​ഗോമൂത്ര പരാമർശം പിൻവലിച്ച് ഡിഎംകെ എംപി സെന്തിൽ കുമാർ; മുൻപും വിവാദങ്ങളുടെ തോഴൻ

Last Updated:

സെന്തില്‍കുമാറിന്റെ വാക്കുകള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം ആവശ്യപ്പെട്ടു

സെന്തിൽ കുമാർ
സെന്തിൽ കുമാർ
'ഗോമൂത്ര ' പരാമര്‍ശം പിന്‍വലിച്ച് ഡി.എം.കെ. എം.പി. ഡി.എന്‍.വി. സെന്തില്‍കുമാര്‍. തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പിൻവലിക്കുന്നുവെന്നും സെന്തില്‍ കുമാർ‍ പറഞ്ഞു. ‌തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സെന്തില്‍കുമാറിന് താക്കീത് നല്‍കിയതിനു പിന്നാലെയാണ് നടപടി.
''ഞാൻ അശ്രദ്ധമായി നടത്തിയ പ്രസ്താവനയായിരുന്നു അത്. ഈ പ്രസ്താവന ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ, അത് പിൻവലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വാക്കുകൾ പാർലമെന്റ് രേഖകളിൽ നിന്നും നീക്കം ചെയ്യാനും അഭ്യർത്ഥിക്കുന്നു. പറഞ്ഞതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു'', സെന്തിൽ കുമാർ ലോക്സഭയിൽ പറഞ്ഞു.
പ്രസ്താവന വിവാദമായതിനു പിന്നാലെ സെന്തില്‍കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു. അനുചിതമായ രീതിയിൽ ആ വാക്ക് ഉപയോഗിച്ചുവെന്നും അതില്‍ തനിക്ക് ദുരുദ്ദേശം ഒന്നും തന്നെ ഇല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമായിരുന്നു സെന്തില്‍ കുമാറിന്റെ വിവാദ പരാമർശം. പിന്നാലെ സെന്തില്‍ കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി ബിജെപി നേതാക്കൾ രംഗത്തുവന്നു. കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ സെന്തിൽ കുമാർ വ്രണപ്പെടുത്തിയെന്ന് മുതിർന്ന ബിജെപി നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി പറഞ്ഞു. ''ഇത് വെറും മൂത്രമല്ല. ആളുകൾ ഈ മൃഗത്തെ വിശുദ്ധമായാണ് കണക്കാക്കുന്നത്. ഈ മൂത്രത്തിന് ഔഷധഗുണങ്ങളുണ്ട്'', അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സെന്തില്‍കുമാറിന്റെ പരാമര്‍ശം തള്ളി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സെന്തില്‍കുമാറിന്റെ വാക്കുകള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം എക്സിൽ കുറിച്ചത്. ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ പാടില്ലാത്തതാണ് എന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പ്രതികരിച്ചു.
മുൻപും വിവാദങ്ങളുടെ തോഴൻ
ഇതാദ്യമായല്ല സെന്തിൽ കുമാർ ഇത്തരം വിവാദ പ്രസ്താവനകൾ നടത്തി വെട്ടിലാകുന്നത്. മുൻപ് പാർവതീ ദേവിയെയും ശിവനെയും സംബന്ധിച്ച് അദ്ദേഹം തന്നെ നടത്തിയ വിവാദപ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ''നോർത്തിലേക്കു പോയാൽ ​ഗണേശനാണ് ശിവന്റെയും പാർവതിയുടെയും അവസാനത്തെ മകൻ, എന്നാൽ സൗത്തിലേക്കു വരുമ്പോൾ, അതിനു ശേഷം അവർക്ക് മുരുകൻ എന്ന മറ്റൊരു മകൻ കൂടിയുണ്ട്. ശരിക്കും അവർക്ക് ഫാമിലി പ്ലാനിങ്ങ് ഇല്ലായിരുന്നോ? '' എന്നായിരുന്നു ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സെന്തിൽ കുമാറിന്റെ വിവാദ പരാമർശം. സംഭവം വിവാദമായതിനു പിന്നാലെ, ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശമെന്ന വിശദീകരണവുമായി അദ്ദേഹം രം​ഗത്തെത്തി.
advertisement
സർക്കാർ കെട്ടിടങ്ങളിൽ ഹിന്ദു ആചാരമായ ഭൂമി പൂജ നടത്തുന്നതിനെയും സെന്തിൽ കുമാർ മുൻപ് ചോദ്യം ചെയ്തിരുന്നു. സ്വന്തം ജില്ലയായ ധർമപുരിയിൽ റോഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു പരാമർശം. സർക്കാർ ചടങ്ങുകളിൽ ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രാർത്ഥന ഉൾപ്പെടുത്തരുത് എന്ന കാര്യം അറിയാമോ എന്ന് അദ്ദേഹം ഒരു ഉദ്യോഗസ്ഥനോട് ചോദിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
​ഗോമൂത്ര പരാമർശം പിൻവലിച്ച് ഡിഎംകെ എംപി സെന്തിൽ കുമാർ; മുൻപും വിവാദങ്ങളുടെ തോഴൻ
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement