ഇടതു മാറി വലതുവെച്ച ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻമാർ; ഡി.പി ത്രിപാഠി മുതൽ കനയ്യ കുമാർ വരെ
- Published by:Anuraj GR
- news18-malayalam
Last Updated:
പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിംഗിനെ തടഞ്ഞ ഐസ മുൻ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷനുമായിരുന്ന സന്ദീപ് സിംഗ് ഇപ്പോൾ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആണ്
സിപിഐ നേതാവും ദേശീയ കൗൺസിൽ അംഗവുമായ കനയ്യ കുമാർ പാർട്ടി വിടാൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്ക് കുറച്ചു മാസങ്ങളുടെ പഴക്കമുണ്ട്. കനയ്യ ജെഡിയുവിൽ ചേരുന്നു എന്നാണ് ആദ്യം കേട്ട വാർത്ത. ജെഡിയു നേതാവും മന്ത്രിയുമായ അശോക് ചൗധരിയുമായി കഴിഞ്ഞ ഫെബ്രുവരിയിൽ പട്നയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്തോടെയായിരുന്നു തുടക്കം. പട്നയിലെ പാർട്ടി ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷനോട് അപമാര്യാദയായി പെരുമാറിയതിന് കനയ്യയെ പാർട്ടി ദേശീയ കൗൺസിൽ താക്കീത് ചെയ്തതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത് എന്നതിനാൽ അത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. വാർത്ത സിപിഐ നേതൃത്വം തള്ളകളയുകയും കനയ്യ സിപിഐയിൽ തന്നെ തുടരുകയും ചെയ്തു. ഈ മാസം പകുതിയോടെ കനയ്യയുടെ കൂടുമാറ്റം വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി. കനയ്യ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചയാണ് പുതിയ ചർച്ചക്ക് തുടക്കമിട്ടത്. ഏതായാലും കനയ്യ കുമാർ കോൺഗ്രസ് ആസ്ഥാനത്തെത്തി പാർട്ടിയിൽ ചേർന്നതോടെ ആ അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമമായിരിക്കുകയാണ്.
ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, പ്രിയങ്ക ചതുർവേദി, സുഷ്മിത ദേവ് കോൺഗ്രസ് വിട്ട് മറുകണ്ടം ചാടിയ യുവനേതാക്കൾ നിരവധി. നേതാക്കൾ ഒന്നൊന്നായി പാർട്ടി വിടുന്നതിനിടെയാണ് കലയ്ക്കും രാഷ്ട്രീയത്തിനും സാഹിത്യത്തിനുമെല്ലാം വളക്കൂറുള്ള മണ്ണായ ജെഎൻയു ക്യാമ്പസിനെ ആസാദി മുഴക്കി ഇളക്കി മറിച്ച, സർവകലാശാലയുടെ ചരിത്രത്തിൽ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ എഐഎസ്എഫ് നേതാവായ കനയ്യയുടെ കോൺഗ്രസ് പ്രവേശനം. മോദി സർക്കാരിനെതിരെ രാജ്യത്ത് ഉയരുന്ന യുവജന പ്രതിഷേധങ്ങളിൽ മുൻ നിരയിൽ ഉള്ള നേതാക്കളിൽ ഒരാളാണ് കനയ്യ എന്നതിനാൽ കൊഴിഞ്ഞുപോക്കിനിടയിൽ അത് കോൺഗ്രസിന് നൽകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ ഇടത് രാഷ്ട്രീയം ഉയർത്തിപിടിച്ച് പിന്നീട് വഴിമാറി സഞ്ചരിച്ച ജെഎൻയുവിലെ ആദ്യ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് അല്ല കനയ്യ. അതിന് ഉദാഹരണങ്ങൾ നിരവധി. ആ നേതാക്കൾ ആരൊക്കെയെന്ന് പരിശോധിക്കാം.
advertisement
ഡി. പി ത്രിപാഠി
1975 ജൂൺ 25 ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ആയിരുന്നു ദേവി പ്രസാദ് ത്രിപാഠി എന്ന ഡി പി ത്രിപാഠി. അടിയന്തരാവസ്ഥയ്ക്ക് എതിരെ വിദ്യാർത്ഥി സമരം നയിച്ച എസ്എഫ്ഐ നേതാവ്. കിരാത നിയമമായ മിസ ചുമത്തപ്പെട്ട് ത്രിപാഠിക്ക് തിഹാർ ജയിലിൽ കഴിയേണ്ടി വന്നത് ഏതാണ്ട് രണ്ടു വർഷക്കാലം. അടിയന്തരാവസ്ഥക്കെതിരായ ചെറുത്തു നിൽപ്പിന്റെ പ്രതീകങ്ങളിൽ ഒന്നായിരുന്ന ആ തീപ്പൊരി ജെഎൻയു വിട്ടിറങ്ങിയ ശേഷം എത്തിയത് ഇന്ദിരയുടെ കോൺഗ്രസിലേക്ക്. 1983 ൽ കോൺഗ്രസിൽ ചേർന്ന ത്രിപാഠി രാജീവ് ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായി. സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് ശരദ് പവാർ 1999 ൽ എൻസിപി രൂപീകരിച്ചപ്പോൾ ത്രിപാഠിയും പാർട്ടി വിട്ടിറങ്ങി. എൻസിപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും പാർലമെന്റ് അംഗവുമായി .
advertisement
ഷക്കീൽ അഹമ്മദ് ഖാൻ
ഷക്കീൽ അഹമ്മദ് ഖാനും ഒരു ജെഎൻയു ഉൽപ്പന്നമാണ്. എസ്എഫ്ഐയിലൂടെ വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിൽ സജീവമായി ജെഎൻയു സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ആയി (1992-1993).ബാബറി മസ്ജിദ് തകർത്തപ്പോഴും റാവു സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്ക് എതിരെയും വിദ്യാർത്ഥികളെ നയിച്ച നേതാവ്. ക്യാമ്പസ് വിട്ടിറങ്ങിയ ഷക്കീൽ അഹമ്മദ് ഖാൻ 1999 ൽ കോൺഗ്രസിൽ ചേർന്നു. പ്രവർത്തനകേന്ദ്രം ജന്മനാടായ ബിഹാറിലേക്ക് മാറ്റി. ഇപ്പോൾ കഠിഹാർ ജില്ലയിലെ കട്വാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ. കോൺഗ്രസ് ദേശീയ സെക്രട്ടറി.
advertisement
സെയ്ദ് നാസർ ഹുസൈൻ
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ. 1999-2000 കാലയളവിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്. എസ്എഫ്ഐ വിട്ട് നാസർ ഹുസൈൻ പിന്നീട് യൂത്ത് കോൺഗ്രസായി. സംഘടനയുടെ ദേശീയ സെക്രട്ടറിയായി.2018 മുതൽ രാജ്യസഭാംഗം.ഉപരിസഭയിലെ പാർട്ടി വിപ്പാണ് കർണാടകത്തിൽ നിന്നുള്ള ഈ നേതാവ്.
advertisement
സന്ദീപ് സിംഗ്
2005 നവംബറിൽ ജെഎൻയു സർവകലാശാലയിൽ എത്തിയ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിനെ കരിങ്കൊടിയോടെയാണ് വിദ്യാർഥികൾ വരവേറ്റത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെയായിരുന്നു വിദ്യാർത്ഥി പ്രതിഷേധം. അതിനു നേതൃത്വം നൽകിയ നേതാവ് ആയിരുന്നു സന്ദീപ് സിംഗ്. സിപിഐഎംഎല്ലിന്റെ വിദ്യാർത്ഥി വിഭാഗമായ ഐസയുടെ നേതാവ്. 2007 ൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ആയ തെരെഞ്ഞെടുക്കപ്പെട്ടു ആ തീപ്പൊരി. മുകളിൽ പല നേതാക്കളുടെയും കാര്യം സൂചിപ്പിച്ചതുപോലെ സന്ദീപ് ഇന്ന് കോൺഗ്രസിനൊപ്പമാണ്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ്. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങളും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും തയ്യാറാക്കുന്നത് സന്ദീപ് സിംഗ് ആണ്.
advertisement
മോഹിത് പാണ്ഡേ
ജെഎൻയുവിൽ കനയ്യ കുമാറിന്റെ പിൻഗാമി. 2016-17 കാലയളവിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്. വിദ്യാർത്ഥി കാലഘട്ടത്തിൽ ഐസ നേതാവായിരുന്നു. ഇപ്പോൾ കോൺഗ്രസിൽ. പ്രിയങ്ക ഗാന്ധിയുടെ സംഘത്തിലെ അംഗം. യു പി കോൺഗ്രസിന്റെ സോഷ്യൽ മീഡിയ തലവൻ. ബി എൽ ബൈർവ അടക്കം ഇടത് രാഷ്ട്രീയത്തിലൂടെ തുടങ്ങി വഴി മാറി സഞ്ചരിച്ച നേതാക്കളുടെ പട്ടിക ഇനിയും ഏറെ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2021 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇടതു മാറി വലതുവെച്ച ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻമാർ; ഡി.പി ത്രിപാഠി മുതൽ കനയ്യ കുമാർ വരെ