മകരവിളക്ക്; തിരക്ക് നിയന്ത്രിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ കർശന നിർദേശം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഭക്തർക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കാനും നിർദേശമുണ്ട്
മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. തീർഥാടനപാതയിലടക്കം വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ കോടതി നിർദേശം നൽകി. ജനുവരി 14-നാണ് മകരവിളക്ക്. അന്ന് 30,000 പേർക്കായിരിക്കും വെർച്വൽ ക്യൂ ബുക്കിങ് അനുവദിക്കുക. 13-ാം തീയതി 35,000 പേർക്കും, 15 മുതൽ 18 വരെ 50,000 പേർക്കും, 19-ന് 30,000 പേർക്കും വെർച്വൽ പാസ് നൽകാം. കൃത്യമായ പാസില്ലാത്തവർക്കോ അനുവദിച്ച സമയം തെറ്റിച്ചു വരുന്നവർക്കോ പ്രവേശനമുണ്ടായിരിക്കില്ല.
നിയന്ത്രണങ്ങളുടെ ഭാഗമായി 13, 14 തീയതികളിൽ എരുമേലി കാനനപാത വഴി 1,000 തീർഥാടകരെയും സത്രം-പുല്ലുമേട് വഴി 1,500 പേരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അപ്പാച്ചിമേട് - ബെയ്ലി ബ്രിഡ്ജ് വനപാതയിലൂടെ ആരും പ്രവേശിക്കുന്നില്ലെന്ന് വനംവകുപ്പ് ഉറപ്പാക്കണം. കൂടാതെ, മകരവിളക്ക് ദർശിക്കാൻ പുല്ലുമേട്ടിൽ ഒരേസമയം 5,000 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്നും കോടതി നിർദേശിച്ചു.
14-ാം തീയതി രാവിലെ 10-നുശേഷം നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും 11-നുശേഷം പമ്പയിൽനിന്ന് സന്നിധാനത്തേക്കും തീർഥാടകരെ കടത്തിവിടില്ല. തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുന്നതിനും ശുചീകരണത്തിനുമായി അന്ന് ഉച്ചയ്ക്ക് 12 മുതൽ സന്നിധാനത്ത് കർശനനിയന്ത്രണമുണ്ടാകും. ഭക്തർക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കാനും നിർദേശമുണ്ട്. മാധ്യമപ്രവർത്തകർക്കും നിയന്ത്രണങ്ങൾ ബാധകമാണ്. വൈകീട്ട് ആറുമുതൽ ഏഴുവരെ ഓരോ സ്ഥാപനത്തിൽനിന്നും രണ്ട് അക്രഡിറ്റഡ് ജീവനക്കാർക്ക് മാത്രമേ അനുമതിയുള്ളൂ. ക്ഷേത്രപരിസരത്ത് ട്രൈപോഡും കേബിളും അനുവദിക്കില്ല. ആവശ്യമെങ്കിൽ പമ്പാ ഹിൽടോപ്പിൽ പാർക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കോടതി അനുമതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 11, 2026 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകരവിളക്ക്; തിരക്ക് നിയന്ത്രിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ കർശന നിർദേശം










