ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കൊണ്ട് സംസ്‌കൃതത്തിലെ ചരക ശപഥം (charak shapath) ചൊല്ലിപ്പിച്ചതിന് മധുരയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് (madurai medical college) ഡീനിനെ (dean) സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാന ധനമന്ത്രി പളനിവേല്‍ ത്യാഗ രാജനും വാണിജ്യ നികുതി വകുപ്പ് മന്ത്രി പി മൂര്‍ത്തിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഭാഷാ തര്‍ക്കത്തിനും കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കുമിടയിലാണ് ഇങ്ങനെയൊരു സംഭവം.
സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞയെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. ഭാവിയിലെ നിയമനത്തിനായി അദ്ദേഹത്തെ വെയ്റ്റിംഗ് ലിസ്റ്റില്‍ തന്നെ ഉള്‍പ്പെടുത്തുകയാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ദീര്‍ഘനാളായുള്ള നയങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചതിന് നടപടിയെടുക്കുമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍ പറഞ്ഞു. പരമ്പരാഗത ഹിപ്പോക്രാറ്റിക് പ്രതിജ്ഞ പിന്തുടരാന്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും ആശുപത്രികള്‍ക്കും കത്ത് അയച്ചിട്ടുണ്ട്. ഇതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.
നേരത്തെ, രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായുള്ള റെഗുലേറ്ററായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ മാറ്റി, നാഷണല്‍ മെഡിക്കല്‍ കമ്മീഷനെ നിയമിച്ചിരുന്നു. മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളെ ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞ ചൊല്ലിപ്പിക്കുന്നതിന് പകരം 'ചരക ശപഥം' ചൊല്ലിപ്പിക്കണമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞിരുന്നു.
ഒരു വിദ്യാര്‍ത്ഥി സംഘടനാ നേതാവാണ് ചരക പ്രതിജ്ഞയെടുക്കാനുള്ള തീരുമാനമെടുത്തതെന്നും, സംസ്‌കൃത പ്രതിജ്ഞ റോമന്‍ ലിപിയിലുള്ള എന്‍എംസി വെബ്സൈറ്റില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചതെന്നും ഡീന്‍ രതിനവേല്‍ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ന്യായവാദങ്ങൾ മേലുദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല.
എന്‍ഡിഎ സഖ്യകക്ഷിയായ പിഎംകെയും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇത് സംഭവിച്ചതിൽ അത്ഭുതം തോന്നുന്നുവെന്ന് പിഎംകെ നേതാവും മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായ അന്‍ബുമണി രാമദോസ് പറഞ്ഞു.
അതേസമയം, ഡീനിനെ നീക്കാനുള്ള തീരുമാനം രാഷ്ട്രീയ നീക്കമാണെന്ന് സംഭവത്തോട് പ്രതികരിച്ച ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് നാരായണന്‍ തിരുപ്പതി അവകാശപ്പെട്ടു. പ്രതിജ്ഞയെടുക്കാനുള്ള പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട മാര്‍ഗ്ഗമാണ് ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞ. അനാവശ്യമായ രാഷ്ട്രീയം ഒഴിവാക്കണമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
'' ഇത് ഓപ്ഷണല്‍ ആണെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് നിങ്ങള്‍ ഡീനെ സസ്പെന്‍ഡ് ചെയ്തത്? ഡിഎംകെ എക്കാലവും പാശ്ചാത്യവല്‍ക്കരിച്ച മോഡലിനെ സ്‌നേഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാചീന ചികിത്സാരീതികളെക്കുറിച്ചുള്ള ആയുര്‍വേദ ഗ്രന്ഥങ്ങളിലൊന്നായ ചരക സംഹിതയിലെ ഒരു ഭാഗമാണ് ചരക് ശപോഥ്. ഗ്രീക്ക് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നാണ് ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുടെ ഉത്ഭവം. 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റ്‌സ് ആണ് സത്യപ്രതിജ്ഞയ്ക്ക് രൂപം നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.