ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ; പുതിയ പേര് 'കമലം'
- Published by:Asha Sulfiker
- news18-malayalam
Last Updated:
കമലം എന്നത് ഒരു സംസ്കൃത പദമാണ്. അതുപോലെ തന്നെ ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിന് കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്
അഹമ്മദാബാദ്: ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് മാറ്റി പുതിയ പേരിട്ട് ഗുജറാത്ത് സർക്കാർ. താമരയുടെ ആകൃതിയെ സൂചിപ്പിക്കുന്ന ഫലം ഇനി മുതൽ 'കമലം' എന്ന പേരിലാകും അറിയപ്പെടുക എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചത്. പേര് മാറ്റത്തിന് പിന്നാൽ രാഷ്ട്രീയമൊന്നും ഇല്ലെന്നും സർക്കാർവൃത്തങ്ങൾ പ്രത്യേകം അറിയിച്ചിട്ടുണ്ട്.
ഡ്രാഗൺ ഫ്രൂട്ടിന്‍റെ നാമം 'കമലം' എന്നു മാറ്റുന്നതിനായി പേറ്റന്‍റിന് അപേക്ഷിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രകാരം ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് ആ ഫലത്തിന് നിലവിൽ അനുചിതമാണ് അതുകൊണ്ടാണ് കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്.
'ചീഫ് മിനിസ്റ്റർ ഹോർട്ടികൾച്ചർ ഡെവലപ്മെന്‍റ് മിഷനു'മായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം രൂപാണി മാധ്യമങ്ങളുമായി സംവദിച്ചത്. 'ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് 'കമലം' എന്ന് മാറ്റുന്നതിനായി പേറ്റന്‍റിന് അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷെ നിലവിൽ ഗുജറാത്ത് സര്‍ക്കാര്‍ ആ ഫലത്തെ 'കമലം' എന്ന് തന്നെ വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്' അദ്ദേഹം വ്യക്തമാക്കി.
advertisement
'ഡ്രാഗൺ ഫ്രൂട്ട് എന്നാണറിയപ്പെടുന്നതെങ്കിലും ആ പേര് ഒട്ടും ഉചിതമായി തോന്നുന്നില്ല. കമലം എന്നത് ഒരു സംസ്കൃത പദമാണ്. അതുപോലെ തന്നെ ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ല' രൂപാണി വ്യക്തമാക്കി.
പേര് മാറ്റവും ബിജെപിയുടെ ചിഹ്നമാണ് താമര എന്ന കാര്യവും ബന്ധപ്പെടുത്തി വിവാദം ഉയർത്തിയേക്കാമെന്ന സാഹചര്യത്തിലാണ് തീരുമാനത്തിൽ രാഷ്ട്രീയം ഇല്ലെന്ന് മുഖ്യമന്ത്രി പ്രത്യേകം പരാമർശിച്ചത്. അതേസമയം സംസ്ഥാനത്ത് ഗാന്ധിനഗറിലെ ബിജെപി ആസ്ഥാന മന്ദിരത്തിന്‍റെ പേര് 'ശ്രീ കമലം' എന്നാണെന്നതും ശ്രദ്ധേയമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 20, 2021 8:38 AM IST