അക്കൗണ്ട് മാറി പണമയച്ചു; തിരക്കി ചെന്നപ്പോൾ കിട്ടിയത് പാവപ്പെട്ട പെണ്‍കുട്ടിക്ക് വിദ്യാഭ്യാസസഹായം
- Published by:meera_57
- news18-malayalam
Last Updated:
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭകനും അത്‌ലറ്റുമായ ചിന്മയ് ഹെഗ്‌ഡേയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഈ അനുഭവം പങ്കുവെച്ചിട്ടുള്ളത്
ബാങ്കിടപാടുകള്‍ നടത്തുമ്പോള്‍ തെറ്റുകള്‍ സംഭവിക്കുന്നത് പതിവാണ്. അക്കൗണ്ട് നമ്പര്‍ മാറി പണം അയച്ചുപോകുന്നതും പുതിയ സംഭവമല്ല. അത്തരത്തില്‍ സംഭവിച്ചുപോയ ഒരു തെറ്റ് ഒരു പെണ്‍കുട്ടിക്ക് സഹായമായി മാറിയിരിക്കുകയാണ്. ഒരു ചെറിയ പിശക് ഒരു വലിയ അനുഗ്രഹമായി എന്നുവേണം പറയാന്‍.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭകനും അത്‌ലറ്റുമായ ചിന്മയ് ഹെഗ്‌ഡേയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഈ അനുഭവം പങ്കുവെച്ചിട്ടുള്ളത്. ബാങ്കിടപാടില്‍ സംഭവിച്ച ഒരു ചെറിയ പിശക് സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഒരു കുടുംബവുമായി ബന്ധപ്പെടാനും ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നതിനും എങ്ങനെ സഹായിച്ചുവെന്ന് അദ്ദേഹം പറയുന്നു.
ചിന്മയ് ഹെഗ്‌ഡേ ജിം നടത്തുകയാണ്. രണ്ട് വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി 50,000 രൂപ വന്നു. ഒരു അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് ഈ പണം ലഭിച്ചത്. ഫണ്ടിന്റെ ഉറവിടത്തെ കുറിച്ച് ഉറപ്പില്ലാത്തതിനാല്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ സൗദിയിലുള്ള റിസ്വാന്‍ എന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം ക്രെഡിറ്റ് ആയിരിക്കുന്നത് എന്ന് മനസ്സിലാക്കാനായി.
advertisement
ബാങ്ക് അക്കൗണ്ട് നമ്പറില്‍ വന്നുപോയ ചെറിയ പിഴവാണ് ഈ തുക ചിന്മയുടെ അക്കൗണ്ടിലേക്ക് എത്താന്‍ കാരണമായതെന്ന് എക്‌സ് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. റിസ്വാന്‍ എന്നയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം കരയുകയായിരുന്നുവെന്നും പണം തിരികെ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതായും ഹെഗ്‌ഡേ പോസ്റ്റിലൂടെ വെളിപ്പെടുത്തി. പണം തിരിച്ച് നല്‍കാമെന്നും ഹെഗ്‌ഡേ അദ്ദേഹത്തിന് ഉറപ്പുനല്‍കി.
പണം തിരിച്ച് നല്‍കുന്നതിനായി ഹെഗ്‌ഡേ നേരിട്ട് റിസ്വാന്റെ കുടുംബത്തെ കണ്ടു. ഇതാണ് റിസ്വാന്റെ കുടുംബത്തിന് അനുഗ്രഹമായി മാറിയത്. ആ കുടുംബത്തെ കണ്ടപ്പോഴാണ് അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് മനസിലായതെന്നും മോശം ജീവിത സാഹചര്യത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നതെന്നും ഹെഗ്‌ഡേ മനസ്സിലാക്കിയതായി അദ്ദേഹത്തിന്റെ പോസ്റ്റില്‍ വിവരിക്കുന്നു.
advertisement
നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന റിസ്വാന്റെ പിതാവ് മൂന്നാം നിലയില്‍ നിന്ന് വീണ് ഇരു കാലുകള്‍ക്കും സ്വാധീനം നഷ്ടപ്പെട്ടു. ഇപ്പോൾ അദ്ദേഹം വീല്‍ ചെയറിലാണ്. 92 ശതമാനം മാര്‍ക്കോടെ കൊമേഴ്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ റിസ്വാന്‍ കുടുംബം നോക്കാൻ ജോലിക്കായി സൗദിയിലേക്ക് പോയി. റിസ്വാന്റെ ഇളയ സഹോദരി പഠിക്കുകയാണ്. എന്നാല്‍, കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആ കുടുംബം സഹോദരിയുടെ പഠനം സ്വകാര്യ സ്‌കൂളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റിയെന്നും ഹെഗ്‌ഡേ പോസ്റ്റില്‍ പറയുന്നുണ്ട്.
advertisement
റിസ്വാന്റെ കുടുംബത്തെ കണ്ടുവന്ന ശേഷം അവരുടെ ദയനീയ അവസ്ഥയെ കുറിച്ച് ഹെഗ്‌ഡേ സ്വന്തം അച്ഛനോട് പറഞ്ഞു. അടുത്ത ദിവസം തന്നെ വീണ്ടും റിസ്വാന്റെ കുടുംബത്തെ കാണാന്‍ പോകാമെന്ന് ഹെഗ്‌ഡേയോട് അദ്ദേഹത്തിന്റെ അച്ഛന്‍ പറയുകയായിരുന്നു. റിസ്വാന്റെ സഹോദരിയുടെ വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ചെലവും ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടായിരുന്നു അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ച. അവള്‍ എവിടെയാണോ പഠിച്ചിരുന്നത് അവിടെ തന്നെ തുടരട്ടെയെന്നും അദ്ദേഹം ആ കുടുംബത്തോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ഒരു വര്‍ഷത്തെ ഫീസ് അടയ്ക്കുകയും അത് എല്ലാ മാസവും പരിശോധിക്കാന്‍ തന്നോട് അച്ഛൻ പറഞ്ഞതായും ഹെഗ്‌ഡേ പോസ്റ്റില്‍ വിശദീകരിച്ചു.
advertisement
വെള്ളിയാഴ്ച കര്‍ണാടക സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധികരിച്ചപ്പോള്‍ റിസ്വാന്റെ സഹോദരി 97 ശതമാനം മാര്‍ക്കോടെ മികച്ച വിജയം നേടി. 625-ല്‍ 606 മാര്‍ക്കാണ് പെണ്‍കുട്ടി നേടിയത്. ഈ വിവരം അറിയിക്കാനായി അവള്‍ ഉടനെ തന്നെ ഹെഗ്‌ഡേയെ വിളിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം സഹോദരെ വിളിക്കുന്നതിന് മുമ്പാണ് ഹെഗ്‌ഡേയെ വിളിച്ചതെന്നും സ്വന്തം സഹോദരനെ പോലെയാണ് ഹെഗ്‌ഡേയെന്നും ആ പെണ്‍കുട്ടി അയാളോട് പറഞ്ഞു.
ഇത് തന്നെ എത്രമാത്രം വികാരഭരിതനാക്കിയെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് ഹെഗ്‌ഡേ പോസിറ്റില്‍ കുറിച്ചു. 'ഒരു തെറ്റ് അനുഗ്രഹമായി മാറി' എന്നും അദ്ദേഹം എഴുതി.
advertisement
വളരെ പെട്ടെന്നാണ് ഹെഗ്‌ഡേയുടെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. 100 കണക്കിന് പ്രതികരണങ്ങളും ഇതിനുതാഴെ വന്നു. വളരെ മനോഹരമായ പോസ്റ്റ് എന്നായിരുന്ന ഒരു പ്രതികരണം. അയാളെ വളരെയധികം ബഹുമാനിക്കുന്നുവെന്നും അഭിമാനം തോന്നുന്നുവെന്നും മറ്റ് ചിലരും കുറിച്ചു. പെണ്‍കുട്ടിയുടെ പത്താം ക്ലാസ് ഫലത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ഹെഗ്‌ഡേ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 06, 2025 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അക്കൗണ്ട് മാറി പണമയച്ചു; തിരക്കി ചെന്നപ്പോൾ കിട്ടിയത് പാവപ്പെട്ട പെണ്‍കുട്ടിക്ക് വിദ്യാഭ്യാസസഹായം