• HOME
  • »
  • NEWS
  • »
  • india
  • »
  • AAP Rajya Sabha Candidates | മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് മുതൽ ഐഐടി പ്രൊഫസർ വരെ; പഞ്ചാബിൽ എഎപിയുടെ രാജ്യസഭാ സ്ഥാനാർത്ഥികൾ

AAP Rajya Sabha Candidates | മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് മുതൽ ഐഐടി പ്രൊഫസർ വരെ; പഞ്ചാബിൽ എഎപിയുടെ രാജ്യസഭാ സ്ഥാനാർത്ഥികൾ

പഞ്ചാബ് നിയമസഭയിൽ 117ൽ 92 സീറ്റുമായി എഎപിക്ക് ഭൂരിപക്ഷമുള്ളതിനാൽ എഎപി നാമം നിർദ്ദേശം ചെയ്യുന്നവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.

(ഇടത്ത് നിന്നും) അശോക് മിത്തൽ, ഹർഭജൻ സിങ്, രാഘവ് ഛദ്ദ, സന്ദീപ് പഥക്, സഞ്ജീവ് അറോറ (News18)

(ഇടത്ത് നിന്നും) അശോക് മിത്തൽ, ഹർഭജൻ സിങ്, രാഘവ് ഛദ്ദ, സന്ദീപ് പഥക്, സഞ്ജീവ് അറോറ (News18)

  • Share this:
    പഞ്ചാബിൽ (Punjab) നിന്നുള്ള രാജ്യസഭാ (Rajya Sabha) സീറ്റുകളിലേക്ക് ആം ആദ്മി പാർട്ടി (AAP) അഞ്ച് സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് (Harbhajan Singh), ഡൽഹി എംഎൽഎ രാഘവ് ഛദ്ദ, ​ഐഐടി പ്രൊഫസർ സന്ദീപ് പഥക്, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയുടെ ഉടമ അശോക് മിത്തൽ, വ്യവസായിയായ സഞ്ജീവ് അറോറ എന്നിവരാണ് എഎപിയുടെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.

    നിലവിലെ എംപിമാരായ പ്രതാപ് സിംഗ് ബജ്‌വ, ഷംഷേർ സിംഗ് ഡുള്ളോ (കോൺഗ്രസ്), സുഖ്‌ദേവ് സിംഗ് ദിൻഡ്‌സ, നരേഷ് ഗുജ്‌റാൾ (ശിരോമണി അകാലിദൾ), ഷ്വൈത് മാലിക് (ഭാരതീയ ജനതാ പാർട്ടി) എന്നിവരുടെ കാലാവധി ഏപ്രിൽ 9ന് അവസാനിക്കും. ഒഴിവ് വരുന്ന ഈ അഞ്ച് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. പഞ്ചാബ് നിയമസഭയിൽ 117ൽ 92 സീറ്റുമായി എഎപിക്ക് ഭൂരിപക്ഷമുള്ളതിനാൽ എഎപി നാമം നിർദ്ദേശം ചെയ്യുന്നവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. ആറ് വർഷമാണ് രാജ്യസഭാംഗങ്ങളുടെ കാലാവധി.

    ആം ആദ്മി പാർട്ടിയുടെ അഞ്ച് രാജ്യസഭാ സ്ഥാർനാർത്ഥികൾ

    ഹർഭജൻ സിങ്

    ജലന്ധറിൽ വേരുകളുള്ള 41 കാരനായ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ആണ് ആം ആദ്മി പാർട്ടിയുടെ തുറുപ്പ്ചീട്ട്. സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി നിർമ്മിക്കുന്നത് ഉൾപ്പെടെ പഞ്ചാബിലെ കായിക മേഖലയുടെ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും യുവാക്കളുമായി പാർട്ടിയുടെ ബന്ധം ഉറപ്പിക്കുന്നതിനും അദ്ദേഹം സഹായിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ജാട്ട് സിഖുകാരനായ ഹർഭജൻ 1998ലാണ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം നേടിയ 32 വിക്കറ്റുകൾ എന്നും ഓർമ്മിക്കപ്പെടുന്നതാണ്. സ്പിൻ ബൗളിങിന് പേരുകേട്ട ഹർഭജൻ ടെസ്റ്റ്, ഏകദിനം, ടി20, ഐപിഎൽ തുടങ്ങി എല്ലാത്തരം മത്സങ്ങളിലും കളിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി ഹർഭജന് നല്ല ബന്ധമാണ് ഉള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായിരുന്ന ഹർഭജൻ സിങ് 2012-13 രഞ്ജി ട്രോഫി സീസണിൽ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു. 2011ലെ ചാമ്പ്യൻസ് ലീഗ് ടി20യിൽ മുംബൈ ജേതാക്കളായത് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ആണ്. അർജുന അവാർഡും പത്മശ്രീ പുരസ്കാരവും നേടിയിട്ടുള്ള ഹർഭജൻ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി സ്‌മൈൽ ട്രെയിൻ ഫൗണ്ടേഷൻ, തേരാ തേരാ ഫൗണ്ടേഷൻ എന്നീ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

    രാഘവ് ഛദ്ദ

    പഞ്ചാബിലെ ആംആദ്മി പാർട്ടിയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നത് രാജേന്ദ്ര നഗറിൽ നിന്നുള്ള 33 കാരനായ ഈ ഡൽഹി എംഎൽഎ ആണ്. 2020ൽ ചുമതല ഏറ്റെടുത്ത രാഘവ് ഛദ്ദ ആം ആദ്മി പാർട്ടിയുടെ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിച്ച് പഞ്ചാബിൽ തന്നെ തുടരുകയാണ്. പാർട്ടിയുടെ നിലപാട് കൃത്യമായി വ്യക്തമാക്കുന്നതിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ എതിരിടുന്നതിലും ഡൽഹി ജൽ ബോർഡ് വൈസ് ചെയർമാനായിരുന്ന ഛദ്ദയുടെ പങ്ക് വളരെ നിർണായകമായിരുന്നു.

    പാർട്ടിയുടെ അഭൂതപൂർവമായ വിജയത്തിന് ശേഷം ഛദ്ദ പഞ്ചാബിൽ ഒരു സുപ്രധാന ചുമതല വഹിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ് ഛദ്ദ. ഡൽഹിയും പഞ്ചാബും തമ്മിൽ ബന്ധിപ്പിക്കുന്ന ഛദ്ദ പഞ്ചാബിലെ സംഭവവികാസങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    ഛദ്ദ ഒരു പഞ്ചാബി ഹിന്ദുവാണെന്നതാണ് മറ്റൊരു അനുകൂല ഘടകം. 33 വയസ്സുള്ള ഛദ്ദ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ രാജ്യസഭാ എംപി ആയിരിക്കും. അദ്ദേഹത്തിന് മുമ്പ്, ഒഡീഷയിൽ നിന്നുള്ള അന്തരിച്ച നന്ദിനി സത്പതിയും അനുഭവ് മൊഹന്തിയും യഥാക്രമം 31 വയസ്സിലും 32 വയസ്സിലും ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുപ്പത്തഞ്ചാം വയസ്സിലാണ് ബോക്‌സിങ് താരം മേരി കോം എംപിയായത്. സിപിഎമ്മിന്റെ ഋതബ്രത ബാനർജി 34 വയസ്സിലാണ് എംപി ആയത്. കെജ്‌രിവാളിന്റെ വിശ്വസ്തനായ പോരാളിയും സഹായിയുമായ ഛദ്ദ പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ വക്താവായിരുന്നു. ഡൽഹി ജൽ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിൽ ഛദ്ദ നിർണായകമായ നിരവധി പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദം നേടിയ ഛദ്ദ 2012ൽ ആണ് കെജ്‌രിവാളിനെ കാണുന്നത്. തന്റെ ആദ്യ ദൗത്യമായി ഡൽഹി ലോക്‌പാൽ ബില്ലിന്റെ കരട് തയ്യാറാക്കുന്നതിൽ ഏർപ്പെടാൻ കെജ്രിവാൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 2020ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ രജീന്ദർ നഗറിൽ നിന്നുള്ള പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച ഛദ്ദ ശക്തമായ വിജയം നേടി. ഡൽഹി നിയമസഭയുടെ സമാധാന-സൗഹാർദ സമിതിയുടെ ചെയർപേഴ്‌സണായി നിയമിച്ചതും ഛദ്ദയെ ആണ്.

    'ചാണക്യ' സന്ദീപ് പഥക്

    വർഷങ്ങളായി തിരശ്ശീലയ്ക്ക് പിന്നിൽ നിന്നു നിശബ്ദനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഡൽഹി ഐഐടിയിലെ ഈ അസോസിയേറ്റ് പ്രൊഫസർ എഎപിയ്ക്ക് പഞ്ചാബിൽ വലിയ വിജയം നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തികളിൽ ഒരാൾ കൂടിയാണ്. വിരോധാഭാസമെന്നു പറയട്ടെ, ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് പഥക് എങ്കിലും ജനശ്രദ്ധ നേടാൻ താൽപര്യമില്ലാത്തിനാൽ അണിയറയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വളരെ കുറച്ച് മാത്രമാണ് എഴുതപ്പെട്ടിട്ടുള്ളത്.

    അതേസമയം, മാർച്ച് 20 ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ അഭിസംബോധന ചെയ്യവെ കെജ്‌രിവാൾ പഥക്കിന്റെ പങ്ക് നിസ്തുലമാണെന്ന് പറയുകയുണ്ടായി. അണിയറയിലെ പ്രവർത്തനത്തിലൂടെ സംഘടനയെ തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പിക്കുന്നതിലും മികച്ച പ്രചാരണത്തിന് രൂപം നൽകിയതിലും പഥകിനെ അഭിനന്ദിക്കുന്നതായി കെജ്രിവാൾ പറഞ്ഞു. പഞ്ചാബിന് വേണ്ടിയുള്ള തന്ത്രങ്ങൾ മെനയുന്നതിൽ സഹായിക്കുക മാത്രമല്ല സംഘടന കെട്ടിപ്പടുക്കുന്നതിനും കെജ്‌രിവാളും പഞ്ചാബിലെ പ്രധാന നേതാക്കളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. കെജ്‌രിവാളിന്റെയും മന്നിന്റെയും വിശ്വാസം ഒരു പോലെ നേടിയെടുക്കാൻ പഥക്കിന് കഴിഞ്ഞിട്ടുണ്ട്.

    ആം ആദ്മി പാർട്ടിയുടെ 2020ലെ ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണത്തിലും പഥക് നിർണായക പങ്ക് വഹിച്ചു. അദ്ദേഹം രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനൊപ്പം പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പിൽ പോരാടാനും വിജയിക്കാനും പര്യാപ്തമായ ചില ശേഷികളും വൈദഗ്ദ്ധ്യവും നേടിയെടുക്കുകയും ചെയ്തു. പഥക്കിന്റെ പങ്ക് വളരെ നിർണായകമായതിനാൽ അദ്ദേഹം രാജ്യസഭാ സീറ്റിന് അർഹനാണെന്ന് പാർട്ടിക്കുള്ളിലെ വൃത്തങ്ങൾ ഏകകണ്ഠമായാണ് അഭിപ്രായപ്പെടുന്നത്. അണിയറയിൽ നിന്ന് രാജ്യസഭയിലെ പാർട്ടിയുടെ ശബ്ദമായി മാറുമ്പോൾ എല്ലാ കണ്ണുകളും പഥക്കിലേക്ക് തിരിയുന്നു. 2011-ൽ പ്രശസ്തമായ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ പഥക്ക് ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശിയാണ്. ഐഐടി-ഡൽഹിയിലെ അസോസിയേറ്റ് പ്രൊഫസർ പദവിയിൽ നിന്ന് ഇതിനകം രാജിവെച്ച അദ്ദേഹം ഗുജറാത്തിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

    അശോക് മിത്തൽ

    ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയുടെ ചാൻസലറും ഉടമയുമാണ് അശോക് മിത്തൽ. 2001ൽ ഫഗ്വാരയിൽ തുടങ്ങിയ ഈ സ്ഥാപനത്തിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ ആകർഷിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സർവ്വകലാശാലകളിൽ ഒന്നായി മാറാൻ കഴിഞ്ഞു. നിയമ ബിരുദധാരിയായ മിത്തൽ, പഞ്ചാബിൽ വിജയകരമായ ഒരു ബിസിനസ്സ് സാമ്രാജ്യത്തിന് അടിത്തറയിട്ട അന്തരിച്ച ബൽദേവ് രാജ് മിത്തലിന്റെ മകനാണ്.

    1961ൽ ജലന്ധറിലെ ഒരു മധുരപലഹാരക്കടയിൽ നിന്ന് തുടങ്ങിയ ഈ കുടുംബത്തിന്റെ വിജയഗാഥ ശ്രദ്ധേയമാണ്. ഓട്ടോ ഡീലർഷിപ്പ് മുതൽ വിദ്യാഭ്യാസ രം​ഗം വരെയുള്ള മേഖലകളിലേക്ക് ഈ ബിസിനസ്സ് വികസിച്ചിരിക്കുന്നു. എഎപിയെ സംബന്ധിച്ചിടത്തോളം, വിദ്യാഭ്യാസം അതിന്റെ രാഷ്ട്രീയ അജണ്ടയുടെ കാതലാണ്. അത് ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന അനുരണനങ്ങൾ വളരെ വലുതാണ്. മികച്ച വിദ്യാഭ്യാസം എല്ലാവർക്കും, പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് പ്രാപ്യമാക്കുക എന്ന ഡോ. ബാബാസാഹേബ് അംബേദ്കറുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനെക്കുറിച്ച് കെജ്‌രിവാൾ ആവർത്തിച്ച് പറയാറുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ മിത്തൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.

    സഞ്ജീവ് അറോറ

    എഎപിയുടെ അഞ്ചാമത്തെ രാജ്യസഭാ സ്ഥാനാർത്ഥി വ്യവസായിയായ സഞ്ജീവ് അറോറയാണ്. ലുധിയാനയിലെ വ്യവസായിയായ അറോറ ‘കൃഷ്ണ പ്രാൺ ബ്രെസ്റ്റ് കാൻസർ ചാരിറ്റബിൾ ട്രസ്റ്റ്’ വഴി 15 വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു. ക്യാൻസർ ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ടതിന് ശേഷമാണ് അറോറ സ്തനാർബുദ ട്രസ്റ്റ് ആരംഭിച്ചത്. 15 വർഷത്തിലേറെയായി പഞ്ചാബിലെ ജനങ്ങളെ സേവിക്കുന്ന ട്രസ്റ്റ് ഇതിനകം 160 ലധികം കാൻസർ രോഗികൾക്ക് സൗജന്യമായി ചികിത്സ നൽകിയിട്ടുണ്ട്.

    ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഭരണ സമിതിയിലും അറോറ അംഗമാണ്. കൂടാതെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ ഉന്നത ഉപദേശക സമിതിയിലും അംഗവുമാണ്. ലുധിയാനയിലെ സത്‌ലജ് ക്ലബ്ബിന്റെ സെക്രട്ടറി കൂടിയാണ് അറോറ. ലുധിയാന ജില്ലാ ഭരണകൂടത്തിന് ആംബുലൻസുകളും പിപിഇ കിറ്റുകളും മറ്റ് അവശ്യവസ്തുക്കളും സംഭാവന ചെയ്യുകയും മറ്റ് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്ന പഞ്ചാബിലെ പ്രധാന സ്ഥാപനമാണിത്.
    Published by:Naveen
    First published: