Exclusive | കാനഡയിലെ 'പ്രശ്നക്കാരുടെ' ഒസിഐ കാർഡ് ഇന്ത്യ റദ്ദാക്കിയേക്കും
Last Updated:
കേസുകളുടെ അടിസ്ഥാനത്തിൽ ചില വ്യക്തികൾക്കെതിരെ സർക്കാർ നടപടി ആരംഭിച്ചേക്കുമെന്നും റിപ്പോർട്ട്
ഇന്ത്യ-കാനഡ തർക്കം തുടരുന്നതിനിടെ കാനഡക്കെതിരെ കൂടുതൽ ശക്തമായ നടപടികളുമായി ഇന്ത്യ. ‘പ്രശ്നക്കാരുടെ’ (troublemakers) ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (Overseas Citizen of India (OCI)) കാർഡ് കേന്ദ്രം റക്കിയേക്കുമെന്ന് ചില സർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. കേസുകളുടെ അടിസ്ഥാനത്തിൽ ചില വ്യക്തികൾക്കെതിരെ സർക്കാർ നടപടി ആരംഭിച്ചേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഖലിസ്ഥാന്‍ പതാക ഉയർത്തുന്നതും അതേസമയം തന്നെ ഇന്ത്യയിലെ കാർഷിക ഭൂമിയിൽ നിന്ന് സ്വത്ത് സമ്പാദിക്കുന്നതും ഒരുമിച്ചു കൊണ്ടുപോകാനാകില്ല എന്ന ഉറച്ച നിലപാടിലാണ് കേന്ദ്രമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്തെ ഇന്ത്യൻ നയതന്ത്ര ഓഫീസുകൾക്കു നേരെ നടന്ന അക്രമങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
അടുത്തിടെ, സ്റ്റുഡന്റ് വിസയിൽ വിദേശത്ത് പോയ ചില വിദ്യാർഥികൾ, ഇന്ത്യൻ നയതന്ത്ര ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധിച്ചതിൽ സർക്കാർ നിരാശരാണെന്നും ചില മുതിർന്ന ഉദ്യോഗസ്ഥർ ന്യൂസ് 18 നോട് പറഞ്ഞു. സ്വന്തം രാജ്യത്തോടുള്ള വിശ്വസ്തതയും ഉത്തരവാദിത്തവും ഖാലിസ്ഥാനി ഗ്രൂപ്പുകൾക്ക് മുൻപിൽ അടിയറവ് വെയ്ക്കാനാകില്ലെന്ന വ്യക്തമായ സന്ദേശം നൽകാൻ കേന്ദ്രം ആഗ്രഹിക്കുന്നതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
advertisement
കാനഡയുടെ നാൽപതോളം നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും രണ്ടാഴ്ചയോളമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കാനഡയിലെ ഈ ഉദ്യോഗസ്ഥരിൽ നിന്നും വലിയ നയതന്ത്ര ആവശ്യകതകളോ സഹായങ്ങളോ ഇന്ത്യക്കു ലഭിക്കുന്നില്ല എന്നു കൂടിയാണ് ഇത് അർത്ഥമാക്കുന്നത് എന്നും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കാനഡയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവരുടെ വിസ താൽകാലികമായി നിർത്തിവെച്ചതിന് പിന്നാലെ, രാജ്യത്തെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ കാനഡയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
advertisement
മുൻവിധിയോടെയാണ് ഇന്ത്യയ്‌ക്കെതിരെ കാനഡ ആരോപണങ്ങൾ ഉന്നയിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ”നിജ്ജർ കേസ് സംബന്ധിച്ച്, പ്രത്യേക വിവരങ്ങളൊന്നും കാനഡ ഇന്ത്യയുമായി പങ്കിട്ടിട്ടില്ല. അവർ പറയുന്ന വിവരങ്ങൾ പരിശോധിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഞങ്ങൾ ചില വ്യക്തികളുടെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ചിരുന്നുവെങ്കിലും കാനഡ അതിൽ നടപടിയെടുത്തിട്ടില്ല”, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ന്യൂ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽ ആവശ്യത്തിലധികം കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുണ്ടെന്നും കാനഡയിൽ അത്രത്തോളം ഇന്ത്യൻ ഉദ്യോഗസ്ഥരില്ലെന്നും അരിന്ദം ബാഗ്ചി ചൂണ്ടിക്കാണിച്ചിരുന്നു. നിലവിൽ ഇന്ത്യയിൽ കാനഡയുടെ 62 നയതന്ത്ര ഉദ്യോഗസ്ഥരുണ്ട്. കാനഡയിൽ നിന്നുള്ള എല്ലാത്തരം വിസകളും സസ്പെൻഡ് ചെയ്തതായും അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. കനേഡിയൻ സർക്കാർ അക്രമികളെ പിന്തുണക്കുന്നതും സർക്കാരിന്റെ നിഷ്‌ക്രിയത്വവും ആണ് അദ്ദേഹം ഇതിനു കാരണമായി ചൂണ്ടിക്കാണിച്ചത്.
advertisement
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 04, 2023 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive | കാനഡയിലെ 'പ്രശ്നക്കാരുടെ' ഒസിഐ കാർഡ് ഇന്ത്യ റദ്ദാക്കിയേക്കും