ട്രെയിനില് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി (protection) ഒരു നിയമമുണ്ടെന്ന് (law) നിങ്ങള്ക്ക് അറിയാമോ? 1989-ല് ഇന്ത്യന് റെയില്വേ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്ക്ക് സംരക്ഷണം നല്കുന്നതിനായി ഒരു നിയമം രൂപീകരിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്: ഇന്ത്യന് റെയില്വേ ആക്ട് 1989 ലെ സെക്ഷന് 139 അനുസരിച്ച്, ഒരു സ്ത്രീയും കുഞ്ഞും പുരുഷന്മാര് കൂടെയില്ലാതെ യാത്ര ചെയ്യുകയാണെങ്കില്, ടിക്കറ്റ് ഇല്ലാത്തതിന്റെ പേരില് അവരെ രാത്രി ട്രെയിനില് നിന്ന് ഇറക്കി വിടാൻ കഴിയില്ല. റെയില്വേ ഉദ്യോഗസ്ഥര്ക്കൊപ്പം ഒരു വനിതാ കോണ്സ്റ്റബിള് ഉള്ളപ്പോള് മാത്രമേ സ്ത്രീയോട് ട്രെയിനിൽ നിന്ന് പുറത്തു പോകാന് ആവശ്യപ്പെടുകയുള്ളൂ.
1989 ഇന്ത്യന് റെയില്വേ ആക്ടിലെ സെക്ഷന് 311 അനുസരിച്ച്, സ്ത്രീകളുടെ കമ്പാര്ട്ടുമെന്റുകളില് (ladies compartment) സൈനിക ഉദ്യോഗസ്ഥര് പ്രവേശിച്ചാല്, അത് മാന്യമായി തടയണം. പൊതു കമ്പാര്ട്ടുമെന്റുകളില് യാത്ര ചെയ്യാന് ഉദ്യോഗസ്ഥര് അവരോട് നിര്ദേശിക്കണം.
1989 ഇന്ത്യന് റെയില്വേ ആക്ടിലെ സെക്ഷന് 162 അനുസരിച്ച്, സ്ത്രീകള്ക്കായി സംവരണം ചെയ്തിട്ടുള്ള കമ്പാര്ട്ടുമെന്റുകളില് 12 വയസ്സിന് താഴെയുള്ള ആണ്കുട്ടികള്ക്ക് മാത്രമേ യാത്ര ചെയ്യാന് അനുവാദമുള്ളൂ. സ്ത്രീകളുടെ കോച്ചുകളില് കയറുന്ന പുരുഷ യാത്രക്കാര്ക്കെതിരെ നിയമപ്രകാരം നടപടികളെടുക്കുകയും ചെയ്യാം. ഇതിനു പുറമെ സ്ത്രീകള്ക്ക് 24 മണിക്കൂറും സുരക്ഷ നല്കുന്നതിനായി സിസിടിവിയും മോണിറ്ററിംഗ് റൂമുകളും സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ, ജോലി സ്ഥലങ്ങളില് സ്ത്രീകളുടെ പങ്കാളിത്തം വര്ധിപ്പിക്കുന്നതിനുള്ള നടപടികളും റെയില്വേ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ജയ്പൂരിലെ ഗാന്ധി നഗര് റെയില്വേ സ്റ്റേഷന് പൂര്ണ്ണമായും വനിതാ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. 28 വനിതാ ജീവനക്കാരാണ് ഈ റെയില്വേ സ്റ്റേഷനില് ജോലി ചെയ്യുന്നത്. അതുപോലെ, മുംബൈയിലെ മാട്ടുംഗ റെയില്വേ സ്റ്റേഷനില് പൂര്ണ്ണമായും വനിതാ ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ദീര്ഘദൂര ട്രെയിനുകളിലെ വനിതാ യാത്രക്കാര്ക്ക് റിസര്വ്ഡ് ബര്ത്ത് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. ദീര്ഘദൂര മെയില്, എക്സ്പ്രസ് ട്രെയിനുകളിലെ സ്ലീപ്പര് ക്ലാസിലും, ഗരീബ് രഥ്, രാജധാനി, തുരന്തോ തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകളിലെ 3AC ക്ലാസുകളിലും ആറ് ബെര്ത്തുകള് സ്ത്രീകള്ക്കായി സംവരണം ചെയ്യും. ഒറ്റയ്ക്കോ കൂട്ടമായോ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ പ്രായം പരിഗണിക്കാതെ ക്വാട്ട ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എല്ലാ സ്ലീപ്പര് കോച്ചുകളിലും 6-7 ലോവര് ബര്ത്തുകള് സ്ത്രീകള്ക്കായി നീക്കിവെക്കും, 3എസി കോച്ചുകളില് 4-5 ലോവര് ബര്ത്തുകള് റിസര്വ് ചെയ്യും. മുതിര്ന്ന പൗരന്മാര്ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്ക്കുമായി 2AC കോച്ചുകളില് 3-4 ബര്ത്തുകളും റിസര്വ് ചെയ്യും. 45 വയസ്സിന് താഴെയുള്ള ഗര്ഭിണികള്ക്കും സീറ്റുകള് റിസര്വ് ചെയ്യാം. ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം അനുസരിച്ചായിരിക്കും ഈ വിഭാഗത്തിനുള്ള സീറ്റുകളുടെ സംവരണ ക്വാട്ട നിശ്ചയിക്കുന്നത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.