്ന് ആരെയും ഒഴിവാക്കുന്നില്ലെന്ന് വ്യക്തമാക്കാന്‍ 15 ദിവസത്തെ സമയം വേണമെന്ന് ദ്വിവേദി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
2003ന് ശേഷം ബീഹാറില്‍ ആദ്യമായി നടത്തുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. മുമ്പ് ബീഹാറില്‍ രേഖപ്പെടുത്തിയ 7.9 കോടി നിന്ന് വോട്ടര്‍മാരുടെ എണ്ണം 7.24 കോടിയായി കുറഞ്ഞുവെന്ന് എസ്‌ഐആറില്‍ കണ്ടെത്തി. കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 65 ലക്ഷം പേരുടെ പേരുകള്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 22, 2025 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
SIR സമയപരിധി നീട്ടില്ല; ബീഹാറില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ആധാര്‍ തിരിച്ചറിയല്‍ രേഖ ആകാമെന്ന് സുപ്രീം കോടതി